കുവൈറ്റ് സിറ്റി: എല്‍ജിബിടി സമൂഹത്തിന്റെ അവകാശങ്ങള്‍ക്ക് പിന്തുണ നല്‍കിക്കൊണ്ട് സാമൂഹിക മാധ്യമ അക്കൗണ്ടില്‍ പോസ്റ്റിട്ട കുവൈറ്റിലെ യുഎസ് സ്ഥാനപതിയുടെ നടപടിയില്‍ പ്രതിഷേധവുമായി കുവൈറ്റ് അധികൃതര്‍. കുവൈറ്റിലെ യുഎസ് ചാര്‍ജ് ഡിഅഫയേഴ്സ്സ് ജിം ഹോള്‍ട്ട്‌സ്‌നൈഡറിനെ വിളിച്ചുവരുത്തി പ്രതിഷേധം അറിയിച്ചിരിക്കുകയാണ് കുവൈറ്റ് വിദേശകാര്യ മന്ത്രാലയം. ബെസ്ബിയന്‍സ്, ഗേ, ബൈസെക്ഷ്വല്‍, ട്രന്‍സ്‌ജെന്റര്‍ വിഭാഗങ്ങളുടെ അവകാശങ്ങളെ അനുകൂലിച്ച് പോസ്റ്റിട്ടതിന്റെ പേരിലാണ് നടപടി. സ്ഥാനപതിയുടെ നടപടി കുവൈറ്റ് തിരസ്‌കരിക്കുന്നതായി ആക്ടിംഗ് അസിസ്റ്റന്റ് വിദേശകാര്യമന്ത്രി നവാഫ് അബ്ദുല്‍ ലത്തീഫ് അല്‍ അഹ്മദ് അദ്ദേഹത്തിന് നല്‍കിയ കത്തില്‍ വ്യക്തമാക്കി. രാജ്യത്ത് നിലവിലുള്ള നിയമങ്ങളെയും വ്യവസ്ഥകളെയും ബഹുമാനിക്കാന്‍ കുവൈറ്റിലെ യുഎസ് എംബസിക്ക് ബാധ്യതയുണ്ടെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ഇത്തരം സന്ദേശങ്ങള്‍ പ്രചരിപ്പിക്കുന്നത് 1961ലെ വിയന്ന കണ്‍വെന്‍ഷന്‍ ഓണ്‍ ഡിപ്ലൊമാറ്റിക് റിലേഷന്‍സിന്റെ ലംഘനമാണെന്നാണ് കുവൈറ്റിന്റെ വാദം. കുവൈറ്റിലെ യുഎസ് എംബസിയുടെ ട്വിറ്റര്‍ അക്കൗണ്ട് വഴി കഴിഞ്ഞ ദിവസം പോസ്റ്റ് ചെയ്ത ചിത്രങ്ങളും കുറിപ്പുമാണ് പുതിയ വിവാദത്തിന് കാരണം. എല്‍ജിബിടി സമൂഹത്തെ പ്രതിനിധീകരിക്കുന്ന മഴവില്‍ വര്‍ണത്തിലുള്ള പതാക പോസ്റ്റ് ചെയ്ത അദ്ദേഹം, അവരുടെ അവകാശങ്ങള്‍ക്കൊപ്പം നില്‍ക്കണമെന്ന യുഎസ് പ്രസിഡന്റ് ജോ ബെയ്ഡന്റെ പ്രസ്താവനയും കുറിപ്പായി നല്‍കിയിരുന്നു. എല്ലാ മനുഷ്യരെയും ആദരവോടും അന്തസ്സോടെയും പരിഗണിക്കണമെന്നും അവര്‍ ആരായാലും അവര്‍ സ്‌നേഹിക്കുന്നത് ആരെയാണെങ്കിലും എല്ലാവര്‍ക്കും ഭയരഹിതമായി ജീവിക്കാനുള്ള അവസരം ഉണ്ടാവണമെന്നുമായിരുന്നു യുഎസ് പ്രസിഡന്റിന്റെ പ്രസ്താവന. യുഎസ് സ്ഥാനപതിയുടെ ഈ ട്വീറ്റിനെതിരേ കുവൈത്തികള്‍ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു. സ്ഥാനപതിക്കെതിരേ നടപടി വേണമെന്നും ആവശ്യമുയരുകയുണ്ടായി. കുവൈറ്റിലെ മുസ്ലിം സമൂഹം തിരസ്‌ക്കരിക്കുന്ന രീതികളെ അവര്‍ക്കു മേല്‍ അടിച്ചേല്‍പ്പിക്കാനുള്ള ശ്രമമാണ് പോസ്റ്റിലൂടെ നടത്തിയതെന്നായിരുന്നു കുവൈറ്റ് പാര്‍ലമെന്റ് അംഗം ഹമദ് അല്‍ മത്താറിന്റെ ആരോപണം. പ്രതിഷേധം ശക്തമായ പശ്ചാത്തലത്തിലാണ് സ്ഥാനപതിയെ വിദേശകാര്യ മന്ത്രാലയം വിളിച്ചുവരുത്തിയത്.
യുഎസ് സ്ഥാനപതിയുടെ എല്‍ജിബിടി അനുകൂല പോസ്റ്റിനെ ചൊല്ലി കുവൈറ്റില്‍ വിവാദം
jibin
0
Tags
Top Stories