തൃശൂര്‍: പോക്സോ കേസില്‍ പ്രതിയായ സ്‌കൂള്‍ അധ്യാപകനെ വിവിധ വകുപ്പുകളിലായി ഒൻപതു വര്‍ഷം കഠിനതടവിനും 45,000 രൂപ പിഴയടയ്ക്കുന്നതിനും തൃശൂര്‍ അതിവേഗ പോക്സോ സ്പെഷ്യല്‍ കോടതി ശിക്ഷിച്ചു. പാലക്കാട് ചിറ്റൂര്‍ കടമ്പിടി രഘുനന്ദനെ(58) യാണ് ജഡ്ജി ബിന്ദു സുധാകരന്‍ കുറ്റക്കാരനെന്ന് കണ്ടെത്തി ശിക്ഷിച്ചത്. പിഴയടക്കുന്ന തുക അതിജീവിതക്ക് നൽകാനും ഉത്തരവായി. പിഴയടക്കാത്ത പക്ഷം അഞ്ചുമാസം അധികത്തടവ് അനുഭവിക്കണം. 2018 ല്‍ ആണ് കേസിനാസ്പദമായ സംഭവം. എട്ടാം
ക്ലാസുകാരിയോട് മെസ് ഹാളിലും വരാന്തയിലുംവെച്ച് ലൈംഗികച്ചുവയോടെ സംസാരിക്കുകയും പീഡിപ്പിക്കുകയും ചെയ്‌തെന്നാണ് കേസ്. കൂട്ടുകാരിയുടെ സഹായത്തോടെയാണ് പ്രിന്‍സിപ്പലിന് പരാതി നല്‍കിയത്. വിചാരണയ്ക്കിടെ കൂട്ടുകാരിയായ സാക്ഷി പ്രതിഭാഗത്ത് ചേര്‍ന്നു. എങ്കിലും പ്രോസിക്യൂഷൻ തെളിവുകളുടേയും സാക്ഷിമൊഴികളുടേയും അടിസ്ഥാനത്തിൽ കുറ്റം തെളിയിക്കപ്പെടുകയായിരുന്നു. അതിജീവിതയുടെ മൊഴിയും സ്‌കൂള്‍ പ്രിന്‍സിപ്പല്‍ കോടതിയില്‍ നല്‍കിയ മൊഴിയും നിര്‍ണായകമായി. സമൂഹത്തിലും വിദ്യാര്‍ഥികള്‍ക്കു മുന്നിലും മാതൃകയാകേണ്ട അധ്യാപകനില്‍നിന്ന് ഉണ്ടാകാന്‍ പാടില്ലാത്ത കുറ്റകൃത്യമാണിതെന്നും പ്രതിയുടെ അഭ്യര്‍ഥന പരിഗണിച്ച് ശിക്ഷ ലഘൂകരിച്ചാല്‍ അത് സമൂഹത്തില്‍ തെറ്റായ സന്ദേശം നല്‍കുമെന്നും കോടതി നിരീക്ഷിച്ചു.