തിരുവനന്തപുരം; അഴിമതി തുടച്ചുനീക്കാൻ സർക്കാർ പ്രതിജ്ഞാബദ്ധമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. സർക്കാർ ഉദ്യോഗസ്ഥരോട് ഓൺലൈനായി സംസാരിക്കുമ്പോഴാണ് ഇത് പറഞ്ഞത്. സർക്കാർ സേവനങ്ങൾക്ക് വില ഇടുന്നത് അംഗീകരിക്കാനാവില്ല മുഖ്യമന്ത്രി വ്യക്തമാക്കി. ജനങ്ങളുടെ അവകാശങ്ങളും ആനുകൂല്യങ്ങളും ലഭ്യമാക്കുന്നതിന് സർക്കാർ ഓഫീസുകളിലെ ഫയലുകളിലെ തീരുമാനം നീതിപൂർവവും സുതാര്യവും വേഗത്തിലും ആക്കേണ്ടതുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഫയലുകൾ യാന്ത്രികമായി തീർപ്പാക്കുന്ന സ്ഥിതി ഉണ്ടാകരുതെന്നും അദ്ദേഹം നിർദേശിച്ചു. സർക്കാരിന്റെ നയങ്ങളും പരിപാടികളും ജനങ്ങളിലേക്ക് എത്തിക്കുന്ന പ്രധാന ദൗത്യമാണ് സർക്കാർ ജീവനക്കാര്‍ക്കുള്ളത്. ഭരണ നിർവഹണം ജനോപകാരപ്രദവും ജനങ്ങളോട് സൗഹൃദം പുലർത്തുന്നതുമാക്കാൻ കാര്യക്ഷമവും അഴിമതിരഹിതവുമായ ഒരു സിവിൽ സർവീസ് ആവശ്യമാണ്. ഈ സാഹചര്യത്തിലാണ് ഫയൽ തീര്പ്പാക്കൽ പദ്ധതി ആസൂത്രണം ചെയ്തിട്ടുള്ളത്. ജൂണ്‍ 15 മുതല്‍ സെപ്റ്റംബര് 30 വരെ തീവ്രയജ്ഞ പരിപാടിയായാണ് ഇത് നടപ്പിലാക്കുന്നത്. ഇക്കാര്യത്തിൽ എല്ലാ തലത്തിലുമുള്ള ഉദ്യോഗസ്ഥരുടെയും സർവീസ് സംഘടനകളുടെയും സഹകരണം ആവശ്യമാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
ഫയലുകൾ തീർപ്പാക്കുന്നത് സംബന്ധിച്ച മാർഗനിർദേശങ്ങളും മുഖ്യമന്ത്രി ഉദ്യോഗസ്ഥരോട് പങ്കുവെച്ചു. ഓരോ ഓഫീസിലും നിലവിലുള്ള പെൻഡിങ് ഫയലുകളുടെ എണ്ണം ആദ്യം തയ്യാറാക്കണം. ഓരോ മാസവും കൂട്ടിച്ചേര്ക്കുന്ന ഫയലുകളുടെ എണ്ണവും തീര്പ്പാക്കുന്ന ഫയലുകളുടെ എണ്ണവും കണക്കെടുത്ത് ഓരോ മാസവും വിലയിരുത്തണം. ഇത് എല്ലാ ഓഫീസുകളും കൃത്യമായി പാലിക്കണമെന്നും മുഖ്യമന്ത്രി നിർദേശിച്ചു.
ഹൈക്കോടതിയിലും മറ്റു കോടതികളിലും ഉണ്ടാകുന്ന കേസുകളിലെ വിധിന്യായങ്ങള് സമയപരിധിക്കകത്ത് നടപ്പാക്കാത്ത സ്ഥിതി ചിലപ്പോള് ഉണ്ടാകുന്നുണ്ട്. ഇത് ഒഴിവാക്കേണ്ട വീഴ്ചയായാണ് . കോടതി കേസുകളുടെ നടത്തിപ്പിലും വിധി നടപ്പാക്കലിലും മേല്നോട്ടത്തിലും ഉള്ള കാര്യക്ഷമത ഉറപ്പാക്കാന് വകുപ്പിലും ഓരോ വകുപ്പ് മേധാവികളുടെ ഓഫീസിലും പ്രത്യേക സംവിധാനമൊരുക്കണം.