ഷമീമ ബീഗത്തിന് തൂക്കുകയർ? ഭീതിയിലെന്ന് ഐഎസ് ഭീകരൻ്റെ വധുവാകാൻ നാടുവിട്ട യുവതി

 


ലണ്ടൻ: ഐഎസ് ഭീകരൻ്റെ വധുവാകാനായി യുകെയിൽ നിന്ന് നാടുവിട്ട ഷമീമ ബീഗത്തിന് തീവ്രവാദ പ്രവര്‍ത്തനങ്ങളുടെ പേരിൽ വിചാരണ നേരിടേണ്ടി വന്നേക്കുമെന്ന് റിപ്പോര്‍ട്ട്. തന്നെ പ്രാദേശിക കോടതിയിൽ വിചാരണ ചെയ്തേക്കുമെന്നും ഒരുപക്ഷെ വധശിക്ഷ ഏറ്റുവാങ്ങേണ്ടി വന്നേക്കുമെന്നും ഷമീമ ബീഗം പ്രതികരിച്ചതായി യുകെ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. മുൻപ് ബ്രിട്ടീഷ് പൗരത്വമുണ്ടായിരുന്ന ഷമീമ ബീഗത്തിൻ്റെ പുതിയ സന്ദേശം ഒരു ബ്രിട്ടീഷ് വാര്‍ത്താ മാധ്യമമാണ് പുറത്തു വിട്ടത്. ഭീകരവാദക്കുറ്റം ചുമത്തി തനിക്ക് വധശിക്ഷ നല്‍കുമെന്ന കാര്യത്തിൽ വലിയ ആശങ്കയും പേടിയുമാണ് യുവതിയ്ക്ക് ഉള്ളതെന്നാണ് ദ സൺ റിപ്പോര്‍ട്ട്. യുവതിയ്ക്ക് ഭീകരസംഘടനയായ ഇസ്ലാമിക് സ്റ്റേറ്റുമായുള്ള ബന്ധത്തെപ്പറ്റി അന്വേഷണം തുടങ്ങിയിട്ടുണ്ടാകാമെന്നും റിപ്പോര്‍ട്ടിൽ പറയുന്നു. വര്‍ഷങ്ങളായി സിറിയയിലെ അഭയാര്‍ഥി ക്യാംപിൽ കഴിയുന്ന ഷമീമ ബീഗത്തെ യുകെയിൽ തിരിച്ചെത്തിക്കണമെന്ന് കുടുംബം ആവശ്യപ്പെട്ടിരുന്നെങ്കിലും തിരിച്ചു കൊണ്ടുവരേണ്ടെന്നായിരുന്നു യുകെ ആഭ്യന്തര മന്ത്രാലയത്തിൻ്റെ നിലപാട്. ബംഗ്ലാദേശി വംശജയായ ഷമീമ ബീഗത്തിൻ്റെ യുകെ പൗരത്വവും റദ്ദാക്കിയിരുന്നു. സിറിയയിലെ ഒരു സ്വയംഭരണപ്രദേശമായ റോജാവയിലെ ഒരു അഭയാര്‍ഥി ക്യാംപാണ് നിലവിൽ ഷമീമയുടെ താമസകേന്ദ്രം. ഇവിടെ നിന്നുള്ള യുവതിയുടെ നിരവധി വീഡിയോകളും പുറത്തു വന്നിരുന്നു. തനിക്ക് തെറ്റു സംഭവിച്ചെന്നും നാട്ടിൽ തിരിച്ചെത്തണമെന്നും ഷമീമ മാധ്യമങ്ങളോട് മുൻപ് ആവശ്യപ്പെടുകയും ചെയ്തിരുന്നു. ഐഎസ് ചാവേറുകള്‍ക്ക് ബെൽറ്റ് ബോംബുകള്‍ ഘടിപ്പിക്കാനുള്ള കവചങ്ങള്‍ തയ്യാറാക്കാൻ സഹായിച്ചു എന്നതാണ് ഷമീമയ്ക്ക് എതിരായ ആരോപണങ്ങളിലൊന്ന്. എന്നാൽ ഷമീമയ്ക്ക് റോജാവയിലെ നീതിന്യായ വ്യവസ്ഥയിൽ വിശ്വാസമില്ലെന്നും ബ്രിട്ടണിലേയ്ക്ക് മടങ്ങാനാണ് ആഗ്രഹമെന്നുമാണ് ഷമീമയുടെ സുഹൃത്തുക്കള്‍ പറയുന്നത്. അതേസമയം, തനിക്കെതിരെയുള്ള തീവ്രവാദക്കുറ്റങ്ങള്‍ തെളിഞ്ഞാൽ പരമാവധി ശിക്ഷ അനുഭവിക്കേണ്ടി വരുമെന്ന കാര്യത്തിൽ ഷമീമയ്ക്ക് ഉറപ്പായിട്ടുണ്ടെന്നാണ് ബന്ധപ്പെട്ട വൃത്തങ്ങള്‍ പറയുന്നത്. ഷമീമ വലിയ ഭയത്തിലാണെന്നും തീവ്രവാദക്കേസുകള്‍ നേരിടുന്ന ഒരു സംഘം സ്ത്രീകള്‍ക്കൊപ്പം ഷമീമയുടെ കേസും പരിഗണിച്ചേക്കുമെന്നാണ് കരുതുന്നതെന്നും അവര്‍ പറഞ്ഞു. എന്നായിരിക്കും വിചാരണ എന്ന കാര്യത്തിൽ ഷമീമയ്ക്ക് അറിയിപ്പുകളൊന്നും ലഭിച്ചിട്ടില്ലെങ്കിലും സെപ്റ്റംബറിലോ ഒക്ടോബറിലോ ആയിരിക്കും നടപടികള്‍ ആരംഭിക്കുക എന്നാണ് കരുതപ്പെടുന്നത്. റോജാവയിലെ പ്രാദേശിക ഭരണകൂടം വധശിക്ഷയെ പിന്തുണയ്ക്കുന്നവരല്ല എന്നറിയിച്ചിട്ടും ഷമീമ ബീഗത്തിൻ്റെ ആശങ്ക അവസാനിച്ചിട്ടില്ല. 2019ൽ റദ്ദാക്കിയ പൗരത്വം തിരിച്ചു കിട്ടാൻ ഷമീമ ബീഗം കഴിഞ്ഞ വര്‍ഷം ശ്രമിച്ചിരുന്നെങ്കിലും പരാജയപ്പെട്ടിരുന്നു. ഷമീമ നിലവിൽ ബ്രിട്ടീഷ പൗരയല്ലാത്തതിനാൽ മോചനത്തിനായി നയതന്ത്ര ഇടപെടലുകള്‍ നടത്താനും യുകെ സര്‍ക്കാരിനു കഴിയില്ല.

أحدث أقدم