സോണിയാഗാന്ധിക്കും രാഹുല്‍ ഗാന്ധിക്കും ED‌യുടെ നോട്ടീസ്; ചോദ്യം ചെയ്യലിന് ഹാജരാകണം

 


ന്യൂഡൽഹി: നാഷണൽ ഹെറാൾഡ് കേസിൽ  കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയ്ക്കും രാഹുൽ ഗാന്ധിക്കും  എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ED)നോട്ടിസ് അയച്ചു. അടുത്ത ബുധനാഴ്ച ഇരുവരും ചോദ്യം ചെയ്യലിന് ഹാജരാകണമെന്നാണ് ആവശ്യം. കേന്ദ്ര സർക്കാർ രാഷ്ട്രീയവൈര്യം തീർക്കുകയാണെന്ന് കോൺഗ്രസ് ആരോപിച്ചു. കള്ളപ്പണ ഇടപാടിന് യാതൊരു തെളിവുമില്ല. ഒന്നും മറച്ചുവയ്ക്കാനുമില്ലെന്നും കോൺഗ്രസ് നേതൃത്വം പ്രതികരിച്ചു. നാഷണൽ ഹെറാൾഡ് പത്രത്തിന്റെ നടത്തിപ്പുകാരായിരുന്ന അസോഷ്യേറ്റഡ് ജേണൽ ലിമിറ്റഡിന്റെ (എജെഎൽ) ബാധ്യതകളും ഓഹരികളും യങ് ഇന്ത്യ ലിമിറ്റഡ് എന്ന കമ്പനി ഏറ്റെടുത്തതിൽ കള്ളപ്പണ ഇടപാട് നടന്നിട്ടുണ്ടോയെന്നാണ് ഇഡി അന്വേഷിക്കുന്നത്. കോൺഗ്രസ് നേതാവ് രൺദീപ് സുർജേവാലയാണ് ഇഡി നോട്ടീസ് ലഭിച്ച കാര്യം സ്ഥിരീകരിച്ചത്. ജൂൺ എട്ടിന് ചോദ്യം ചെയ്യലിന് ഹാജരാകണമെന്നാണ് സോണിയാ ഗാന്ധിക്ക് അയച്ച കത്തിൽ ആവശ്യപ്പെട്ടിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ''സോണിയാ ഗാന്ധി തീർച്ചയായും ഇഡിക്ക് മുന്നിലേക്ക് പോകും. പക്ഷെ, രാഹുൽ ഗാന്ധി നിലവിൽ വിദേശത്താണ്. മടങ്ങിവന്നാൽ അദ്ദേഹവും പറഞ്ഞ ദിവസം തന്നെ ഇഡി ഉദ്യോഗസ്ഥർക്ക് മുന്നിൽ ഹാജരാകും. തിരിച്ചെത്താനായില്ലെങ്കിൽ സമയം നീട്ടി ചോദിക്കും'' - കോൺഗ്രസ് നേതാവ് അഭിഷേക് മനു സിങ്വി പറഞ്ഞു.

أحدث أقدم