തിരുവനന്തപുരം: തോക്ക് ലൈസൻസിന് അപേക്ഷിക്കുന്നവർക്ക് പരിശീലനം നൽകുന്നതിൽ ആശയക്കുഴപ്പം. ലൈസൻസിന് അപേക്ഷിക്കുന്നവരിൽനിന്നും ഫീസ് ഈടാക്കി പരിശീലനം നൽകാൻ ഡിജിപി ഉത്തരവിറക്കിയെങ്കിലും ചില കാര്യങ്ങളിൽ വ്യക്തത വരുത്തണമെന്ന് ആവശ്യപ്പെട്ട് ആഭ്യന്തരവകുപ്പിന് കത്തു നൽകി.
ലൈസൻസ് ലഭിക്കാൻ പരിശീലനം നിർബന്ധമാക്കണോ, ഇപ്പോൾ ലൈസൻസുള്ളവരെയും പരിശീലന പദ്ധതിയിൽ ഉൾപ്പെടുത്തണോ തുടങ്ങിയ കാര്യങ്ങളിലാണ് വ്യക്തത വരേണ്ടത്. ആഭ്യന്തര വകുപ്പിൽനിന്നുള്ള നിർദേശം ലഭിച്ചാൽ പുതിയ ഉത്തരവിറക്കും.
ഇപ്പോൾ ലൈസൻസുള്ളവരിൽ പലർക്കും ആയുധം ഉപയോഗിക്കുന്നതെങ്ങനെയെന്ന് അറിയില്ലെന്നാണ് പൊലീസ് റിപ്പോർട്ട്. ഇതുസംബന്ധിച്ച് കൃത്യമായ പരിശോധനയും സ്റ്റേഷനുകളിൽ നടക്കുന്നില്ല. ഇതിന്റെ അടിസ്ഥാനത്തിലാണ് തോക്ക് ലൈസൻസിന് അപേക്ഷിക്കുന്നവർക്കു പരിശീലനം നൽകാൻ തീരുമാനിച്ചത്.
എന്നാൽ, നിലവിൽ ലൈസൻസുള്ളവരുടെ കാര്യം ഉത്തരവിൽ പരാമർശിച്ചില്ല. പുതിയ ലൈസൻസെടുക്കാൻ പരിശീലനം നിർബന്ധമാണോ എന്ന കാര്യവും ഉത്തരവിലുണ്ടായിരുന്നില്ല. ആശയക്കുഴപ്പം ഉണ്ടായതിനെ തുടർന്നാണ് സർക്കാരിന്റെ അഭിപ്രായമറിയാനായി കത്ത് നൽകിയത്.
3 മാസത്തെ ഇടവേളകളിൽ ബറ്റാലിയനുകളിലാണ് പരിശീലനം നൽകാൻ ആലോചിച്ചത്. ഡെപ്യൂട്ടി കമൻഡാന്റിനെ ഇതിന്റെ കമ്മിറ്റി ചെയർമാനായി തീരുമാനിച്ചു. 13 ദിവസമാണ് കോഴ്സിന്റെ കാലാവധിയായി നിശ്ചയിച്ചത്. വെടിവയ്പ് പരിശീലന കേന്ദ്രമായി തീരുമാനിച്ചത് കെപ്പയിലാണ്. പൊതുജനങ്ങൾക്ക് ഉപയോഗിക്കാൻ അനുമതിയുള്ള ആയുധങ്ങൾക്കായിരുന്നു പരിശീലനത്തിന് അനുമതി.
തിരകളുടെ പണം വ്യക്തികൾ നൽകണം. അപേക്ഷകന് 21 വയസ്സ് പൂർത്തിയായിരിക്കണം. ഇതോടൊപ്പം, ലൈസന്‍സ് നേടാനുള്ള രേഖകളും മാനസിക ശാരീരിക സ്ഥിതി വ്യക്തമാക്കുന്ന മെഡിക്കൽ സർട്ടിഫിക്കറ്റും കാഴ്ചശക്തി സംബന്ധിച്ച റിപ്പോർട്ടും ഹാജരാക്കണമെന്ന് നിർദേശമുണ്ടായിരുന്നു.
നിശ്ചയിച്ച നിരക്ക് ഇങ്ങനെ:
വെടിവയ്പ് പരിശീലനം–5000 രൂപ
ഫയറിങ് ടെസ്റ്റ്– 5000 രൂപ
എഴുത്തു പരീക്ഷ–1000 രൂപ
ആയുധങ്ങൾ വൃത്തിയാക്കുന്നതിന്–1000 രൂപ
പരിശീലനത്തിനുള്ള തയാറെടുപ്പിനും നടപടിക്രമങ്ങൾക്കും–1000 രൂപ
ആയുധം പ്രവർത്തിക്കുന്നത് എങ്ങനെയെന്ന് മനസ്സിലാക്കുന്ന ക്ലാസ്–1000 രൂപ
ആയുധനിയമത്തെക്കുറിച്ചുള്ള ക്ലാസ്–1000 രൂപ
ആയുധം സുരക്ഷിതമായി കൈകാര്യം ചെയ്യുന്ന രീതിയെക്കുറിച്ചുള്ള പരിശീലനം–1000 രൂപ
തോക്കും തിരകളും സൂക്ഷിക്കുന്നതിനെക്കുറിച്ചുള്ള ക്ലാസ്–1000 രൂപ.