ജെബി മേത്തറെ വലിച്ചിഴച്ചു, കെ സി വേണുഗോപാല്‍ അടക്കമുള്ള നേതാക്കളെ കസ്റ്റഡിയിലെടുത്തു; ഡല്‍ഹിയില്‍ സംഘര്‍ഷം




കോണ്‍ഗ്രസിന്റെ പ്രതിഷേധത്തില്‍ നിന്ന്‌
 


ന്യൂഡല്‍ഹി: നാഷണല്‍ ഹെറാള്‍ഡ് പത്രവുമായി ബന്ധപ്പെട്ട കള്ളപ്പണക്കേസില്‍ രാഹുല്‍ഗാന്ധിയെ ചോദ്യം ചെയ്യുന്നതില്‍ പ്രതിഷേധിച്ച് ഡല്‍ഹിയില്‍ ഇന്നും സംഘര്‍ഷം. എഐസിസി പരിസരത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരും പൊലീസും തമ്മില്‍ ഏറ്റുമുട്ടി. പ്രതിഷേധ മാര്‍ച്ചുമായി ഇ ഡി ഓഫീസിലേക്ക് പോകുന്നത് തടയാനായി എഐസിസി പരിസരത്ത് വന്‍ പൊലീസ് സംഘത്തെയാണ് വിന്യസിച്ചിരുന്നത്. 

എഐസിസി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍, ഛത്തീസ്ഗഢ് മുഖ്യമന്ത്രി ഭൂപേഷ് ബാഘേല്‍, രാജ്യസഭാ എം പി ജെബി മേത്തര്‍ എന്നിവരെ അറസ്റ്റ് ചെയ്ത് നീക്കി. ജെബി മേത്തറിനെ റോഡിലൂടെ വലിച്ചഴച്ചാണ് പൊലീസ് കൊണ്ടുപോയത്. കെ സി വേണുഗോപാല്‍, അധീര്‍ രഞ്ജന്‍ ചൗധരി, ഗൗരവ് ഗോഗോയി, ദീപേന്ദര്‍ സിങ് ഹൂഡ, രഞ്ജീത് രഞ്ജന്‍ തുടങ്ങിയ നേതാക്കളെയെല്ലാം പൊലീസ് കൂട്ടത്തോടെ കസ്റ്റഡിയിലെടുത്തു. 

ADVERTISEMENT

ഇവരെയെല്ലാം പൊലീസ് അജ്ഞാത കേന്ദ്രത്തിലേക്ക് മാറ്റിയതായാണ് റിപ്പോര്‍ട്ടുകള്‍. ഇഡി ഓഫീസിന് മുന്നില്‍ പൊലീസ് ബാരിക്കേഡുകള്‍ മറികടക്കാന്‍ ശ്രമിക്കുകയും പൊലീസുമായി ഉന്തും തള്ളും ഉണ്ടാകുകയും ചെയ്തു. തുടര്‍ന്ന് രണ്‍ദീപ് സിങ് സുര്‍ജേവാല, ഹരീഷ് റാവത്ത് തുടങ്ങി നിരവധി നേതാക്കളെയും പ്രവര്‍ത്തകരെയും പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. കൊടിക്കുന്നില്‍ സുരേഷ് എംപി, മാണിക്കം ടാഗോര്‍ തുടങ്ങിയവരെയും പൊലീസ് കരുതല്‍ തടങ്കലിലാക്കി. 

നാഷണല്‍ ഹെറാള്‍ഡ് കേസില്‍ തുടര്‍ച്ചയായ രണ്ടാം ദിവസമാണ് രാഹുല്‍ഗാന്ധിയെ ഇഡി ചോദ്യം ചെയ്യുന്നത്. പ്രിയങ്ക ഗാന്ധി, രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക് ഗെഹലോട്ട്, എഐസിസി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍ തുടങ്ങിയവര്‍ക്കൊപ്പമാണ് രാവിലെ രാഹുല്‍ ചോദ്യം ചെയ്യലിന് ഇഡി ഓഫീസിലെത്തിയത്. കള്ളപ്പണക്കേസില്‍ രാഹുല്‍ ഗാന്ധിയെ ഇന്നലെ പത്തു മണിക്കൂറോളം ഇഡി ചോദ്യം ചെയ്തിരുന്നു. 

രാവിലെ 11 മണിക്ക് ആരംഭിച്ച ചോദ്യം ചെയ്യല്‍ രാത്രി ഒന്‍പതര വരെ തുടര്‍ന്നു. പാര്‍ട്ടി മുഖപത്രമായിരുന്ന നാഷനല്‍ ഹെറാള്‍ഡിന് 90 കോടി രൂപ കോണ്‍ഗ്രസ് വായ്പയായി അനുവദിച്ചിരുന്നു. എന്നാല്‍, 2000 കോടി ആസ്തിയുള്ള ഹെറാള്‍ഡിന്റെ സ്വത്തുക്കള്‍ 50 ലക്ഷത്തിന് സോണിയക്കും രാഹുലിനും ഓഹരിയുള്ള യങ് ഇന്ത്യ കമ്പനിയിലേക്ക് മാറ്റിയതില്‍ കള്ളപ്പണ ഇടപാട് നടന്നുവെന്നാണ് ആരോപണം.
أحدث أقدم