പ്രവാചക നിന്ദയ്ക്കെതിരെ പ്രതിഷേധം കനക്കുന്നു; കുവൈറ്റും ഖത്തറും ഇന്ത്യന്‍ അംബാസഡര്‍മാരെ വിളിച്ചുവരുത്തി


ഖത്തര്‍/കുവൈറ്റ് സിറ്റി: പ്രവാചകന്‍ മുഹമ്മദ് നബിക്കെതിരെ ഇന്ത്യയിലെ ഭരണ കക്ഷിയായ ബിജെപിയുടെ നേതാക്കള്‍ നടത്തിയ അപകീര്‍ത്തികരായ പരാമര്‍ശത്തിനെതിരെ അറബ് ലോകത്ത് പ്രതിഷേധം കനക്കുന്നു. ഇതിന്റെ ഭാഗമായി ഖത്തറും കുവൈറ്റും ഇന്ത്യന്‍ അംബാസഡര്‍മാരെ നേരിട്ട് വിളിച്ചുവരുത്തി പ്രതിഷേധം അറിയിച്ചു. സൗദി അറേബ്യയും ഇസ്ലാമിക രാജ്യങ്ങളുടെ കൂട്ടായ്മയായ ഓര്‍ഗനൈസേഷന്‍ ഓഫ് ഇസ്ലാമിക് കോ-ഓപറേഷനും (ഒഐസി) അറബ് ലീഗും ശക്തമായ പ്രതിഷേധവുമായി രംഗത്തെത്തിയിട്ടുണ്ട്. അറബ് മേഖലയിലെ ഇസ്ലാമിക പണ്ഡിതരും മുഫ്ത്തിമാരും ഉള്‍പ്പെടെയുള്ള പ്രമുഖരും ബിജെപി നേതാക്കളുടെ പരാമര്‍ശത്തിനെതിരെ പ്രതിഷേധമുയര്‍ത്തി. ഔദ്യോഗിക തലത്തില്‍ ഏറ്റവും ശക്തമായ പ്രതിഷേധം നടന്നത് ഖത്തറിലാണ്. ഖത്തറിലെ ഇന്ത്യന്‍ അംബാസഡര്‍ ഡോ. ദീപക് മിത്തലിനെ വിളിച്ചുവരുത്തിയാണ് ഖത്തര്‍ പ്രതിഷേധമറിയിച്ചതെന്ന് വിദേശകാര്യ മന്ത്രാലയം ട്വീറ്റ് ചെയ്തു. പ്രവാചകനെ നിന്ദിക്കുന്ന തരത്തില്‍ വന്ന പ്രസ്താവനകളെ ഔദ്യോഗികമായി അപലപിക്കുന്ന കത്ത് ഖത്തര്‍ വിദേശകാര്യ സഹമന്ത്രി സുല്‍ത്താന്‍ ബിന്‍ സഅദ് അല്‍ മുറൈഖി ഇന്ത്യന്‍ അംബാസഡര്‍ ഡോ, ദീപക് മിത്തലിന് കൈമാറി. ഇന്ത്യന്‍ഉപരാഷ്ട്രപതി സന്ദര്‍ശനത്തിനായി ഖത്തറിലെത്തിയ വേളയിലായിരുന്നു ഖത്തറിന്റെ ശക്തമായ പ്രതിഷേധം. പ്രസ്താവന നടത്തിയ പാര്‍ട്ടി വക്താക്കളെ സസ്പെന്റ് ചെയ്ത നടപടിയില്‍ ഖത്തര്‍ സന്തോഷം രേഖപ്പെടുത്തി. സംഭവത്തില്‍ ഇന്ത്യയുടെ ഭാഗത്തു നിന്ന് പരസ്യമായ മാപ്പാണ് ഖത്തര്‍ പ്രതീക്ഷിക്കുന്നതെന്നും സംഭവത്തെ ശക്തമായി അപലപിക്കാന്‍ ഇന്ത്യ തയ്യാറാവണമെന്നും ഖത്തര്‍ വ്യക്തമാക്കി. ഇന്ത്യയില്‍ ഉള്‍പ്പെടെ നാഗരികതകളുടെ വികാസത്തില്‍ ഇസ്ലാം വഹിച്ച പങ്കിനെ കുറിച്ച് ധാരണയില്ലാത്തവരാണ് പ്രവാചകനെ കുറിച്ച് മോശമായ രീതിയില്‍ പരാമര്‍ശങ്ങള്‍ നടത്തുന്നതെന്നും ഖത്തര്‍ അഭിപ്രായപ്പെട്ടു. ബിജെപി നേതാക്കള്‍ നടത്തിയ പ്രവാചക നിന്ദയില്‍ പ്രതിഷേധവുമായി സൗദി അറേബ്യയും രംഗത്തെത്തി. പ്രവാചകനെതിരായ അപകീര്‍ത്തികരമായ പ്രസ്താവനകളെ അപലപിക്കുന്നതായി സൗദി വിദേശകാര്യ മന്ത്രാലയം പുറപ്പെടുവിച്ച