തിരുവനന്തപുരം; മെഡിക്കൽ കോഴ്സുകളിലേക്കുള്ള ദേശീയ പ്രവേശന പരീക്ഷയായ നീറ്റ് ഇന്ന് നടക്കും. ഉച്ചക്കുശേഷം രണ്ട് മുതൽ 5.20വരെയാണ് പരീക്ഷ. 1.30ന് ശേഷം പരീക്ഷ കേന്ദ്രത്തിലേക്ക് പ്രവേശനം അനുവദിക്കില്ല. അഡ്മിറ്റ് കാർഡുകൾ https://neet.nic.in വെബ്സൈറ്റിൽ ലഭ്യമാണ്.
ഇന്ത്യയിലും വിദേശത്തുമായി 18.72 ലക്ഷം വിദ്യാർഥികളാണ് പരീക്ഷയ്ക്കായി രജിസ്റ്റർ ചെയ്തിരിക്കുന്നത്. കേരളത്തിൽ 16 നഗരകേന്ദ്രങ്ങളിലായി 1.20 ലക്ഷം പേരാണ് പരീക്ഷയെഴുതുന്നത്. കാസർകോട്, പയ്യന്നൂർ, കണ്ണൂർ, വയനാട്, കോഴിക്കോട്, മലപ്പുറം, പാലക്കാട്, തൃശൂർ, അങ്കമാലി, എറണാകുളം, മൂവാറ്റുപുഴ, കോട്ടയം, ഇടുക്കി, ആലപ്പുഴ, പത്തനംതിട്ട, കൊല്ലം, തിരുവനന്തപുരം എന്നിവിടങ്ങളിലാണ് കേരളത്തിൽ പരീക്ഷകേന്ദ്രങ്ങൾ.
പരീക്ഷയെഴുതുന്ന വിദ്യാർത്ഥികളുടെ ശ്രദ്ധയ്ക്ക്
പരീക്ഷക്ക് ഷൂസ് ധരിച്ച് എത്താൻ പാടില്ല. സ്ലിപ്പർ, ഉയരമില്ലാത്ത ഹീലുള്ള ചെരിപ്പ് എന്നിവയാകാം. കട്ടിയുള്ള സോളുള്ള പാദരക്ഷകൾ അനുവദിക്കില്ല. വസ്ത്രങ്ങളിൽ വലിയ ബട്ടണുകൾ പാടില്ല. അയഞ്ഞതും നീണ്ട സ്ലീവ് ഉള്ളതുമായ വസ്ത്രങ്ങൾ പാടില്ല. വിശ്വാസപരമായ വസ്ത്രങ്ങൾ/സാമഗ്രികൾ ധരിക്കുന്നവർ പരിശോധനക്കായി റിപ്പോർട്ടിങ് സമയത്തിെൻറ ഒരു മണിക്കൂർ മുമ്പെങ്കിലും (ഇന്ത്യൻ സമയം ഉച്ചക്ക് 12.30ന് മുമ്പ്) പരീക്ഷ കേന്ദ്രത്തിൽ എത്തണം. പരീക്ഷ ഹാളിൽ കോവിഡ് മാനദണ്ഡങ്ങൾ പാലിക്കണം. ഹാളിൽ കയറും മുമ്പ് പുതിയ മാസ്ക് നൽകും. പനിയുള്ളവർക്ക് പ്രത്യേക മുറിയിലായിരിക്കും പരീക്ഷ.
ഹാജർ രേഖയിൽ പതിക്കാനുള്ള ഫോട്ടോ കയ്യിൽ കരുതണം, ഫോട്ടോയുള്ള തിരിച്ചറിയൽ രേഖ (ആധാർ/റേഷൻ കാർഡ്/വോട്ടർ ഐ.ഡി/പാസ്പോർട്ട്/ഡ്രൈവിങ് ലൈസൻസ്/പാൻകാർഡ്/പ്ലസ് ടു അഡ്മിറ്റ് കാർഡ്), ഭിന്നശേഷി വിദ്യാർഥികളും സ്ക്രൈബും അതിനാവശ്യമായ രേഖകളും കരുതണം. എഴുതാനുള്ള കറുപ്പ് ബോൾ പോയന്റ് പേന പരീക്ഷ ഹാളിൽ ഇൻവിജിലേറ്റർ നൽകും.
പേപ്പർ കഷ്ണങ്ങൾ, ജോമട്രി/പെൻസിൽ പെൻസിൽ ബോക്സ്, പ്ലാസ്റ്റിക് പൗച്ച്, കാൽക്കുലേറ്റർ, പേന, സ്കെയിൽ , റൈറ്റിങ് പാഡ്, പെൻഡ്രൈവ് , ഇറേസർ (റബർ), ലോഗരിഥം ടേബിൾ, ഇലക്ട്രോണിക് പെൻ/ സ്കാനർ, മൊബൈൽ ഫോൺ, ബ്ലൂടൂത്ത്, കൂളിങ് ഗ്ലാസ്, ഇയർ ഫോൺ , മൈക്രോഫോൺ, പേജർ, ഹെൽത്ത് ബാൻഡ്, വാലറ്റ്, ഹാൻഡ് ബാഗ് , ബെൽറ്റ് , തൊപ്പി, വാച്ച്, റിസ്റ്റ് വാച്ച്, ബ്രേസ്ലെറ്റ്, കാമറ, ആഭരണങ്ങൾ , ലോഹസാമഗ്രികൾ, ആഹാര പദാർഥങ്ങൾ എന്നിവ ഹാളിൽ അനുവദിക്കില്ല.