പത്തനംതിട്ട : റാന്നി ഐത്തല മീമുട്ടുപാറ ചുവന്ന പ്ലാക്കല്‍ തടത്തില്‍ സജി ചെറിയാന്‍റെ ഭാര്യ റിന്‍സ (21), ഏക മകള്‍ അല്‍ഹാന അന്ന(ഒന്നര) എന്നിവരുടെ മരണത്തെച്ചൊല്ലിയാണ് പരാതികൾ സജീവമായി ഉയരുന്നത്. തീപ്പൊള്ളലേറ്റ് മരിച്ച നിലയില്‍ കഴിഞ്ഞ ഏപ്രില്‍ നാലിന് വൈകിട്ടാണ് മൃതദേഹങ്ങള്‍ കണ്ടത്. ആങ്ങമൂഴി കൊച്ചു പറമ്പില്‍ കുടുംബാംഗമാണ് റിന്‍സ. ഭര്‍ത്താവ് സജി വിദേശത്താണ്. വീട്ടില്‍ റിന്‍സയും മകളും മാത്രമായിരുന്നു താമസം. കുഞ്ഞിനെയും കൊന്ന് റിന്‍സ ജീവനൊടുക്കിയെന്നാണ് പോലീസിന്‍റെ പ്രാഥമിക നിഗമനം. പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടിലും മരണം പൊള്ളലേറ്റാണെന്ന് തന്നെയാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ആന്തരികാവയങ്ങളുടെ പരിശോധാ ഫലം വന്നതിന് ശേഷമേ കൂടുതല്‍ അന്വേഷണത്തിലേക്ക് കടക്കാന്‍ കഴിയുകയുള്ളൂവെന്നാണ് പോലീസ് പറയുന്നത്. എന്നാൽ റിന്‍സയുടെയും മകളുടെയും ആത്മഹത്യയല്ല കൊലപാതകമാണെന്ന സംശയമാണ് ബന്ധുക്കളും അയല്‍വാസികളും ഉന്നയിക്കുന്നത്. ഇതിന് ശക്തമായ കാരണങ്ങളും അവര്‍ നിരത്തുന്നു. ഇക്കാര്യമൊക്കെ ചൂണ്ടിക്കാട്ടി ആക്ഷന്‍ കൗണ്‍സില്‍ നേരത്തെ ജില്ലാ പോലീസ് മേധാവിക്ക് പരാതി നല്‍കിയിരുന്നു. ആത്മഹത്യയാണെങ്കില്‍ അതിന് പിന്നിലെ പ്രേരക ശക്തിയെ കണ്ടെത്തണമെന്ന ആവശ്യവും ആക്ഷന്‍ കൗണ്‍സിൽ ഉന്നയിച്ചിരുന്നു. പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടില്‍ മകളുടെ വയറ്റില്‍ വിഷാംശം ഉണ്ടായിരുന്നുവെന്ന് പറയുന്നതായും ഇവര്‍ സൂചിപ്പിച്ചു. ഒന്നുകില്‍ ഭര്‍ത്താവിന്‍റെ മാനസിക പീഡനം അല്ലെങ്കില്‍ മറ്റാരെങ്കിലുമാകാം ഇവരുടെ മരണത്തിന് ഉത്തരവാദികള്‍ എന്ന് മാതാവ് പറഞ്ഞു. നാട്ടില്‍ വന്ന സജിയെ 31 ദിവസത്തിന് ശേഷം പോലീസ് വിട്ടയയ്ക്കുകയായിരുന്നു. റിന്‍സ എഴുതിയെന്ന് പറയുന്ന കത്തില്‍ നിറയെ അക്ഷരത്തെറ്റാണ്. പ്ലസ് ടു വരെ വിദ്യാഭ്യാസമുള്ള റിന്‍സയ്ക്ക് മലയാളം തെറ്റുകൂടാതെ എഴുതാന്‍ കഴിയും. റിന്‍സയുടെ മൃതദേഹം കിടപ്പുമുറിയില്‍ വസ്ത്രങ്ങളില്ലാതെയും കുഞ്ഞിന്‍റേത് അടുക്കള ഭാഗത്തുമാണ് കണ്ടെത്തിയതെന്നും ആക്ഷന്‍ കൗണ്‍സില്‍ ഭാരവാഹികള്‍ പറയുന്നു. റിന്‍സയുടെ മൃതദേഹം കിടന്ന മുറിയിലെ ഒരു കര്‍ട്ടന്‍ പകുതി മാത്രം കത്തി നില്‍പ്പുണ്ട്. ബാക്കി ആരോ അണച്ചതു പോലെയുണ്ട്. അരക്കുപ്പി മണ്ണെണ്ണയാണ് വീട്ടിലുണ്ടായിരുന്നത്. കുഞ്ഞിന്‍റെ മൃതദേഹത്തില്‍ നൂറുശതമാനവും റിന്‍സക്ക് 80 ശതമാനവും പൊള്ളലുണ്ടായിരുന്നു. അരക്കുപ്പി മണ്ണെണ്ണ കൊണ്ട് എങ്ങനെ ഇത്രയും പൊള്ളലുണ്ടാകുമെന്നും അവര്‍ ചോദിക്കുന്നു. ആദ്യമൊന്നും ഇല്ലാതിരുന്ന ഒരു ആത്മഹത്യാക്കുറിപ്പ് ദിവസങ്ങള്‍ക്ക് ശേഷം കണ്ടെത്തിയതായി പോലീസ് പറയുന്നു. ഇതിലെ കൈയക്ഷരം റിന്‍സയുടേതല്ലെന്ന് ബന്ധുക്കൾ സാക്ഷ്യപ്പെടുത്തുന്നു. 19 വയസുള്ള റിന്‍സയെ വിവാഹം കഴിക്കുമ്പോള്‍ സജിക്ക് 40 വയസുണ്ടായിരുന്നു. വിവാഹശേഷം മസ്‌കറ്റിലേക്ക് പോയ സജി പിന്നെ നാട്ടില്‍ വരുന്നത് ഭാര്യയുടെയും മകളുടെയും ആത്മഹത്യാ വിവരം അറിഞ്ഞാണ്. ഇയാള്‍ ഫോണിലൂടെയും മറ്റും നിരന്തരമായി റിന്‍സയെ മാനസികമായി പീഡിപ്പിച്ചിരുന്നുവെന്ന് ഇവർ ആരോപിക്കുന്നു. ആത്മഹത്യാക്കുറിപ്പില്‍ ജസ്റ്റിന്‍ എന്നൊരാളുടെ പേര് പറയുന്നുണ്ട്. ഇതാരാണെന്ന് പോലീസ് കണ്ടെത്തിയിട്ടില്ല . എന്നാൽ ഇത് പോലീസ് പൂർണ്ണമായും നിഷേധിക്കുകയാണ്. ആക്ഷന്‍ കൗണ്‍സിലിന്‍റെ ആശങ്ക അടിസ്ഥാന രഹിതമാണെന്നാണ് കേസ് അന്വേഷിക്കുന്ന റാന്നി പോലീസ് പറയുന്നത്.റിന്‍സയുടെയും മകളുടെയും മരണത്തില്‍ അന്വേഷണം നടന്നു വരികയാണ്. ആന്തരികാവയങ്ങളുടെയും ഫോണുകളുടെയും ഫോറന്‍സിക് പരിശോധനാഫലം വരാനുണ്ട്. റിന്‍സയുടെ ഫോണില്‍ നിന്ന് ചില സൂചനകള്‍ കിട്ടിയിട്ടുണ്ട്. ഇവര്‍ നിരന്തരം ബന്ധപ്പെട്ടിരുന്ന ഒരു നമ്പര്‍ നിരീക്ഷണത്തിലാണ്. ഇതിന്‍റെ ഉടമയെ കണ്ടെത്താനുളള ശ്രമം നടക്കുന്നുണ്ട്. ആത്മഹത്യാക്കുറിപ്പും ഫോറന്‍സിക് പരിശോധനാ ഘട്ടത്തിലാണ്. മൃതദേഹത്തില്‍ വസ്ത്രം ഉരുകിപ്പിടിച്ച അവസ്ഥയിലായിരുന്നു. വസ്ത്രം ധരിച്ചിരുന്നില്ലെന്ന് പറയുന്നത് ശരിയല്ല. വയറ്റിലുള്ളത് വിഷാംശമാണെന്ന് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നില്ല. തുടരന്വേഷണത്തില്‍ ഭർത്താവിന് പങ്ക് വ്യക്തമായാല്‍ വിദേശത്തു നിന്നും വിളിച്ചു വരുത്തി അറസ്റ്റ് ചെയ്യുമെന്നുമുള്ള നിലപാടാണ് പോലീസിനുള്ളത്.