ബഹ്റൈനിൽ 13 വർഷമായി വീട്ടുകാരുമായി ബന്ധമില്ലാതിരുന്ന മലയാളിയായ പ്രവാസിയെ കണ്ടെത്തി; തുണയായത് മകൾ പങ്കുവെച്ച പോസ്റ്റ്


ബഹ്റൈൻ : തന്റെ അച്ഛനെ 13 വർഷമായി കാണാനില്ലെന്ന് പറഞ്ഞ് കഴിഞ്ഞ ദിവസം വേദനിപ്പിക്കുന്ന ഒരു പോസ്റ്റുമായി ഒരു പെൺകുട്ടി സോഷ്യൽ മീഡിയയിൽ എത്തിയിരുന്നു. തിരുവനന്തപുരം സ്വദേശിയായ അഞ്ജു എന്ന പെൺകുട്ടിയാണ് പോസ്റ്റ് സോഷ്യൽ മീഡിയയിൽ ഷെയർ ചെയ്തത്. പിതാവിനെ കണ്ടെത്താൻ മകൾ സമൂഹമാധ്യമങ്ങളിലൂടെ നടത്തിയ അഭ്യർഥന പ്രവാസി മലയാളികൾ ഏറ്റെടുത്തിരുന്നു. തിരുവനന്തപുരം കുളത്തൂർ ഉച്ചക്കട സ്വദേശിയായ കെ. ചന്ദ്രനെ ആണ് കാണാനില്ലെന്ന് പറഞ്ഞാണ് മകൾ സോഷ്യൽ മീഡിയയിൽ കുറിപ്പ് പങ്കുവെച്ചത്.



2009 ആഗസ്റ്റ് 18നാണ് ചന്ദ്രൻ ബഹ്റൈനിൽ ജോലിക്കായി എത്തുന്നത്. 2011ൽ അദ്ദേഹത്തിന്റെ വിസ കാലാവധി കഴിഞ്ഞു. എന്നാൽ പിന്നീട് അദ്ദേഹം തന്റെ വിസ പുതുക്കിയില്ല. ഇതിന്റെ ഇടയിൽ അദ്ദേഹത്തിന്റെ പാസ്പോർട്ടിന്റെ കാലാവധിയും കഴിഞ്ഞു. പിന്നീട് ചെറിയ ജോലികൾ ചെയ്തു അദ്ദേഹം ഗൾഫിൽ തന്നെ കൂടി. നാട്ടിലേക്ക് പോയില്ല. കഴിഞ്ഞ ദിവസം ആയിരുന്നു തന്റെ അച്ഛനെത്തേടി മകൾ അഞ്ജു ഫേസ്ബുക്കിൽ കുറിപ്പ് പങ്കുവെച്ചത്. തനിക്ക് ആറു വയസ്സുള്ളപ്പോഴാണ് ചന്ദ്രൻ ബഹ്റൈനിലേക്കു പോയത്. ഏറെക്കാലം വിവരമൊന്നും ലഭിക്കാത്തതിനെത്തുടർന്ന് ചന്ദ്രനെ കണ്ടുപിടിക്കാൻ വീട്ടുകാർ നിരവധി ശ്രമങ്ങൾ നടത്തിയെങ്കിലും ഫലമുണ്ടായില്ല. കണ്ടെത്താൻ സഹായിക്കണം എന്നായിരുന്നു മകളുടെ പോസ്റ്റ്.


വീട്ടിൽ അമ്മക്ക് ജോലിയില്ല. കോളേജ് ഫീസ് അടക്കാൻ മറ്റു മാർഗങ്ങൾ ഇല്ല. അച്ഛനെ എങ്ങനെയെങ്കിലും കണ്ടുപിടിച്ചുതരണമെന്ന് അഞ്ജു ഫേസ്ബുക്ക് പേസ്റ്റിൽ പറയുന്നു. പോസ്റ്റ് സോഷ്യൽ മീഡിയയിൽ വൈറലായതോടെ പ്രവാസികൾ പേസ്റ്റ് ഏറ്റെടുത്തു. പലവഴിക്കും ചന്ദ്രനായി അന്വേഷണം ആരംഭിച്ചു. മുഹറഖിലുള്ള ശറഫുദ്ദീൻ എന്നയാളാണ് ചന്ദ്രനെക്കുറിച്ചുള്ള ആദ്യ സൂചന നൽകിയത്. തിരുവനന്തപുരം കുളത്തൂർ ഉച്ചക്കട സ്വദേശിയായ കെ. ചന്ദ്രനെ പിന്നീട് സാമൂഹിക പ്രവർത്തകനായ സുധീർ തിരുനിലത്തിന്റെ നേതൃത്വത്തിൽ നടത്തിയ അന്വേഷണത്തിൽ കണ്ടെത്തുകയായിരുന്നു. അംവാജിൽ നിർമാണത്തൊഴിലാളിയായ ചന്ദ്രൻ മുഹറഖിലാണ് താമസിച്ചിരുന്നത്.


വീട്ടുകാരുമായി ഫോണിൽ സംസാരിച്ച ചന്ദ്രൻ താൻ നാട്ടിലേക്ക് പോകാൻ തയ്യാറാണെന്ന സന്നദ്ധതയും അറിയിച്ചിട്ടുണ്ട്. തന്റെ പിതാവിനെ കണ്ടെത്താൻ സാധിച്ചതിൽ വലിയ സന്തോഷമുണ്ടെന്ന് മകൾ അഞ്ജുവും മറ്റ് കുടുംബാംഗങ്ങളും പ്രതികരിച്ചു. സാമൂഹിക പ്രവർത്തകർ ആയ പ്രവാസികളുടെ ആത്മാർഥമായ പരിശ്രമത്തിന്റെ ഭാഗമായാണ് ഇദ്ദേഹത്തെ കണ്ടെത്താൻ സാധിച്ചത്. നാട്ടിൽ വലിയ പ്രയാസത്തിൽ ആണ് കുടുംബം കഴിയുന്നത്. ചെറിയ ഒരു വീട മാത്രമാണ് ഇവർക്ക് സ്വന്തമായി ഉള്ളത്. അഞ്ജുവിന്റെ പഠനം കുടുംബത്തിന് മുന്നിൽ വലിയ ചോദ്യ ചിഹ്നമായിരുന്നു. ഇയാളെ കുറിച്ചുള്ള വിവരങ്ങൾ ഇന്ത്യൻ എംബസിയിൽ അറിയിച്ചിട്ടുണ്ട്. ചന്ദ്രന് നാട്ടിൽ പോകാനുള്ള രേഖകൾ എല്ലാം ഉടൻ ശരിയാകും. ഇതിന് ശേഷം ഇദ്ദേഹത്തെ നാട്ടിലേക്ക് അയക്കാൻ സാധിക്കും എന്നാണ് സാമൂഹിക പ്രവർത്തകരുടെ പ്രതീക്ഷ.

أحدث أقدم