സ്‌കൂൾ വിദ്യാർഥിനിയെ രാത്രി വീട്ടിൽ നിന്നും കടത്തിക്കൊണ്ടുപോയി; വഴിയിൽ ഉപേക്ഷിച്ച കാമുകൻ അറസ്റ്റിൽ


തിരുവനന്തപുരം: സ്‌കൂൾ വിദ്യാർഥിനിയായ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ സ്‌നേഹം നടിച്ച് തട്ടിക്കൊണ്ടുപോയ കേസിൽ യുവാവ് അറസ്റ്റിൽ. ഇടവ വെറ്റക്കട ഇടക്കുഴി വീട്ടിൽ നസീർ മകൻ നൈജു നസീർ (25) ആണ് അറസ്റ്റിലായത്. സ്‌കൂളിൽ പഠിക്കുകയായിരുന്ന പെൺകുട്ടിയെ പ്രണയം നടിച്ച് ഇയാൾ തന്ത്രപൂർവം വലയിലാക്കുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. കഴിഞ്ഞ ദിവസം അർധരാത്രി വീട്ടുകാർ ഉറങ്ങിക്കിടക്കെ, പെൺകുട്ടിയെ വീട്ടിൽ നിന്ന് കടത്തിക്കൊണ്ടു പോവുകയായിരുന്നു. പെൺകൂട്ടി വീട്ടിൽ ഇല്ലെന്ന് അറിഞ്ഞ മാതാപിതാക്കൾ ബന്ധുക്കളുടെ സഹായത്തോടെ തിരച്ചിൽ നടത്തുകയാണെന്ന് അറിഞ്ഞ പ്രതി, കുട്ടിയെ റോഡിൽ ഉപേക്ഷിച്ച് കടന്നു. തുടർന്ന് പോലീസിൽ വിവരം അറിയിച്ചു. മാനസികമായി തളർന്ന പെൺകുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ പോക്‌സോ നിയമപ്രകാരം അയിരൂർ പൊലീസ് കേസെടുത്തു. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് പ്രതിയായ നസീറിനെ അറസ്റ്റ് ചെയ്തത്. ഇയാളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. സംഭവത്തെക്കുറിച്ച് കൂടുതൽ കാര്യങ്ങൾ അന്വേഷിച്ചുവരികയാണെന്ന് അയിരൂർ പൊലീസ് പറഞ്ഞു.


أحدث أقدم