കൊച്ചി: കാണാതെ പോയ വളർത്തു നായയെ കണ്ടെത്തി നൽകിയാൽ ഒരു ലക്ഷം രൂപ സമ്മാനം! പാലാരിവട്ടം പൈപ്‌ലൈൻ ജങ്ഷനിൽ വിപിജി ക്ലിനിക് നടത്തുന്ന ഡോ. ആനന്ദ് ഗോപിനാഥനാണു അഞ്ച് മാസം പ്രായമുള്ള തന്റെ പ്രിയപ്പെട്ട ‘മാംഗോ’ എന്ന നായയെ കണ്ടെത്താനായി ഒരു ലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ചു പത്രത്തിൽ പരസ്യം ചെയ്തത്.
പരസ്യം കണ്ടു പലരും അന്വേഷണങ്ങളുമായി വിളിച്ചെങ്കിലും നായ ഇതുവരെ തിരിച്ചെത്തിയിട്ടില്ല. കോമ്പൈ ഇനത്തിൽ പെട്ട നായയെ മൂന്ന് മാസം മുൻപാണു ഡോ. ആനന്ദ് ഗോപിനാഥൻ കോയമ്പത്തൂരിൽ നിന്നു വാങ്ങിയത്. മാംഗോയ്ക്കൊപ്പം ഇതേ ഇനത്തിൽപ്പെട്ട ജാക്ക് എന്ന നായ കുട്ടിയെയും വാങ്ങിയിരുന്നു. മറ്റു നായ്ക്കളെയും ആനന്ദും കുടുംബവും വളർത്തുന്നുണ്ട്.
12നു പകലാണു പാലാരിവട്ടം നേതാജി റോഡിലെ വീട്ടിൽ നിന്നു മാംഗോയെ കാണാതായത്. ഗേറ്റ് അടച്ചിരുന്നെങ്കിലും ജോലിക്കാരോ മറ്റോ തുറന്നപ്പോഴായിരിക്കാം നായ പോയതെന്നു സംശയിക്കുന്നു. നായയെ കാണാതാകുമ്പോൾ ഗേറ്റ് തുറന്നു കിടക്കുന്ന നിലയിലായിരുന്നു. സാധാരണ ഗതിയിൽ മാംഗോ അങ്ങനെ പുറത്തേക്കു പോകുന്ന പതിവില്ലെന്ന് ഡോ. ആനന്ദ് ഗോപിനാഥൻ പറയുന്നു.
തനിക്കേറെ പ്രിയപ്പെട്ട നായയെ കാണാതെ പോയതിലുള്ള സങ്കടം സഹിക്കാൻ കഴിയാതെയാണ് ഡോ. ആനന്ദ് ഗോപിനാഥൻ പറഞ്ഞു പരസ്യം നൽകിയതും കണ്ടെത്തി നൽകുന്നവർക്ക് ഒരു ലക്ഷം രൂപ സമ്മാനം പ്രഖ്യാപിച്ചതും. ഇളം ബ്രൗൺ നിറത്തിലുള്ള നായയുടെ കഴുത്തിൽ നീല കോളറും തിരിച്ചറിയൽ മൈക്രോച്ചിപ്പും ഘടിപ്പിച്ചിട്ടുണ്ട്. 94470 86644.