ബുധനാഴ്ച രാത്രിയോടെയാണ് 22കാരിയെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുന്നത്. വിദേശത്ത് പോകാനുള്ള മെഡിക്കല്‍ ടെസ്റ്റിന്റെ ആവശ്യത്തിനായാണ് കോഴിക്കോട് സ്വദേശികളായ യുവതികള്‍ കൊച്ചിയില്‍ എത്തിയത് എന്നാണ് പൊലീസ് പറയുന്നത്. ജൂണ്‍ 27ന് രാവിലെ നഗരത്തിലെത്തിയ യുവതികള്‍ ഫോര്‍ട്ട് കൊച്ചിയും മറ്റ് വിനോദസഞ്ചാര കേന്ദ്രങ്ങളും സന്ദര്‍ശിച്ചു. തുടര്‍ന്ന് ചളിക്കവട്ടത്തെ ലോഡ്ജില്‍ ഇവര്‍ മുറിയെടുക്കുകയായിരുന്നു.
വൈകിട്ട് ഹഷീം എന്ന ആളും മറ്റ് മൂന്നു പേരും യുവതിയുടെ മുറിയിലെത്തി. ഹഷീമാണ് തങ്ങളെക്കൊണ്ട് നിര്‍ബന്ധിപ്പിച്ച് വെള്ളപ്പൊടി വലിപ്പിച്ചത് എന്നാണ് മുഷീദ പറയുന്നത്. 28ാം തിയതിയും യുവതിക്ക് ബോധം വീണ്ടെടുക്കാനായിരുന്നില്ല. എങ്കിലും കോഴിക്കോട്ടേക്ക് തിരിച്ചുപോകാന്‍ ഇവര്‍ തീരുമാനിച്ചു. എന്നാല്‍ അവസ്ഥ മോശമായതോടെ എറണാകുളം ജംഗ്ഷന് റെയില്‍വേ സ്റ്റേഷന് അടുത്തുള്ള ലോഡ്ജിലേക്ക് മാറി. യുവതിക്ക് എഴുന്നേറ്റ് നടക്കാനാവാത്ത അവസ്ഥയായിരുന്നു. അവസ്ഥ വീണ്ടും മോശമായതോടെ കലൂരിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു.
മയക്കുമരുന്നിന്റെ അമിതമായ ഉപയോഗമാകാം സംഭവത്തിനു പിന്നില്‍ എന്നാണ് പൊലീസ് സംശയിക്കുന്നത്. കൂടുതല്‍ മെഡിക്കല്‍ ടെസ്റ്റുകള്‍ നടത്തിയാല്‍ മാത്രമേ ഇത് ഉറപ്പിക്കാനാവൂ. യുവതിയുടെ രക്തത്തിലെ സോഡിയം ലെവല്‍ താഴ്ന്നിരിക്കുകയായിരുന്നു എന്നാണ് ആശുപത്രി അധികൃതര്‍ പറയുന്നത്. 48 മണിക്കൂര്‍ നിരീക്ഷണത്തില്‍ കഴിയുന്ന യുവതി വെന്റിലേറ്റര്‍ സപ്പോര്‍ട്ടുള്ള ഐസിയുവിലാണ്. ഇതുവരെ യുവതി ബോധം വീണ്ടെടുത്തിട്ടില്ല. എംആര്‍ഐ സ്കാനിങ്ങില്‍ തലച്ചോറില്‍ ഹൈപോക്സിയ ഡാമേജ് കണ്ടെത്തിയിട്ടുണ്ട്.
യുവതിയുടെ മൊഴി രേഖപ്പെടുത്താന്‍ സാധിക്കാത്തതിനാല്‍ കേസ് രജിസ്റ്റര്‍ ചെയ്തിട്ടില്ലെന്ന് പൊലീസ് പറഞ്ഞു. യുവതിയുടെ കൂട്ടുകാരി മുഷീദയുടെ മൊഴി വനിതാ പൊലീസ് സ്റ്റേഷനില്‍ രേഖപ്പെടുത്തി. ഇന്നലെ ഇവര്‍ സഹോദരനൊപ്പം നാട്ടിലേക്ക് മടങ്ങി. മുഷീദയും മൊഴിയില്‍ വൈരുധ്യമുള്ളതിനാല്‍ ഇവരേയും പൊലീസ് സംശയിക്കുന്നുണ്ട്.