മകളെ കാറിലിരുത്തി സാധനം വാങ്ങാൻ കടയിൽ കയറി; അമ്മ അറസ്റ്റിൽ

 


ഹൂസ്റ്റൺ: മൂന്ന് വയസുകാരിയായ മകളെ തനിയെ കാറിലിരുത്തി സമീപത്തെ കടയിൽ കയറിയ അമ്മ അറസ്റ്റിൽ. മാർസി ടെയ്‌ലർ എന്ന യുവതിയാണ് (36) അറസ്റ്റിലായത്. ഞായറാഴ്ച ഹൂസ്റ്റണിലെ നോർത്ത് ഗ്രാൻ്റ് പാർക്ക് വെ ടാർജറ്റ് പാർക്കിങ് ലോട്ടിലായിരുന്നു സംഭവം. ജയിലിലേക്ക് മാറ്റിയ യുവതിയെ പിന്നീട് ജാമ്യത്തിൽ വിട്ടയച്ചു.


പ്രദേശത്ത് പാർക്ക് ചെയ്തിരുന്ന കാറിൽ കുഞ്ഞിനെ തനിച്ച് കണ്ടതോടെ സ്ഥലത്തുണ്ടായിരുന്നവർ പോലീസിൽ വിവരമറിയിക്കുകയായിരുന്നു. പോലീസ് എത്തി കാർ പരിശോധിച്ചതോടെ കുട്ടി വാഹനത്തിൽ തനിച്ചാണെന്ന് കണ്ടെത്തി. ഇതിനിടെ അമ്മ തിരിച്ചെത്തി. അത്യാവശ്യ സാധനം വാങ്ങാൻ അഞ്ച് മിനിറ്റ് മാത്രമാണ് കടയിൽ ചെലവഴിച്ചതെന്നും ഉടൻ മടങ്ങിയെത്തിയെന്നും അറിയിച്ചെങ്കിലും പോലീസ് അംഗീകരിച്ചില്ല.
പോലീസ് നടത്തിയ വിശദമായ അന്വേഷണത്തിൽ കുട്ടി 30 മിനിറ്റോളം കാറിൽ തനിച്ചായിരുന്നെന്ന് കണ്ടെത്തി. കുട്ടിയെ തനിച്ചാക്കി കാറിൽ കയറ്റിയതിന് യുവതിയുടെ അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം ഇവരെ ഹാരിസ് കൗണ്ടി ജയിലിലേക്ക് മാറ്റി. വിവരമറിഞ്ഞ് യുവതിയുടെ ബന്ധുക്കളും സുഹൃത്തുക്കളും സ്റ്റേഷനിൽ എത്തി. തുടർന്ന് ജില്ലാ കോടതിയിൽ നിന്നും 5,000 ഡോളറിന്റെ ജാമ്യത്തിൽ യുവതിയെ വിട്ടയച്ചു.

കുട്ടികളെ അപായപ്പെടുത്തൽ കുറ്റം ചുമത്തിയാണ് യുവതിക്കെതിരെ പോലീസ് കേസെടുത്തത്. കുട്ടിയെ കണ്ടെത്തിയ സ്ഥലത്തുവച്ച് മാർസി ടെയ്‌ലറുമായി സംസാരിച്ചെന്ന് ഒരു പോലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു. കുട്ടിയെ ശ്രദ്ധിക്കാതെ വാഹനത്തിനുള്ളിൽ ഇരുത്തിയ ശേഷം യുവതി പുറത്തേക്ക് പോകുകയാണ് ചെയ്തതെന്ന് പോലീസ് പറഞ്ഞു. ടെക്‌സാസിൽ കടുത്ത ചൂട് ആരംഭിച്ചതിനാൽ കാറിനുള്ളിൽ കുട്ടികളെ തനിച്ചാക്കി പോകരുതെന്ന് പോലീസ് പൊതുജനങ്ങൾക്ക് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
أحدث أقدم