മസ്കറ്റ്‌ സംഗമം ജൂലൈ 10-ന്‌ പാമ്പാടി ദയറായിൽ








കോട്ടയം: സുവർണ്ണ ജൂബിലി ആഘോഷിക്കുന്ന മസ്കറ്റ്‌ മാർ ഗ്രീഗോറിയോസ്‌ ഓർത്തഡോക്സ്‌ മഹാ ഇടവകയിലെ പൂർവ്വകാല അംഗങ്ങൾക്കും ഇടവകയിൽ സേവനമനുഷ്ടിച്ച വൈദികർക്കും ഇപ്പോഴത്തെ അംഗങ്ങൾക്കും പുനഃസമാഗമ വേദിയൊരുക്കി സംഘടിപ്പിക്കുന്ന മസ്കറ്റ്‌ സംഗമം-2022 ഈ മാസം 10-ന്‌ (ഞായർ)  പാമ്പാടി ദയറായിൽ നടക്കുമെന്ന് ഭാരവാഹികൾ പത്രസമ്മേളനത്തിൽ അറിയിച്ചു.

മലങ്കര സഭയുടെ പരമാധ്യക്ഷനും പൗരസ്ത്യ കാതോലിക്കായുമായ പരിശുദ്ധ ബസ്സേലിയോസ്‌ മാർത്തോമ്മാ മാത്യൂസ്‌ തൃതീയൻ കാതോലിക്കാ ബാവാ , ഇടവക മെത്രാപ്പോലീത്താ  ഡോ. ഗീവർഗീസ്‌ മാർ യൂലിയോസ്‌ ,  എപ്പിസ്കോപ്പൽ സുന്നഹദോസ്‌ സെക്രട്ടറിയും നിരണം ഭദ്രാസനാധിപനുമായ ഡോ. യൂഹാനോൻ മാർ ക്രിസോസ്റ്റമോസ്‌ , സംസ്ഥാന സഹകരണ-രജിസ്ട്രേഷൻ വകുപ്പ്‌ മന്ത്രി  വി. എൻ. വാസവൻ,  മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി, വൈദിക ട്രസ്റ്റി ഫാ. ഡോ. എം. ഓ. ജോൺ, അസ്സോസ്സിയേഷൻ സെക്രട്ടറി അഡ്വ. ബിജു ഉമ്മൻ, സംസ്ഥാന പ്രിൻസിപ്പൽ അക്ക്ണ്ടന്റ്‌ ജനറൽ  ഡോ. ബിജു ജേക്കബ്‌  തുടങ്ങിയവർ  പങ്കെടുക്കും. മലങ്കര സഭാ ഗുരുരത്നം ഡോ. ടി. ജെ. ജോഷ്വാ അച്ചൻ ക്ളാസ്സുകൾക്ക്‌ നേതൃത്വം നൽകും. ഇടവകയുടെ സ്ഥാപക അംഗങ്ങളെയും വിശിഷ്ട വ്യക്തിത്വങ്ങളേയും ചടങ്ങിൽ ആദരിക്കും.

രാവിലെ 7.30 ന്‌ ദയറാ ചാപ്പലിൽ നടക്കുന്ന വിശുദ്ധ കുർബ്ബാനയെ തുടർന്നാണ്‌ പരിപാടികൾക്ക്‌ തുടക്കം കുറിക്കുന്നത്‌. 9.15 ന്‌ രജിസ്ട്രേഷൻ, 10 മുതൽ നടക്കുന്ന അംഗങ്ങളുടെ സംഗമത്തിൽ ധ്യാനം, ക്ളാസ്സ്‌, പ്രവാസത്തിൻ്റെ ഓർമ്മകൾ പങ്ക്‌ വയ്ക്കപ്പെടുന്ന സ്മൃതിപഥങ്ങൾ, ചർച്ച, അലുമ്നി അസ്സോസ്സിയേഷൻ രൂപീകരണം എന്നിവ നടക്കും. 

ഉച്ചകഴിഞ്ഞ് 2 മണി മുതൽ പൊതു സമ്മേളനം. ഒമാനിൽ ഇടവക സ്ഥാപിതമായി 50 ആണ്ടുകൾ പിന്നിടുന്ന ഈ പ്രവർത്തന വർഷം വിവിധങ്ങളായ പദ്ധതികളും പരിപാടികളുമാണ്‌ ആവിഷ്ക്കരിച്ചിരിക്കുന്നത്‌. സുവർണ്ണ ജൂബിലി പദ്ധതിയായി കോട്ടയം മെഡിക്കൽ കോളേജിനോട്‌ ചേർന്ന്‌ പ്രവർത്തിക്കുന്ന മലങ്കര സഭയുടെ കാരുണ്യ നിലയം പാലിയേറ്റീവ്‌ സെന്ററിന്‌ അടിസ്ഥാന സൗകര്യങ്ങളൊരുക്കി നൽകും. 

