ഹജ്ജ് കര്‍മങ്ങള്‍ക്ക് തുടക്കമിട്ട് 10 ലക്ഷം ഹാജിമാര്‍ ഇന്ന് മിനായില്‍; അറഫ സംഗമം നാളെ


മക്ക: ഈ വര്‍ഷത്തെ ഹജ്ജ് കര്‍മങ്ങള്‍ക്ക് തുടക്കം കുറിച്ച് ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള 10 ലക്ഷത്തിലേറെ ഹാജിമാര്‍ ഇന്ന് വ്യാഴാഴ്ച മക്കയില്‍ നിന്ന് മിനായിലെത്തും. മക്കയിലെ അസീസിയ്യയില്‍ നിന്നാണ് 5765 മലയാളികളടക്കം 79,645 ഇന്ത്യന്‍ ഹാജിമാര്‍ മിനായിലേക്ക് തിരിച്ചത്. തിരക്ക് ഒഴിവാക്കാന്‍ മലയാളികള്‍ ഉള്‍പ്പെടെ ഇന്ത്യന്‍ തീര്‍ഥാടകര്‍ ഇന്നലെ വൈകിട്ട് തന്നെ തന്നെ മിനായിലേക്കു നീങ്ങിത്തുടങ്ങിയിരുന്നു. ഇന്ത്യന്‍ ഹജ്ജ് മിഷന്‍ അധികൃതരുടെ നിര്‍ദ്ദേശത്തെ തുടര്‍ന്നാണിത്. മക്കയിലെത്തിയ ശേഷം കഅബ പ്രദക്ഷിണം ചെയ്ത ശേഷമാണ് ഹാജിമാര്‍ മിനായിലേക്ക് തിരിക്കുന്നത്.

ഇന്ന് തമ്പുകളുടെ നഗരിയായ മിനായില്‍ രാത്രി തങ്ങുന്ന ഹാജിമാര്‍ നാളെ ദുല്‍ഹജ്ജ് ഒന്‍പതിന് ഹജ്ജിന്റെ പ്രധാന കര്‍മ്മമായ അറഫ സംഗമത്തിന് സജ്ജമാകും. വെള്ളിയാഴ്ച്ചയാണ് ഹജ്ജിന്റെ ഏറ്റവും പരമ പ്രധാനമായ അറഫ സംഗമമെന്ന സവിശേഷതയും ഇത്തവണയുണ്ട്. ലോകത്തിന്റെ നാനാ ദിക്കുകളില്‍ നിന്ന് ദൈവത്തിന്റെ വിളിക്ക് ഉത്തരം നല്‍കിയെത്തിയ ഹാജിമാരെ സ്വീകരിക്കാന്‍ തമ്പുകളുടെ നഗരിയായ മിനാ ഒരുങ്ങിക്കഴിഞ്ഞു. ഹജ്ജ് കര്‍മ്മത്തിനായുള്ള തീര്‍ത്ഥാടകര്‍ മുഴുവന്‍ മക്കയില്‍ എത്തിച്ചര്‍ന്നിട്ടുണ്ട്. മദീനയിലെ ആശുപത്രികളില്‍ ചികിത്സയില്‍ കഴിയുന്ന ഹാജിമാരെയും മക്കയില്‍ എത്തിച്ചിട്ടുണ്ട്.

അതിനിടെ, സൗദിയുടെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള ഭിന്നശേഷിക്കാരായ 300 തീര്‍ഥാടകരെ ഈ വര്‍ഷത്തെ ഹജ്ജ് നിര്‍വഹിക്കാനായി ജിദ്ദയിലെ കിംഗ് അബ്ദുല്‍ അസീസ് എയര്‍പോര്‍ട്ടില്‍ എത്തിച്ചു. ഇത് രണ്ടാം തവണയാണ് സൗദി ഹജ്ജ്, ഉംറ മന്ത്രാലയം രാജ്യത്തിന്റെ എല്ലാ പ്രദേശങ്ങളില്‍ നിന്നുമുള്ള ഭിന്നശേഷിക്കാരെ ഹജ്ജിനെത്തിക്കുന്നത്. ഭിന്നശേഷിക്കാര്‍ക്കും അനാഥര്‍ക്കും സുഖകരമായി ഹജ്ജ് ചെയ്യാന്‍ സൗകര്യമൊരുക്കുകയാണ് ഈ പദ്ധതിയുടെ ലക്ഷ്യം. വിഷന്‍ 2030 പദ്ധതികളുടെ ഭാഗമായാണ് നടപടിയെന്ന് അധികൃതര്‍ അറിയിച്ചു. ഭിന്നശേഷിക്കാര്‍ക്ക് ആവശ്യമായ സഹായം നല്‍കാന്‍ സേവകരെയും അനുവദിച്ചിട്ടുണ്ട്. മക്കയിലും മറ്റു പുണ്യസ്ഥലങ്ങളിലും ഭിന്നശേഷി സൗഹൃദമായ പാര്‍പ്പിടവും ഒരുക്കിയിട്ടുണ്ട്. അന്താരാഷ്ട്ര മാനദണ്ഡങ്ങള്‍ക്കനുസൃതമായി സജ്ജീകരിച്ച ആധുനിക വാഹനങ്ങള്‍, പുണ്യസ്ഥലങ്ങളില്‍ ആരാധനാ കര്‍മങ്ങള്‍ നടത്താന്‍ പ്രത്യേകമായ സൗകര്യങ്ങളും ഇവര്‍ക്കായി ഒരുക്കിയതായി അധികൃതര്‍ വ്യക്തമാക്കി.

أحدث أقدم