ഗുവഹാത്തി: 14 അടി നീളവും 55 കിലോ ഭാരമുള്ള കൂറ്റന്‍ ബര്‍മീസ് പെരുമ്പാമ്പിനെ പിടികൂടി. അസമിലെ നാഗോണ്‍ ജില്ലയിലെ കാലിയബോര്‍ മേഖലയിലെ സോനാരി തേയില തോട്ടത്തില്‍ നിന്നാണ് പാമ്പിനെ പിടികൂടിയത്.
തോട്ടം തൊഴിലാളികള്‍ കീടനാശിനി തളിക്കുന്നതിനിടെയാണ് പാമ്പിനെ കണ്ടത്. പരിഭ്രാന്തരായ തൊഴിലാളികള്‍ ഉടന്‍ തന്നെ വനംവകുപ്പിനെ വിവരം അറിയിക്കുകയായിരുന്നു. അതിനിടെ പാമ്പുപിടിത്തക്കാരന്‍ സഞ്ജീബ് ദേക്കയെന്നായാള്‍ സ്ഥലത്തെത്തി പാമ്പിനെ പിടികൂടുകയായിരുന്നു.
താന്‍ ജീവിതത്തില്‍ കണ്ടിട്ടുള്ളതില്‍ വലിയ പാമ്പാണ് ഇതെന്ന് അദ്ദേഹം പറഞ്ഞു. പിന്നീട് വനംവകുപ്പ് ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തില്‍ സമീപത്തെ കാട്ടില്‍ തുറന്നുവിട്ടു. ലോകത്തില്‍ കാണപ്പെടുന്ന ഏറ്റവും വലിയ അഞ്ച് പാമ്പുകളില്‍ ഒന്നാണ് ബര്‍മീസ് പെരുമ്പാമ്പ്. ഏകദേശം 25 അടിയോളം നീളവും 137 കിലോ ഭാരവും വരെ വളരും.