പ്രവാചക നിന്ദയ്ക്കെതിരായ ധര്‍ണയില്‍ പങ്കെടുത്ത പ്രവാസികളെ കുവൈറ്റ് പുറത്താക്കുമെന്ന് റിപ്പോര്‍ട്ട്


കുവൈറ്റ് സിറ്റി: പ്രവാചകന്‍ മുഹമ്മദ് നബിയെയും പത്നി ആയിഷയെയും കുറിച്ച് ബിജെപി വക്താക്കള്‍ നടത്തിയ അപവാദകരമായ പ്രസ്താവകള്‍ക്കെതിരെ പ്രതിഷേധിച്ച് ധര്‍ണ നടത്തിയ പ്രവാസികള്‍ക്കെതിരെ നടപടികളുമായി കുവൈറ്റ് ഭരണകൂടം രംഗത്ത്. പ്രതിഷേധ സമരത്തില്‍ പങ്കെടുത്ത പ്രവാസികളെ രാജ്യത്തു നിന്ന് പുറത്താക്കാനാണ് കുവൈറ്റ് ഭരണകൂടത്തിന്റെ തീരുമാനമെന്നാണ് റിപ്പോര്‍ട്ട്. അല്‍ റായ് പത്രത്തെ ഉദ്ധരിച്ച് ടൈംസ് ഓഫ് കുവൈറ്റ് ഡോട്ട്കോം ആണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. ഇന്ത്യയിലെ ഭരണകക്ഷിയായ ബിജെപിയുടെ വക്താക്കള്‍ നടത്തി പ്രവാചക നിന്ദാ പ്രസ്താവനകള്‍ക്കെതിരേ കഴിഞ്ഞ വെള്ളിയാഴ്ച ജുമുഅ പ്രാര്‍ഥനയ്ക്കു ശേഷം പ്രതിഷേധ പരിപാടി സംഘടിപ്പിച്ചവര്‍ക്കെതിരെയാണ് നടപടി വരികയെന്ന് മുതിര്‍ന്ന സര്‍ക്കാര്‍ വൃത്തങ്ങളെ ഉദ്ധരിച്ച് അല്‍ റായ് പത്രം റിപ്പോര്‍ട്ട് ചെയ്തു. ഫഹാഹീല്‍ ഏരിയയിലായിരുന്നു പ്രതിഷേധ പരിപാടി സംഘടിപ്പിച്ചത്. പരിപാടിയില്‍ നിരവധി പ്രവാസികള്‍ പങ്കെടുത്തതായാണ് റിപ്പോര്‍ട്ട്. പ്രതിഷേധ പരിപാടിയുടെ സംഘാടകര്‍ക്കെതിരെയും അതില്‍ പങ്കെടുത്തവര്‍ക്കെതിരെയും നടപടിയുണ്ടാകുമെന്നും അധികൃതരെ ഉദ്ധരിച്ച് പത്രം റിപ്പോര്‍ട്ട് ചെയ്തു. പ്രതിഷേധ ധര്‍ണയില്‍ പങ്കെടുത്തവരെ കണ്ടെത്തി അറസ്റ്റ് ചെയ്യുന്നതിനായുള്ള നടപടികള്‍ ആരംഭിച്ചിട്ടുണ്ട്. ആരൊക്കെയാണ് പ്രതിഷേധത്തില്‍ പങ്കെടുത്തതെന്ന് കണ്ടെത്താന്‍ രഹസ്യ പോലീസ് വിഭാഗമായ സിഐഡി ഉദ്യോഗസ്ഥര്‍ അന്വേഷണം ആരംഭിച്ചതായും റിപ്പോര്‍ട്ടില്‍ പറയുന്നു. ധര്‍ണയില്‍ പങ്കെടുത്തവരെ കണ്ടെത്തി അറസ്റ്റ് ചെയ്ത ശേഷം നാടുകകടത്തല്‍ കേന്ദ്രങ്ങളിലേക്ക് അയക്കാനാണ് അധികൃതരുടെ തീരുമാനം. നിയമനടപടികള്‍ പൂര്‍ത്തിയാക്കി ഉടന്‍ തന്നെ ഇവരെ നാടുകളിലേക്ക് കയറ്റി അയക്കും. പിന്നീട് ഒരുക്കലും അവര്‍ക്ക് കുവൈറ്റിലേക്ക് തിരിച്ചുവരാന്‍ അനുവാദം നല്‍കേണ്ടതില്ലെന്നാണ് അധികൃതരുടെ തീരുമാനമെന്നും പത്രത്തിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു. കുവൈറ്റില്‍ പ്രവേശിക്കുന്നതില്‍ നിന്ന് ആജീവനാന്ത വിലക്ക് ഏര്‍പ്പെടുത്താനാണ് നീക്കം. രാജ്യത്തിന്റെ നിയമം പരസ്യമായി ലംഘിച്ചുവെന്ന ഗുരുതരമായ കുറ്റം ആരോപിച്ചാണ് ധര്‍ണയില്‍ പങ്കെടുത്ത പ്രവാസികള്‍ക്കെതിരെ ശക്തമായ നടപടികളുമായി അധികൃതര്‍ രംഗത്തെത്തിയിരിക്കുന്നത്. രാജ്യത്ത് പ്രവാസികള്‍ ഒരു രീതിയിലുള്ള പ്രതിഷേധ സമരങ്ങളിലും ധര്‍ണകളിലും പങ്കെടുക്കരുതെന്നാണ് നിലവിലെ നിയമം. ഇത് ലംഘിക്കുന്നത് ഗുരുതരമായ കുറ്റമാണ്. കുറ്റവാളികള്‍ക്കെതിരെ മാതൃകാപരമായ ശിക്ഷ ഉറപ്പാക്കുകയാണ് അധികൃതരുടെ ലക്ഷ്യം. രാജ്യത്ത് നടക്കുന്ന എല്ലാ തരം പ്രതിഷേധ പരിപാടികളികളില്‍ നിന്നും പ്രവാസികള്‍ വിട്ടുനില്‍ക്കണമെന്നും അധികൃതര്‍ ആഹ്വാനം ചെയ്തു. സ്വദേശികള്‍ സംഘടിപ്പിക്കുന്നത് ഉള്‍പ്പെടെയുള്ള സമരങ്ങളിലും പ്രതിഷേധ പരിപാടികളിലും പങ്കെടുക്കുന്ന പ്രവാസികളെ ഇതേ നടപടികളാണ് കാത്തിരിക്കുന്നതെന്നും അധികൃതര്‍ മുന്നറിയിപ്പ് നല്‍കി. ബിജെപി നേതാക്കളുടെ പ്രവാചക നിന്ദാ പ്രസ്താവനകള്‍ക്കെതിരെ കുവൈറ്റ് ഭരണകൂടം ശക്തമായ രീതിയില്‍ രംഗത്തുവന്നിരുന്നു. കുവൈറ്റിലെ ഇന്ത്യന്‍ അംബാസഡറെ നേരിട്ടാണ് പ്രസ്താവനയ്ക്കെതിരായ പ്രതിഷേധം കുവൈറ്റ് അറിയിച്ചത്. എന്നാല്‍, ഇത്തരം വിഷയങ്ങള്‍ രാജ്യത്തെ നിയമം ലംഘിക്കുന്ന സ്ഥിതിയിലേക്ക് നയിക്കരുതെന്നാണ് ഭരണകൂടത്തിന്റെ നിലപാട്.

أحدث أقدم