'പറഞ്ഞത് സ്വപ്ന എഴുതി നൽകിയ കാര്യം മാത്രം, മുഖ്യമന്ത്രിക്ക് ഭയം'; തന്നെ പ്രതിയാക്കാനാകില്ലെന്ന് പി സി ജോർജ്


കോട്ടയം : സ്വർണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷുമായി ബന്ധപ്പെട്ട് നടത്തിയ വെളിപ്പെടുത്തലില്‍ തന്നെ പ്രതിയാക്കാനാകില്ലെന്ന് മുൻ എംഎൽഎ പി സി ജോര്‍ജ്. സ്വപ്ന എഴുതി നല്‍കിയ കാര്യം മാത്രമാണ് താന്‍ പറഞ്ഞത്. പ്രസ്താവനയ്‍ക്കെതിരെ കേസ് എടുക്കാനാണെങ്കിൽ കേരളത്തില്‍ രാഷ്ട്രീയ പ്രവര്‍ത്തനം നടക്കില്ലെന്നും അങ്ങനെയാണെങ്കിൽ പിണറായിക്കെതിരെ എത്ര കേസെടുക്കണമെന്നും പി സി ജോര്‍ജ് ചോദിച്ചു. സ്വപ്ന തനിക്ക് ഏല്‍ക്കേണ്ടി വന്ന പീഡനം തന്നോട് പറഞ്ഞു. അത് മാധ്യമങ്ങളോട് പറഞ്ഞുവെന്നത് മാത്രമാണ് താന്‍ ചെയ്തത്. ജയില്‍ ഡിജിപി അജികുമാര്‍ സ്വപ്നയെ ഭീഷണിപ്പെടുത്തി, ചവിട്ടി, ക്രൂരമായി ഉപദ്രവിച്ചു. മാനസികമായി അപമാനിച്ചുവെന്നാണ് സ്വപ്ന പറഞ്ഞത്. ഇതാണ് താന്‍ മാധ്യമങ്ങളോട് പറഞ്ഞു. ഇത് എങ്ങനെ ഗൂഢാലോചന ആകുമെന്നും അദ്ദേഹം ചോദിക്കുന്നു. ഇഡിയോട് സഹകരിച്ചാല്‍ ഉപദ്രവിക്കുമെന്ന് സ്വപ്നയെ ഭീഷണിപ്പെടുത്തി. മുഖ്യമന്ത്രിയുടെ പേര് പറയരുതെന്നും സ്വപ്നയോട് പറഞ്ഞു. സ്വപ്‌നയുടെ മൊഴി മുഖ്യമന്ത്രിയെ ഭയപ്പെടുത്തുകയാണ്. ജയിലില്‍ കിടന്നപ്പോള്‍ ഭീഷണി ഉള്ളത് കൊണ്ടാണ് സ്വപ്‌നയ്ക്ക് സത്യം മുഴുവന്‍ പറയാന്‍ ആകാഞ്ഞത്. മുഖ്യമന്ത്രിയുടെ സത്യപ്രതിജ്ഞാ ലംഘനം ചൂണ്ടിക്കാട്ടി ഗവര്‍ണക്ക് പരാതി നല്‍കുമെന്നും പി സി ജോര്‍ജ് പറഞ്ഞു. സ്വപ്നയുമായി ഫോണില്‍ സംസാരിച്ചിട്ടുണ്ട്. എച്ച്‌ആര്‍ഡിഎസ് തൊടുപുഴ ഓഫീസ് ഉദ്ഘാടനം ചെയ്തത് താനാണ്. അതിൻ്റെ ഉദ്യോഗസ്ഥന്‍ ജയകൃഷ്ണന്‍ വീട്ടില്‍ വന്നിരുന്നു. ആദ്യം സ്വപ്നയെ ഫോണില്‍ വിളിച്ചിട്ട് എടുത്തിരുന്നില്ല. പിന്നീട് എച്ച്‌ആര്‍ഡിഎസ് ഓഫീസില്‍ ബന്ധപ്പെട്ടപ്പോഴാണ് സ്വപ്ന ഫോണ്‍ എടുക്കാന്‍ തയ്യാറായതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

أحدث أقدم