പനിച്ചുവിറച്ച് കേരളം ; ദിവസവും ചികിത്സതേടുന്നത് 15,000ത്തിലധികം പേർ


തിരുവനന്തപുരം: സംസ്ഥാനത്ത് പനിബാധിതരുടെ എണ്ണം ആശങ്കയുയര്‍ത്തുംവിധം ഉയരുന്നു. 15,000 ത്തിലധികം പേരാണ് ഓരോദിവസവും പനിബാധിതരാകുന്നത്.

 ജൂണില്‍ മാത്രം 3,50,000 പേരാണ് പനിബാധിച്ച് ചികിത്സതേടിയതെന്ന് ആരോഗ്യവകുപ്പിന്റെ കണക്കുകള്‍ പറയുന്നു. ഈ മാസം ഇതുവരെ 28,643 പേരാണ് ചികിത്സതേടിയത്. കഴിഞ്ഞ ശനിയാഴ്ച മാത്രം 15,212 പേര്‍ ചികിത്സതേടി.
ഇതില്‍ 77 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഈ മാസം ഇതുവരെ പനിബാധിച്ച് രണ്ടുപേര്‍ മരിച്ചതായും ആരോഗ്യവകുപ്പിന്റെ കണക്കുകളില്‍ പറയുന്നു. ആരോഗ്യവകുപ്പിന്റെ കണക്കില്‍പ്പെടാത്ത മരണങ്ങള്‍ വേറെയുമുണ്ട്.

വൈറല്‍ പനിക്ക് പുറമെ വിവിധ ജില്ലകളില്‍ ഡെങ്കിപ്പനി, എലിപ്പനി എന്നിവയും പടരുന്നുണ്ട്.
ഈ മാസം ഇതുവരെ 84 പേര്‍ക്ക് ഡെങ്കിപ്പനിയുടെ രോഗലക്ഷണങ്ങള്‍ കണ്ടെത്തി. ഇതില്‍ 51 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. എറണാകുളം ജില്ലയിലാണ് ഡെങ്കിപ്പനി വ്യാപിക്കുന്നത്. സംസ്ഥാനത്ത് ആകെ ഈ മാസം 11 പേര്‍ക്ക് എലിപ്പനിയും എട്ടുപേര്‍ക്ക് മഞ്ഞപ്പിത്തവും സ്ഥിരീകരിച്ചു. ഡെങ്കിപ്പനി ബാധിച്ച് മൂന്നുപേരും എലിപ്പനിയെ തുടര്‍ന്ന് ഏഴുപേരും മഞ്ഞപ്പിത്തം ബാധിച്ച് മൂന്നുപേരും ഈ മാസം ഇതുവരെ മരിച്ചതായും ആരോഗ്യവകുപ്പിന്റെ കണക്കുകള്‍ പറയുന്നു.


أحدث أقدم