മുഖ്യമന്ത്രിക്കെതിരെ കരിങ്കൊടിയും മുദ്രാവാക്യം വിളികളും; തളിപ്പറമ്പിൽ ലാത്തിച്ചാർജ്

 






കണ്ണൂർ : ജില്ലയിൽ മുഖ്യമന്ത്രിക്കെതിരെ യൂത്ത് - കോൺഗ്രസ് യുവമോർച്ച പ്രവർത്തകർ കരിങ്കൊടി കാണിച്ച് പ്രതിഷേധിച്ചു. ഇന്ന് രാവിലെ ഒൻപതരയോടെ മുഖ്യമന്ത്രി താമസിച്ച പയ്യാമ്പലം ഗസ്റ്റ് ഹൗസിൽ യൂത്ത് കോൺഗ്രസ് ജില്ലാ അധ്യക്ഷൻ സുധീപ് ജയിംസ്, കെ.എസ്.യു ജില്ലാ പ്രസിഡന്റ് മുഹമ്മദ് ഷമ്മാസ് എന്നിവരുടെ നേതൃത്വത്തിൽ സംഘമായെത്തിയ യൂത്ത് കോൺഗ്രസ് പ്രവർത്തകർ മുദ്രാവാക്യം വിളിച്ചും റോഡിൽ കിടന്നും പ്രതിഷേധിക്കുകയായിരുന്നു. ഗസ്റ്റ് ഹൗസിന്റെ പ്രവേശന കവാടം പൊലിസ് ബാരിക്കേഡുയർത്തി തടഞ്ഞിരുന്നു.

 മുഖ്യമന്ത്രിക്കെതിരെ മുദ്രാവാക്യം വിളിച്ചു പ്രതിഷേധിച്ച പ്രവർത്തകരെ പൊലിസ് ബലം പ്രയോഗിച്ചു നീക്കാൻ ശ്രമിച്ചപ്പോൾ പ്രവർത്തകർ റോഡിൽ കിടന്ന് പ്രതിഷേധിച്ചു എങ്കിലും അധികം പ്രകോപനം സൃഷ്ടിക്കാതെയാണ് നുറോളം വരുന്ന പൊലി സേന യുത്ത് കോൺഗ്രസ്- കെ.എസ് യു പ്രവർത്തകരെ പോലീസ് വാഹനത്തിലേക്ക് മാറ്റിയത്.

മുഖ്യമന്ത്രി തളിപ്പറമ്പ് കിലയിലെ പരിപാടിക്ക് കാറിൽ ഇറങ്ങുന്നതിനിടെയാണ് പോലീസ് വാഹനത്തിൽ നിന്നും യൂത്ത് കോൺഗ്രസ്- കെഎസ്‍യു പ്രവർത്തകർ കരിങ്കൊടി ഉയർത്തി മുദ്രാവാക്യങ്ങളുമായി പ്രതിഷേധിച്ചത്. എന്നാൽ മുഖ്യമന്ത്രിയുടെ യാത്രയ്ക്ക് ഇതു തടസമായില്ല. ഗസ്റ്റ് ഹൗസ് ഗേറ്റിന് സമീപമുള്ള റോഡിൽ നിന്നും മുഖ്യമന്ത്രിയുടെ വാഹന വ്യൂഹത്തിന് നേരെ ഏകനായി നിന്ന് മുദ്രാവാക്യം വിളികളോടെ കരിങ്കൊടി കാണിച്ച കെ.എസ് യു ജില്ലാ വൈസ് പ്രസിഡന്‍റ് ഫർഹാൻ മുണ്ടേരിയെ കണ്ണൂർ സിറ്റി പോലീസ് കമ്മിഷണർ ആർ. ഇളങ്കോയുടെ സാന്നിധ്യത്തിൽ സി.പി.എം പ്രവർത്തകർ മർദ്ദിച്ചു കമ്മിഷണർ ഇടപെട്ടാണ് തന്റെ വാഹനത്തിൽ കയറ്റി ഫർഹാനെ കണ്ണൂർ ടൗൺ പൊലീസ് സ്റ്റേഷനിലേക്ക് മാറ്റിയത്. മർദ്ദനത്തിൽ പരുക്കേറ്റ ഫർഹാനെ ആശുപത്രിയിലേക്ക് മാറ്റണമെന്ന് ആവശ്യപെട്ട് മുൻ ഡിസിസി അധ്യക്ഷൻ സതീശൻ പാച്ചേനി സ്റ്റേഷനിലെത്തിയതിനെ തുടർന്ന് പോലീസ് ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 

മുഖ്യമന്ത്രിക്കെതിരെ ഗസ്റ്റ് ഹൗസ് റോഡിൽ നിന്നും കരിങ്കൊടി കാണിച്ച യുവമോർച്ച പ്രവർത്തകരെയും പോലീസ് അറസ്റ്റു ചെയ്തു നീക്കി. മനോജ് പൊയിലൂർ, അർജുൻ മാവിലക്കണ്ടി, കെ. അർജ്ജുൻ തുടങ്ങിയവരെയാണ് കണ്ണൂർ സിറ്റി പോലീസ് അറസ്റ്റു ചെയ്തു നീക്കിയത്. തളാപ്പ് റോഡിൽ വെച്ചു മഹിളാ മോർച്ച പ്രവർത്തകരും കരിങ്കൊടി കാട്ടി. 

കരിന്മം കിലാ ക്യാംപസിൽ മുഖ്യമന്ത്രിക്കെതിരെ കരിങ്കൊടി കാണിച്ച യൂത്ത് ലീഗ് - യൂത്ത് കോൺഗ്രസ് പ്രവർത്തകർക്കെതിരെ പോലീസ് ലാത്തിചാർജ് നടത്തുകയും ജലപീരങ്കി പ്രയോഗിക്കുകയും ചെയ്തു. ക്യാംപസിലേക്ക് നടത്തിയ മാർച്ചിൽ സംഘർഷമുണ്ടായതിനെ തുടർന്നായിരുന്നു നടപടി.


أحدث أقدم