തെലങ്കാന: ജീവിച്ചിരിക്കുന്ന രോഗിക്ക് മരണസര്‍ട്ടിഫിക്കറ്റ് നല്‍കി സര്‍ക്കാര്‍ ആശുപത്രിയിലെ ഡോക്ടര്‍. തെലങ്കാനയിലെ സംഗറെഡ്ഡി ജില്ലയിലുള്ള സഹീറാബാദിലെ സര്‍ക്കാര്‍ ആശുപത്രിയിലാണ് സംഭവം. ചിന്ന ഹൈദരാബാദ് സ്വദേശിയായ മുന്നൂരി അര്‍ച്ചന എന്ന യുവതിക്കാണ് ഡോക്ടർ മരണ സര്‍ട്ടിഫിക്കറ്റ് നല്‍കിയത്.
ബാലകൃഷ്ണ റെഡ്ഡിയാണ് അര്‍ച്ചനയുടെ ഭര്‍ത്താവ്. അടുത്തിടെയാണ് ഇരുവരും വിവാഹിതരായത്. എന്നാല്‍, അസുഖബാധിതയായ അര്‍ച്ചന തന്റെ മാതാപിതാക്കളോടൊപ്പമായിരുന്നു താമസിച്ചിരുന്നത്. ആരോഗ്യനില മോശമായതിനെ തുടർന്നാണ് അർച്ചനയെ ആശുപത്രിയിൽ എത്തിച്ചത്. ആശുപത്രിയിലെ ഡ്യൂട്ടി ഡോക്ടര്‍ സന്തോഷ് ആണ് അർച്ചനയെ പരിശോധിച്ചത്. ഇസിജി പരിശോധനയും നടത്തി. റിപ്പോര്‍ട്ട് പരിശോധിച്ച ശേഷം അര്‍ച്ചന മരിച്ചെന്ന് ഡോക്ടര്‍ മാതാപിതാക്കളെ അറിയിച്ചു. തുടര്‍ന്ന് മരണം രജിസ്റ്ററില്‍ രേഖപ്പെടുത്തുകയും മരണ സര്‍ട്ടിഫിക്കറ്റ് നല്‍കുകയും ചെയ്തു.
എന്നാല്‍, നരസിംഹുലു അർച്ചനയെ സംഗറെഡ്ഡിയിലെ ഒരു സ്വകാര്യ ആശുപത്രിയിലെത്തിച്ചു. അവിടെ നടത്തിയ പരിശോധനകള്‍ക്ക് ശേഷം ഡോക്ടര്‍മാര്‍ അവള്‍ക്ക് ജീവനുണ്ടെന്ന് സ്ഥിരീകരിക്കുകയായിരുന്നു. എന്നാല്‍ 24 മണിക്കൂറോളം അവളുടെ ആരോഗ്യസ്ഥിതിയെക്കുറിച്ച് അവര്‍ ഒരു ഉറപ്പും നല്‍കിയിരുന്നില്ല. ചികിത്സ ആരംഭിച്ച് തൊട്ടടുത്ത ദിവസം തന്നെ അര്‍ച്ചനയ്ക്ക് ബോധം തെളിഞ്ഞു.
സുഖം പ്രാപിച്ച ശേഷം മെയ് 28ന് അര്‍ച്ചനയെ ഡിസ്ചാര്‍ജ് ചെയ്തു. മാതാപിതാക്കളോടൊപ്പമാണ് അര്‍ച്ചന ഇപ്പോഴുള്ളത്. എന്നാല്‍, ജീവനുള്ള തന്റെ മകള്‍ക്ക് മരണ സര്‍ട്ടിഫിക്കറ്റ് നല്‍കിയ ഡോക്ടറെ വെറുതെ വിടാന്‍ നരസിംഹുലു തയ്യാറായിരുന്നില്ല. ഡോക്ടര്‍ക്കെതിരെ പിതാവും അര്‍ച്ചനയുടെ ഭര്‍ത്താവ് ബാലകൃഷ്ണ റെഡ്ഡിയും പരാതി നല്‍കി. പൊലീസിനും ജില്ലാ കളക്ടര്‍ക്കും ആശുപത്രി മെഡിക്കല്‍ സൂപ്രണ്ടിനും അവര്‍ പരാതി നല്‍കിയിട്ടുണ്ട്.
ഗ്വാളിയോറിലെ ആശുപത്രിയില്‍ ഡോക്ടര്‍മാര്‍ മരിച്ചതായി സ്ഥിരീകരിച്ച ഒരു സ്ത്രീയെ പോസ്റ്റ്മോര്‍ട്ടത്തിനായി മോര്‍ച്ചറിയിലേക്ക് കൊണ്ടുപോകുമ്പോള്‍ ജീവനുള്ളതായി കണ്ടെത്തിയ വാർത്ത മുൻപ് പുറത്തു വന്നിരുന്നു. ജയ ആരോഗ്യ ഹോസ്പിറ്റലിലാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. ഉത്തര്‍പ്രദേശ് സ്വദേശിയായ രാംവതി രാജ്പുത് എന്ന യുവതിയെ ആദ്യം കൊണ്ടുപോയത് ഝാന്‍സിയിലെ ആശുപത്രിയിലേക്കായിരുന്നു. പിന്നീട്, അവിടെ നിന്ന് ഗ്വാളിയോറിലെ ജയ ആരോഗ്യ ആശുപത്രിയിലേക്ക് റഫര്‍ ചെയ്തു. പിറ്റേ ദിവസം രാവിലെ രാംവതി മരിച്ചെന്ന് ഡോക്ടര്‍മാര്‍ സ്ഥിരീകരിക്കുകയും മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനായി മോര്‍ച്ചറിയിലേക്ക് അയയ്ക്കുകയും ചെയ്തു.
പോസ്റ്റ്മോര്‍ട്ടത്തിനായി കൊണ്ടുപോകുന്നതിനിടെ, ഭര്‍ത്താവ് നിര്‍പത് സിംഗ് ആണ് അവള്‍ക്ക് ജീവനുണ്ടെന്ന് കണ്ടെത്തിയത്. തുടര്‍ന്ന് വീട്ടുകാര്‍ ബഹളം വെച്ചു. പിന്നീട് യുവതിയെ വീണ്ടും ചികിത്സയ്ക്ക് വിധേയയാക്കി. സംഭവത്തില്‍ മെഡിക്കല്‍ വിദ്യാഭ്യാസ മന്ത്രി വിശ്വാസ് സാരംഗ് യുവതി മരിച്ചതായി പ്രഖ്യാപിച്ച ഡോക്ടര്‍മാര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കാന്‍ നിര്‍ദേശിച്ചു. സംഭവത്തില്‍ നടപടിയെടുക്കാന്‍ ഒരു കമ്മിറ്റി രൂപീകരിച്ചിട്ടുണ്ടെന്നും അതിലെ തീരുമാനങ്ങളനുസരിച്ച് നടപടിയെടുക്കുമെന്നും ആശുപത്രി സൂപ്രണ്ട് ഡോ.ആര്‍.കെ.എസ് ധക്കാട് പറഞ്ഞു.