ജിദ്ദ: സൗദിയിലെ ആഭ്യന്തര തീര്‍ഥാടകര്‍ക്ക് കുറഞ്ഞ നിരക്കില്‍ ഹജ്ജ് സേവനങ്ങള്‍ വാഗ്ദാനം നല്‍കുന്ന സോഷ്യല്‍ മീഡിയ അക്കൗണ്ട് വഴിയുള്ള തട്ടിപ്പുകാര്‍ക്കെതിരെ സൗദി ഹജ്ജ്, ഉംറ മന്ത്രാലയം മുന്നറിയിപ്പ് നല്‍കിയതായി സൗദിയുടെ ഔദ്യോഗിക വാര്‍ത്താ ഏജന്‍സിയായ എസ്പിഎ റിപ്പോര്‍ട്ട് ചെയ്തു. ഉപയോക്താക്കളുടെ സ്വകാര്യ വിവരങ്ങള്‍ അഭ്യര്‍ഥിച്ചും വ്യക്തികള്‍ക്കായി നിരവധി വ്യാജ അക്കൊണ്ടുകളും തെറ്റിദ്ധരിപ്പിക്കുന്ന കോണ്‍ടാക്റ്റ് വിവരങ്ങളും കണ്ടെത്തിയതായി മന്ത്രാലയം പ്രസ്താവനയില്‍ പറഞ്ഞു. ഈ വര്‍ഷത്തെ ഹജ്ജിനുള്ള രജിസ്‌ട്രേഷന്‍ രാജ്യത്തിനകത്ത് നിന്ന് 'ഇഅ്തമര്‍ന' എന്ന ഔദ്യോഗിക ആപ്പ് വഴിയും ഔദ്യോഗിക വെബ്‌സൈറ്റ് വഴിയും മാത്രമാണെന്ന് ഹജ്ജ് മന്ത്രാലയം വ്യക്തമാക്കി. ഹജ്ജ് കാമ്പെയ്‌നുകള്‍ പ്രോത്സാഹിപ്പിക്കുന്ന അനധികൃത കമ്പനികളെയോ ഓഫിസുകളെയോ വ്യക്തികളെയോ കുറിച്ച് ശ്രദ്ധയില്‍പെട്ടാല്‍ ഉടന്‍ റിപ്പോര്‍ട്ട് ചെയ്യാന്‍ അധികാരികള്‍ ഉപയോക്താക്കളോട് അഭ്യര്‍ഥിച്ചു. നിയമ ലംഘകര്‍ നിയമനടപടി നേരിടേണ്ടി വരുമെന്ന് മുന്നറിയിപ്പ് നല്‍കി. കൊവിഡ് മുന്‍കരുതല്‍ നടപടികള്‍ നടപ്പിലാക്കുന്നത് ഉറപ്പാക്കാന്‍ രജിസ്‌ട്രേഷന്‍ പ്രക്രിയ നിരീക്ഷിച്ചിട്ടുണ്ടെന്നും മന്ത്രാലയം കൂട്ടിച്ചേര്‍ത്തു. ആഭ്യന്തര തീര്‍ഥാടകര്‍ക്കുള്ള ഹജ്ജ് രജിസ്‌ട്രേഷന്‍ ജൂണ്‍ 11 ശനിയാഴ്ച വരെ തുടരും. ഈ വര്‍ഷം ഒരു ദശലക്ഷം പേര്‍ക്ക് ഹജ്ജ് കര്‍മ്മത്തിന് അനുവദിച്ചതായി കഴിഞ്ഞ മാസം സൗദി അറേബ്യ അറിയിച്ചിരുന്നു. രണ്ട് വര്‍ഷത്തെ കൊവിഡ് നിയന്ത്രണങ്ങള്‍ക്ക് ശേഷമാണ് വിദേശ രാജ്യങ്ങളില്‍ നിന്നുള്ള തീര്‍ഥാടകര്‍ക്ക് ഹജ്ജ് അനുമതി നല്‍കുന്നത്.
ഹജ്ജ് തട്ടിപ്പുകള്‍ക്കെതിരെ മുന്നറിയിപ്പുമായി സൗദി അറേബ്യ
jibin
0
Tags
Top Stories