പബ്ജി കളിക്കുന്നതിനിടെ ഫോണിൽ അശ്ലീല വീഡിയോ കണ്ടു; എല്ലാവരോടും പറയുമെന്ന് ഭീഷണിപ്പെടുത്തിയ 11കാരനെ സുഹൃത്തുക്കൾ കൊലപ്പെടുത്തി


ലഖ്നൗ: മൊബൈൽ ഫോണിലെ അശ്ലീല വിഡിയോ കണ്ടുപിടിച്ച് ഭീഷണിപ്പെടുത്തിയ 11കാരനെ സുഹൃത്തായ യുവാവും സംഘവും കൊലപ്പെടുത്തി. ഉത്തര്‍പ്രദേശ് ഝാൻസിയിലെ ലാഹ്ചുര പൊലീസ് സ്റ്റേഷന്‍ പരിധിയിലാണ് സംഭവം. നാല് ദിവസങ്ങളായി കുട്ടിയെ കാണാതായതിനെത്തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് കൊലപാതകത്തെക്കുറിച്ചുള്ള വിവരങ്ങള്‍ പുറത്തെത്തുന്നത്.

കുട്ടിയുടെ സുഹൃത്തായിരുന്ന രാഘവേന്ദ്ര രജ്പുത് എന്നയാളെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. കുട്ടിയുമായി നല്ല അടുപ്പത്തിലായിരുന്ന രാഘവേന്ദ്ര കുട്ടിയ്‌ക്കൊപ്പം വിഡിയോ ഗെയിമുകള്‍ കളിക്കുന്നത് പതിവായിരുന്നു. രാഘവേന്ദ്രയുടെ ഫോണില്‍ ബുധനാഴ്ച പബ്ജി കളിച്ചുകൊണ്ടിരിക്കെ കുട്ടി അശ്ലീല ദൃശ്യങ്ങളടങ്ങിയ ഒരു ഫോള്‍ഡര്‍ കണ്ടെത്തുകയും ഇത് താന്‍ എല്ലാവരോടും പറയുമെന്ന് രാഘവേന്ദ്രയെ ഭീഷണിപ്പെടുത്തുകയും ചെയ്തു. കുട്ടി ബഹളം വച്ചതോടെ യുവാവ് ഭയന്നു.

കുട്ടിയെ അനുനയിപ്പിക്കാന്‍ ശ്രമിച്ചെങ്കിലും വഴങ്ങാതെ വന്നതോടെ കുട്ടിയെ ഇയാള്‍ വടികൊണ്ട് തലയ്ക്കടിച്ച് കൊലപ്പെടുത്തുകയായിരുന്നു. ഏറെ വൈകിയിട്ടും കുട്ടി വീട്ടില്‍ തിരിച്ചെത്താതായതോടെ പിതാവ് ലാഹ്ചുര പൊലീസില്‍ പരാതി നല്‍കി. തുടര്‍ന്ന് നടത്തിയ നാല് ദിവസം നീണ്ട അന്വേഷണത്തിനൊടുവിലാണ് കുട്ടിയുടെ മൃതദേഹം പൊലീസ് കണ്ടെത്തുന്നത്. പിന്നീട് പൊലീസ് നായയെ കൊണ്ടുവന്ന് ഉള്‍പ്പെടെ അന്വേഷണം നടത്തി. ഈ സമയം ആൾക്കൂട്ടത്തിനിടയിൽ ഉണ്ടായിരുന്ന രാഘവേന്ദ്രയേയും സുഹൃത്തുക്കളേയും പൊലീസ് നായ തിരിച്ചറിയുകയായിരുന്നു. പിടിയിലായവരിൽ ഒരാള്‍ പ്രായപൂർത്തിയാകാത്ത കുട്ടിയാണ്. മറ്റുള്ളവരെല്ലാം ഏകദേശം 23 വയസ് പ്രായമുള്ളവരാണ്.

കൊല നടത്താൻ ഉപയോഗിച്ച വടിയും ചോര വീണ ഷർട്ടും പ്രതിയുടെ മൊബൈൽ ഫോണും പൊലീസ് കണ്ടെടുത്തു.

أحدث أقدم