ഇടവകയുടെ ജീവകാരുണ്യ പദ്ധതിയായ “തണൽ ബൈത്തോ” പദ്ധതിയിലൂടെ നിർദ്ധനരായവർക്ക്‌ ഭവന നിർമ്മാണം, സാന്ത്വനം പദ്ധതിയിൽ ചികിത്സ, വിവാഹം, വിദ്യാഭാസം, ജീവകാരുണ്യ പ്രസ്ഥാനങ്ങൾ തുടങ്ങിയവക്കുള്ള സഹായവും നൽകും. 

മുൻപ്‌ 2012-ലും 2018-ലും പരുമല സെമിനാരിയിൽ വച്ച്‌ മസ്കറ്റ്‌ സംഗമം സംഘടിപ്പിച്ചിരുന്നു. സുവർണ്ണ ജൂബിലി ആഘോഷിക്കുന്ന ഈ വർഷം മൂന്ന്‌ തലമുറകളുടെ സംഗമ വേദിയാകുന്ന പരിപാടിയിൽ പ്രവാസത്തിൻ്റെ ഓർമ്മകൾ പങ്ക്‌ വയ്ക്കുന്നതിനും പ്രവാസ മണ്ണിൽ നിന്നും ആർജ്ജിച്ച ദൈവീക നന്മകളെ നന്ദിപൂർവ്വം സ്മരിക്കുന്നതിനുമുള്ള അവസരമാകുമെന്നും ഭാരവാഹികൾ പറഞ്ഞു.
.
ശ്രേഷ്ഠമായ ആരാധനാ നിർവ്വഹണത്തോടൊപ്പം ഇടവക രൂപീകൃതമായ നാൾ മുതൽ സമൂഹത്തിൽ അശരണരും ആലംബ ഹീനരും രോഗാതുരമായവർക്കും നിർദ്ധനരായവർക്കും സഹായമെത്തിക്കുവാൻ വിവിധ ജീവകാരുണ്യ പദ്ധതികളാണ്‌ ആവിഷ്ക്കരിച്ച്‌ നടപ്പിലാക്കി വരുന്നത്‌. ചികിത്സാ നിധി, വിദ്യാഭാസ സഹായ നിധി, വിഹാഹ സഹായ്‌ നിധി, കുടുംബ ക്ഷേമം, എമർജൻസി ഏയിഡ്‌ ഫണ്ട്‌ തുടങ്ങിയവ ആദ്യകാലങ്ങളിൽ വിജയകരമായി നടപ്പാക്കിയ ജീവകാരുണ്യ പദ്ധതികളായിരുന്നു. 2005-ൽ നടപ്പാക്കിയ വിവാഹ സഹായ പദ്ധതി, 2006 മുതൽ കഴിഞ്ഞ 16 വർഷക്കാലമായി തണൽ ജീവകാരുണ്യ പദ്ധതിയിലൂടെ ഭവന നിർമ്മാണം, വൈദിക ക്ഷേമ നിധി, സൗജന്യ ഹൃദയ ശസ്ത്രക്കിയാ പധതി, വൃക്ക രോഗികൾകൾക്കുള്ള ചികിത്സാ സഹായം, കാൻസർ രോഗികൾക്കുള്ള ചികിത്സാ സഹായം തുടങ്ങിയ പദ്ധതികളിലൂടെ നൂറുകണക്കിന്‌ നിർദ്ധനരായവർക്ക്‌ കാരുണ്യത്തിന്റെ കരസ്പർശമേകുവാൻ ഇടവകയ്ക്ക്‌ സാധിച്ചതായും അവർ പറഞ്ഞു.

മസ്ക്കറ്റ് മഹാ ഇടവക വികാരി ഫാ.വർഗീസ് ടിജു ഐപ്പ്, മസ്ക്കറ്റ് മഹാ ഇടവക ട്രസ്റ്റി ജാപ്പ്സൻ വർഗീസ്, കൺവീനർ സാബു കോശി, പ്രോഗ്രാം കോ ഓർഡിനേറ്റർ നിതിൻ ചിറത്തിലാട്ട് എന്നിവർ പത്രസമ്മേളനത്തിൽ പങ്കെടുത്തു.
أحدث أقدم