പുടിൻ്റെ മലവും മൂത്രവും തിരിച്ചു കൊണ്ടുപോകും; പ്രത്യേകം തയ്യാറാക്കിയ പെട്ടിയും ചുമതലപ്പെട്ട ഉദ്യോഗസ്ഥനും


മോസ്കോ: റഷ്യൻ പ്രസിഡൻ്റ് വ്ളാഡിമിര്‍ പുടിൻ്റെ ആരോഗ്യവിവരങ്ങൾ പുറത്തു പോകാതിരിക്കാനായി അദ്ദേഹം സഞ്ചരിക്കുന്ന സ്ഥലങ്ങളിൽ നിന്ന് ഉദ്യോഗസ്ഥര്‍ പുടിൻ്റെ വിസര്‍ജ്യവസ്തുക്കള്‍ അടക്കം മോസ്കോയിലേയ്ക്ക് തിരിച്ചു കൊണ്ടുപോകുന്നതായി റിപ്പോര്‍ട്ട്. റഷ്യൻ പ്രസിഡൻ്റിൻ്റെ ആരോഗ്യം മോശം അവസ്ഥയിലാണെന്ന റിപ്പോര്‍ട്ടുകള്‍ ആവര്‍ത്തിക്കുന്നതിനിടയിലാണ് വിചിത്രമായ റിപ്പോര്‍ട്ടുകളും പുറത്തു വരുന്നത്. പുടിൻ്റെ മലവും മൂത്രവും ഇതിനായി നിയോഗിക്കപ്പെട്ട ഉദ്യോഗസ്ഥര്‍ പ്രത്യേകം തയ്യാറാക്കിയ സ്യൂട്കേസിലേയ്ക്ക് മാറ്റുമെന്നും ഇവ മോസ്കോയിലേയ്ക്ക് തിരിച്ചു കൊണ്ടുപോകുമെന്നുമാണ് റിപ്പോര്‍ട്ടിൽ പറയുന്നത്. പുടിൻ്റെ ആരോഗ്യസ്ഥിതി സംബന്ധിച്ച വിവരങ്ങള്‍ റഷ്യൻ സര്‍ക്കാര്‍ പുറത്തു വിടാറില്ല. ഇക്കാര്യങ്ങള്‍ ചോരുമെന്ന പുടിൻ്റെ ഭയമാണ് ഇത്തരം കടന്ന കൈകളിലേയ്ക്ക് റഷ്യയെ നയിക്കുന്നത് എന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. തന്‍റെ ആരോഗ്യത്തെക്കുറിച്ചുള്ള എന്തെങ്കിലും വിവരങ്ങൾ വിദേശ ഇന്‍റലിജൻസ് ഏജൻസികളുടെ കൈയ്യിലെത്തുന്നത് അപകടകരമാകുമെന്ന് പുടിൻ വിലയിരുത്തുന്നതായി ഫോക്സ് ന്യൂസ് ഡിജിറ്റൽ ലേഖികയും ഡോക്ട്രിൻ ആൻ്റ് സ്ട്രാറ്റജി കൺസൾട്ടിങ് പ്രസിഡൻ്റുമായ റബേക്ക കോഫ്ലറുടെ റിപ്പോര്‍ട്ടിൽ പറയുന്നു. താൻ എക്കാലവും റഷ്യ ഭരിക്കുമെന്ന പ്രതീതി സൃഷ്ടിക്കാനാണ് പുടിൻ ശ്രമിക്കുന്നതെന്നും റഷ്യയിൽ അധികാരമാറ്റമുണ്ടാകും എന്ന വിലയിരുത്തലിൻ്റെ അടിസ്ഥാനത്തിൽ ഉണ്ടാകുന്ന ഏതൊരു പ്രശ്നങ്ങളും ഒഴിവാക്കാനാണ് പുടിൻ്റെ ശ്രമമെന്നും അവര്‍ ചൂണ്ടിക്കാട്ടുന്നു. പുടിൻസ് പ്ലേബുക്ക് എന്ന പുസ്തകത്തിൻ്റെ രചയിതാവു കൂടിയാണ് റബേക്ക. ഔദ്യോഗക സന്ദര്‍ശനങ്ങള്‍ക്കിടെ പുടിൻ്റെ മലവും മൂത്രവും അടങ്ങുന്ന സ്യൂട്ട്കേസ് കൈകാര്യം ചെയ്യുന്നത് ഫെഡറൽ ഗാര്‍ഡ് സര്‍വീസിലെ ഒരു സ്പെഷ്യൽ ഓഫീസറാണെന്ന് ഫ്രഞ്ച് മാസികയായ പാരീസ് മാച്ച് റിപ്പോര്‍ട്ട് ചൂണ്ടിക്കാണിക്കുന്നു. ഈ സ്യൂട്ട്കേസ് മോസ്കോയിലേയ്ക്ക് തിരിച്ചു കൊണ്ടുപോകുകയാണ് പതിവ്. പുടിനു ഗുരുതരമായ ആരോഗ്യപ്രശ്നങ്ങളുണ്ടെന്നും അദ്ദേഹത്തിന് അധികം ആയുസ്സില്ലെന്നും മുൻപ് പലവട്ടം റിപ്പോര്‍ട്ടുകള്‍ പുറത്തു വന്നിട്ടുണ്ട്. എന്നാൽ ഇതു സംബന്ധിച്ച് ഔദ്യോഗിക സ്ഥിരീകരണങ്ങൾ ഒന്നുമില്ല. 2024 വരെയാണ് പ്രസിഡൻ്റ് പദവിയിൽ പുടിൻ്റെ കാലാവധി. എന്നാൽ യുക്രൈൻ ആക്രമണത്തോടെ അദ്ദേഹത്തിൻ്റെ ജനപ്രീതി റഷ്യയിൽ കുതിച്ചുയര്‍ന്ന സാഹചര്യത്തിൽ 2036 വരെയെങ്കിലും അദ്ദേഹം അധികാരത്തിൽ തുടര്‍ന്നാലും അതിശയിക്കാനില്ലെന്നാണ് നിരീക്ഷകര്‍ പറയുന്നത്.

أحدث أقدم