കളക്ടറേറ്റിന് മുന്നിലെ സംഘർഷം: യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറിയും ജില്ലാ പഞ്ചായത്തംഗവും ഉൾപ്പടെ 11 പേർ കീഴടങ്ങി


കോട്ടയം: രാഹുൽ ഗാന്ധിയുടെ ഓഫിസ് ആക്രമിച്ച വിഷയത്തിലും ഡിവൈഎഫ്‌ഐ പ്രവർത്തകർ യൂത്ത് കോൺഗ്രസ് പ്രവർത്തകരെ ആക്രമിച്ച സംഭവത്തിലും പ്രതിഷേധിച്ച് യു.ഡി.എഫ് കളക്ടറേറ്റിലേയ്ക്കു നടത്തിയ മാർച്ചിലുണ്ടായ സംഘർഷവുമായി ബന്ധപ്പെട്ട് 11 യൂത്ത് കോൺഗ്രസ് പ്രവർത്തകർ കൂടി പോലീസ് സ്റ്റേഷനിൽ കീഴടങ്ങി. ഇതോടെ ആകെ അറസ്റ്റിലായ പ്രവർത്തകരുടെ എണ്ണം 20 ആയി. യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി സിജോ ജോസഫ്, ജില്ലാ പഞ്ചായത്തംഗവും കെ.എസ്.യു ജില്ലാ വൈസ് പ്രസിഡന്റുമായ പി.കെ വൈശാഖ്, യൂത്ത് കോൺഗ്രസ് കോട്ടയം മണ്ഡലം പ്രസിഡന്റ് രാഹുൽ മറിയപ്പള്ളി, പുതുപ്പള്ളി മണ്ഡലം പ്രസിഡന്റ് ജെയ്‌സൺ പെരുവേലി, യൂത്ത് കോൺഗ്രസ് ജില്ലാ സെക്രട്ടറി എം.കെ ഷമീർ, ജില്ലാ ജനറൽ സെക്രട്ടറി നിബു ഷൗക്കത്ത്, ജില്ലാ ജനറൽ സെക്രട്ടറി മനു മോഹൻകുമാർ, കോട്ടയം വെസ്റ്റ് മണ്ഡലം കമ്മിറ്റിയംഗം യദു സി.നായർ, ചങ്ങനാശേരി അസംബ്ലി ജനറൽ സെക്രട്ടറി ആന്റോ ആന്റണി, ഐഎൻടിയുസി ജില്ലാ സെക്രട്ടറി ഷക്കീർ ചങ്ങമ്പള്ളി, കോൺഗ്രസ് വാഴൂർ മണ്ഡലം സെക്രട്ടറി സ്‌കറിയ തോമസ് എന്നിവരാണ് കോട്ടയം ഈസ്റ്റ് പൊലീസ് സ്റ്റേഷനിൽ കീഴടങ്ങിയത്.


കോൺഗ്രസ് ചങ്ങനാശേരി നിയോജക മണ്ഡലം സെക്രട്ടറി അരുൺ ബാബുവിനേ വ്യാഴാഴ്ച പുലർച്ചെ പൊലീസ് വീട്ടിൽ കയറി അറസ്റ്റു ചെയ്തിരുന്നു. ഇദ്ദേഹത്തെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. ഇതിനു ശേഷം കോടതിയിൽ കീഴടങ്ങിയ പ്രവർത്തകരെ മജിസ്‌ട്രേറ്റ് കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്യും. പൊലീസ് ലാത്തിച്ചാർജിൽ പരിക്കേറ്റ പ്രവർത്തകരും ഇന്ന് അറസ്റ്റിലായവരിലുണ്ട്. സിജോ ജോസഫിനും, പി.കെ വൈശാഖിനും രാഹുൽ മറിയപ്പള്ളിയേക്കും പൊലീസിന്റെ ലാത്തിയടിയിൽ പരിക്കേറ്റിട്ടുണ്ട്.
أحدث أقدم