തൃപ്പുണിത്തുറയിലെ ബൈക്കപകടം: നാല് ഉദ്യോഗസ്ഥർക്ക് സസ്പെൻഷൻ


തിരുവനന്തപുരം: തൃപ്പൂണിത്തുറ പാലത്തിലുണ്ടായ ബൈക്കപകടത്തിൽ ഒരാൾ മരിച്ച സംഭവത്തിൽ നാല് ഉദ്യോഗസ്ഥരെ സസ്പെന്‍ഡ് ചെയ്തു. പാലം വിഭാഗം എക്‌സിക്യൂട്ടീവ് എഞ്ചിനിയര്‍, അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എന്‍ജിനിയര്‍, അസിസ്റ്റന്റ് എഞ്ചിനീയര്‍, ഓവര്‍സിയര്‍ എന്നിവരെയാണ് സസ്പെന്‍ഡ് ചെയ്തത്. പൊതുമരാമത്ത് വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ് അറിയിച്ചതാണ് ഇക്കാര്യം. കരാറുകാരുടെ ഭാഗത്ത് അശ്രദ്ധ ഉണ്ടെങ്കില്‍ ഉദ്യോഗസ്ഥര്‍ തിരുത്തണം. അത് ചെയ്യാത്ത ഉദ്യോഗസ്ഥര്‍ക്ക് എതിരെ തലോടല്‍ നടപടി സാധ്യമല്ലെന്നും പൊതുമരാമത്ത് മന്ത്രി വ്യക്തമാക്കി.

ഉദ്യോഗസ്ഥരുടേയും കരാറുകാരുടേയും അനാസ്ഥമൂലമുണ്ടായ ഈ ദാരുണ സംഭവത്തില്‍ നാല് ഉദ്യോഗസ്ഥരെ സസ്പെന്‍ഡ് ചെയ്യുകയും ഒപ്പം ഇനി വരുന്ന നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ കാര്യക്ഷമമായി നടത്തണമെന്നും ഇത് ഓര്‍മ്മപ്പെടുത്തുന്നതായി മന്ത്രി വ്യക്തമാക്കി.

അതിനിടെ തൃപ്പൂണിത്തുറയിലെ പാലം അപകടത്തില്‍ കരാറുകാര്‍ക്കെതിരെ പൊലീസ് കേസെടുത്തു. ഐപിസി 304 എ വകുപ്പ് പ്രകാരമാണ് കേസെടുത്തത്. നിര്‍മ്മാണം നടക്കുന്ന പാലത്തിന്റെ അപ്രോച്ച്‌ റോഡില്‍ അപകട സൂചന ബോര്‍ഡുകള്‍ വെക്കാതിരുന്നതാണ് ഒരാളുടെ മരണത്തിലേക്ക് നയിച്ചത്. സംഭവത്തില്‍ കര്‍ശന നടപടിയുണ്ടാകുമെന്ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി പിഎ മുഹമ്മദ് റിയാസ് അറിയിച്ചിരുന്നു.

ശനിയാഴ്ച പുലര്‍ച്ചെയാണ് പാലത്തിലുണ്ടായ അപകടത്തില്‍ വിഷ്ണുവെന്ന യുവാവ് മരിച്ചത്. പൊതുമരാമത്ത് വകുപ്പിന്റെ പാലം പണി നടക്കുന്നത് അറിയാതെ പുലര്‍ച്ചെ ബൈക്കില്‍ വന്ന വിഷ്ണുവും സുഹൃത്തും പാലത്തിന്റെ ഭിത്തിയില്‍ ഇടിച്ച്‌ തോട്ടിലേക്ക് വീഴുകയായിരുന്നു. റോഡില്‍ അപകട സൂചനാ ബോര്‍ഡുകളോ മുന്നറിയിപ്പ് ബോര്‍ഡുകളോ സ്ഥാപിക്കാതിരുന്നതാണ് അപകടമുണ്ടാക്കിയത് എന്നാണ് നാട്ടുകാർ ആരോപിക്കുന്നു.

അധികൃതരുടെ അനാസ്ഥ കാരണമാണ് അപകടത്തിൽ വിഷ്ണു മരിക്കാനിടയായതെന്ന് പിതാവ് ആരോപിച്ചു. സംഭവത്തിൽ അന്വേഷണം നടത്തി കർശന നടപടി സ്വീകരിക്കണമെന്നും വിഷ്ണുവിന്‍റെ പിതാവ് ആവശ്യപ്പെട്ടു. സംഭവം ശ്രദ്ധയിൽപ്പെട്ടതോടെ കർശന നടപടിയുണടാകുമെന്ന് മന്ത്രി പി എ മുഹമ്മദ് റിയാസ് വ്യക്തമാക്കിയിരുന്നു. പാലം പണി നടക്കുന്ന സ്ഥലങ്ങളില്‍ കൃത്യമായ അപകട സൂചനകള്‍ നല്‍കേണ്ടിയിരുന്നു. ഉദ്യോഗസ്ഥര്‍ക്ക് സംഭവിച്ച വീഴ്ച പരിശോധിക്കുമെന്നും മന്ത്രി നേരത്തെ പറഞ്ഞിരുന്നു. വകുപ്പുതല അന്വേഷണം നടത്തിയശേഷമാണ് നാലു ഉദ്യോഗസ്ഥരെ സസ്പെൻഡ് ചെയ്യാൻ തീരുമാനിച്ചത്. അതേസമയം പൊതുമരാമത്ത് വകുപ്പിന്റെ കെടുകാര്യസ്ഥതക്കെതിരെ ശക്തമായ പ്രതിഷേധം സംഘടിപ്പിക്കാൻ കോണ്‍ഗ്രസ് തീരുമാനിച്ചിട്ടുണ്ട്. നാളെ പി ഡബ്യൂ ഡി ഓഫീസ് ഉപരോധിക്കും തൃപ്പുണിത്തുറയിലെ കോൺഗ്രസ് മണ്ഡലം കമ്മിറ്റി അറിയിച്ചിട്ടുണ്ട്.

أحدث أقدم