സൗദി പെട്രോള്‍ പമ്പുകളില്‍ ക്രെഡിറ്റ് കാര്‍ഡുകള്‍ സ്വീകരിച്ചില്ലെങ്കില്‍ നടപടി


റിയാദ്: സൗദിയിലെ പെട്രോള്‍ സ്‌റ്റേഷനുകളില്‍ ഇന്ധനം നിറയ്ക്കുന്നതിന് ഡെബിറ്റ് കാര്‍ഡുകള്‍ മാത്രം സ്വീകരിക്കുകയും ക്രെഡിറ്റ് കാര്‍ഡ് ഉപയോഗിച്ച് പണം അടക്കാന്‍ അനുവദിക്കാതിരിക്കുകയും ചെയ്യുന്ന സ്ഥാപനങ്ങള്‍ക്കെതിരേ ശക്തമായ നടപടി സ്വീകരിക്കുമെന്ന് സൗദി വാണിജ്യ മന്ത്രാലയം മുന്നറിയിപ്പ് നല്‍കി. ഇതുമായി ബന്ധപ്പെട്ട് ഉപഭോക്താവ് ഉന്നയിച്ച് സംശയത്തിന് മറുപടിയായാണ് മന്ത്രാലയത്തിന്റെ പ്രസ്താവന. ചില ഗ്യാസ് സ്റ്റേഷനുകളില്‍ നിന്ന് ഇന്ധനം നിറച്ചാല്‍ മദാ കാര്‍ഡുകള്‍ മാത്രമേ സ്വീകരിക്കുന്നുള്ളൂ എന്നും വിസ കാര്‍ഡുകളും മറ്റ് ക്രെഡിറ്റ് കാര്‍ഡുകളിലും സ്വീകരിക്കുന്നില്ലെന്നുമായിരുന്നു ഉപഭോക്താവിന്റെ പരാതി. ഡെബിറ്റ് കാര്‍ഡുകള്‍ സ്വീകരിക്കാനും ക്രെഡിറ്റ് കാര്‍ഡുകള്‍ നിരാകരിക്കാനും പെട്രോള്‍ സ്റ്റേഷനുകള്‍ക്ക് അവകാശമില്ലെന്ന് വാണിജ്യ മന്ത്രാലയം വ്യക്തമാക്കി. ഇ-പെയ്മെന്റ് സ്വീകരിക്കുമെന്ന സ്റ്റിക്കര്‍ സ്ഥാപിച്ചിട്ടുണ്ടെങ്കില്‍ അത്തരം സ്ഥാപനങ്ങള്‍ എല്ലായിനം എടിഎം കാര്‍ഡുകളും സ്വീകരിക്കല്‍ നിര്‍ബന്ധമാണ്. നിയമപരമായ മറ്റ് കാര്‍ഡുകള്‍ നിരസിക്കാന്‍ അവര്‍ക്ക് അധികാരമില്ല. ക്രെഡിറ്റ് കാര്‍ഡുകള്‍ സ്വീകരിക്കാന്‍ ഏതെങ്കിലും പെട്രോള്‍ ബങ്കുകള്‍ വിസമ്മതിക്കുന്ന പക്ഷം അതേ കുറിച്ച് വാണിജ്യ മന്ത്രാലയം പുറത്തിറക്കിയ ബലാഗ തിജാരി ആപ്പ് വഴി ഉപഭോക്താക്കള്‍ പരാതികള്‍ നല്‍കണമെന്നും മന്ത്രാലയം അറിയിച്ചു. മന്ത്രാലയത്തിന്റെ ഔദ്യോഗിക വെബ്‌സൈറ്റില്‍ നിന്ന് ബലാഗ തിജാരി ആപ്പ് എടുത്താണ് പരാതി ബോധിപ്പിക്കേണ്ടത്. പിറ്റേ ദിവസം പരാതിയുടെ നമ്പറും അതില്‍ കൈക്കൊണ്ട നടപടികളെ പറ്റിയുടെ വിശദാംശങ്ങളും നോട്ടിഫിക്കേഷനായി പരാതിക്കാരനെ അറിയിക്കുമെന്നും മന്ത്രാലയം വ്യക്തമാക്കി.


أحدث أقدم