ഉറങ്ങിക്കിടന്ന കാമുകിയെ കുത്തി പരുക്കേൽപ്പിച്ചു; പ്രവാസിക്ക് തടവ് ശിക്ഷ വിധിച്ച് ദുബായ് ക്രിമിനൽ കോടതി

 



ദുബായ്: ഉറങ്ങി കിടന്ന കാമുകിയെ കുത്തി പരുക്കേൽപ്പിച്ച പ്രവാസിയായ യുവാവിന് ദുബായ് ക്രിമിനൽ കോടതി ശിക്ഷ വിധിച്ചു. 33 വയസ്സുള്ള ഏഷ്യക്കാരനായ പ്രവാസി യുവാവിന് മൂന്ന് വർഷം ആണ് തടവു ശിക്ഷ വിധിച്ചിരിക്കുന്നത്. ശിക്ഷ അനുഭവിച്ച ശേഷം ഇയാളെ നാട് കടത്താൻ ആണ് തീരുമാനിച്ചിരിക്കുന്നത്. രണ്ട് പേരും തമ്മിലുള്ള വാക്കു തർക്കം ആണ് കൊലപാതക ശ്രമത്തിൽ അവസാനിച്ചതെന്ന് പോലീസ് കണ്ടെത്തി. ഉറങ്ങാൻ കിടന്ന കാമുകിയെ പ്രതി നിരവധി തവണ കുത്തി പരിക്കേൽപ്പിക്കുകയായിരുന്നു എന്ന് പോലീസ് പറയുന്നു.


ഇവരുടെ മുറിയിൽ എത്തിയ മറ്റൊരു സന്ദർശകൻ ആണ് പോലീസിൽ വിവരം അറിയിച്ചത്. തന്റെ അയൽവാസി ശരീരത്തിൽ നിറയെ കുത്തേറ്റ പാടുകളുമായി മരിച്ച നിലയിൽ കിടക്കുന്നത് കണ്ടെന്ന് ആണ് ഇദദേഹം മൊഴി നൽകിയത്. സഹായം ആവശ്യപ്പെട്ട് യുവതിയുടെ കരച്ചിൽ കേട്ടപ്പോൾ ആണ് താൻ പോയതെന്നും അദ്ദേഹം പോലീസിനോട് പറഞ്ഞു. ശരീരത്തിൽ നിറയെ കുത്തേറ്റ നിലയിൽ ആയിരുന്നു യുവതി. തറയിൽ ഒരു കത്തി കിടക്കുന്നത് താൻ കണ്ടെന്നും ഇയാൾ പോലീസിനോട് പറഞ്ഞു. പിന്നീട് പോലീസ് ആംബുലൻസ് വിളിച്ചാണ് യുവതിയെ ആശുപത്രിയിൽ എത്തിച്ചത്.

യുവതി അപകടനില തരണം ചെയ്തു. ഇതിന് ശേഷം ആണ് യുവതി പ്രതിയെ കുറിച്ച് പോലീസിന് മൊഴി നൽകിയത്. പ്രതിയുടെ ചിത്രം യുവതി പോലീസിന് നൽകി. തനിക്കൊപ്പം അപാർട്ട്മെന്റിൽ താമസിക്കുന്ന കാമുകനാണ് തന്നെ കുത്തി പരിക്കേൽപ്പിച്ചതെന്ന് യുവതി പോലീസിന് മൊഴി നൽകി. എട്ടുമാസം മുമ്പാണ് താൻ ഇയാളെ പരിചയപ്പെട്ടതെന്നും അപ്രതീക്ഷിതമായായിരുന്നു ആക്രമണം നടന്നതെന്നും യുവതി പോലീസിന് മൊഴി നൽകി. തന്നെ വിവാഹം കഴിക്കാം എന്ന് യുവാവ് വാഗ്ദാനം നൽകിയിരുന്നു. താനും യുവാവും തമ്മിൽ ‘വൈകാരിക ബന്ധം’ ഉണ്ടായിരുന്നുവെന്നും യുവതി പോലീസിനോട് സമ്മതിച്ചു.

പോലീസ് പ്രതിയെ അറസ്റ്റ് ചെയ്തു. ചോദ്യം ചെയ്തപ്പോൾ പ്രതി കുറ്റം സമ്മതിച്ചു. യുവാവ് 8000 ദിർഹം യുവതിയൽ നിന്നും ആവശ്യപ്പെട്ടിരുന്നു. യുവതി 5000 ദിർഹം നൽകുകയും ബാക്കി പിന്നീട് തരാമെന്നുമാണ് പറഞ്ഞത്. ഇതുമായി ബന്ധപ്പെട്ട വാക്കു തർക്കമാണ് പ്രശ്നങ്ങളിലേക്ക് നയിച്ചതെന്നാണ് റിപ്പോർട്ട്. റസിഡൻസി വിസ ലഭിക്കുന്നതിന് വേണ്ടിയാണ് യുവാവ് യുവതിയിൽ നിന്നും പണം ആവശ്യപ്പെട്ടത്.
أحدث أقدم