പ്രസ്താവനയില്‍ വ്യക്തമാക്കി. ഏത് മതങ്ങള്‍ക്കെതിരായാലും ഇത്തരം അപകീര്‍ത്തികരമായ പ്രസ്താവനകളെ സൗദി അംഗീകരിക്കുന്നില്ലെന്നും അധികൃതര്‍ പറഞ്ഞു. അതേസമയം, പ്രവാകനെതിരേ പ്രസ്താവന നടത്തിയ പാര്‍ട്ടി വക്താക്കള്‍ക്കെതിരെ നടപടി സ്വീകരിച്ച പാര്‍ട്ടി അധികൃതരുടെ നിലപാടിനെ സൗദി വിദേശ കാര്യ മന്ത്രാലയം പ്രസ്താവനയില്‍ സ്വാഗതം ചെയ്തു. മുസ്ലിംകള്‍ക്കെതിരെ ഇന്ത്യയില്‍ തുടരുന്ന അതിക്രമങ്ങളുടെ തുടര്‍ച്ചയാണിതെന്നും ഉത്തരവാദികള്‍ക്കെതിരെ നടപടി വേണമെന്നും ഇസ്ലാമിക രാജ്യങ്ങളുടെ കൂട്ടായ്മയായ ഒഐസി പ്രസ്താവനയില്‍ അറിയിച്ചു. ഇന്ത്യയിലെ മുസ്ലിം സമൂഹത്തിന്റെ സുരക്ഷയും ക്ഷേമവും ഉറപ്പാക്കാനും മതപരവും സാംസ്‌കാരികവുമായ അവരുടെ അവകാശങ്ങളും വ്യക്തിത്വവും ആരാധനാലയങ്ങളും സംരക്ഷിക്കാനും ഇന്ത്യന്‍ ഭരണകൂടം മുന്നോട്ടുവരണമെന്നും ഒഐസി സെക്രട്ടറേറിയറ്റ് പ്രസ്താവനയില്‍ ആവശ്യപ്പെട്ടു. 22 അറബ് രാജ്യങ്ങളുടെ കൂട്ടായമയായ അറബ് ലീഗും ബിജെപി നേതാക്കളുടെ പ്രസ്താവനക്കെതിരെ രൂക്ഷ വിമര്‍ശവുമായി രംഗത്തെത്തുകയുണ്ടായി. അറബ് ലോകത്തെ സാമൂഹിക മാധ്യമങ്ങളിലും ഇതുമായി ബന്ധപ്പെട്ട ഹാഷ്ടാഗുകള്‍ ട്രെന്‍ഡിംഗായി മാറിയതായി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഇതുമായി ബന്ധപ്പെട്ട് 'ഇല്ലാ റസൂലല്ലാഹ് യാ മോദി' എന്ന ഹാഷ് ടാഗ് സഊദി അറേബ്യ, ഈജിപ്ത്, ഖത്തര്‍, കുവൈറ്റ് തുടങ്ങിയ ഗള്‍ഫ്, അറബ് രാഷ്ട്രങ്ങളില്‍ വ്യാപകമായി പ്രചരിക്കുകയാണ്. അതിനിടെ, പ്രവാചകനും പത്നിക്കുമെതിരായ പരാമര്‍ശത്തിനെതിരേ പ്രസ്താവനയുമായി ഒമാനിലെ ഗ്രാന്റ് മുഫ്ത്തിയും രംഗത്തെത്തി. ഈ പ്രസ്താവന ലോകത്തുള്ള ഓരോ മുസ്ലിമിനും എതിരായ യുദ്ധപ്രഖ്യാപനമാണെന്നായിരുന്നു ഒമാനിലെ ഗ്രാന്‍ഡ് മുഫ്തിയും പ്രമുഖ പണ്ഡിതനുമായ ഷെയ്ഖ് അല്‍ ഖലീലി ട്വീറ്റ് ചെയ്തത്. അറബ് ലോകത്ത് ലക്ഷക്കണക്കിന് ഫോളോവര്‍മാരുള്ള ട്വിറ്റര്‍ അക്കൗണ്ടാണ് മുഫ്ത്തിയുടേത്. പ്രതിഷേധത്തിന്റെ ഭാഗമായി ഇന്ത്യന്‍ ഉല്‍പ്പന്നങ്ങള്‍ ബഹിഷ്‌കരിക്കണമെന്ന് ആഹ്വാനം ചെയ്യുന്ന ഹാഷ്ടാഗുകള്‍ അറബ് രാജ്യങ്ങളില്‍ വലിയ തോതില്‍ പ്രചരിപ്പിക്കപ്പെടുകയുണ്ടായി. പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും ബിജെപിക്കും എതിരായ രൂക്ഷമായ വിമര്‍ശനങ്ങളാണ് ട്വിറ്ററിലെവിടെയും.

أحدث أقدم