16കാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസ്; പ്രതിയുടെ അമ്മ ആത്മഹത്യ ചെയ്തു




കോഴിക്കോട്: പ്രായപൂർത്തിയാകാത്ത ദളിത്‌ പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയ കേസിലെ പ്രതിയുടെ അമ്മ ആത്മഹത്യ ചെയ്തു. കഴിഞ്ഞ ദിവസം അറസ്റ്റിലായ സുബിന്റെ അമ്മ ജലജയാണ് മരിച്ചത്. 

വെള്ളിയാഴ്ച രാവിലെയാണ് 51കാരിയായ ജലജയെ വീട്ടിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. മകൻ കേസിൽ ഉൾപ്പെട്ട മനോവിഷമത്തിലാണ് ആത്മഹത്യ എന്നാണ് സൂചന. മകൻ കേസിൽ ഉൾപ്പെട്ടതിലെ വിഷമം അയൽവാസികളുമായി ജലജ പങ്കുവെച്ചിരുന്നു. 

എലത്തൂർ പോക്‌സോ കേസിൽ മുഖ്യ പ്രതിയായ അബ്ദുൾ നാസറിന് കുട്ടിയെ പരിചയപ്പെടുത്തിയത് സുബിനാണ്. ടിസി വാങ്ങാൻ സ്‌കൂളിലേക്ക് പോയ പെൺകുട്ടിയെ അബ്ദുൾ നാസർ പ്രലോഭിപ്പിച്ച് കാറിൽ കയറ്റി കൊണ്ടുപോയി പീഡിപ്പിച്ചു എന്നാണ് കേസ്. 16 കാരിയെ മറ്റ് സംസ്ഥാനത്തേക്ക് കടത്താൻ ശ്രമിച്ചിരുന്നു. ഇതിനിടയിൽ കർണ്ണാടകയിലെ ചെന്നപ്പട്ടന്നത്ത് വെച്ചാണ് നാസറിനെ പൊലീസ് പിടികൂടിയത്.

നാട്ടിലെത്തിച്ചതിന് ശേഷം കുട്ടിയെ കൗൺസിലിങ് നടത്തിയതിൽ നിന്നാണ് മറ്റു പ്രതികളെക്കുറിച്ച് വിവരം ലഭിച്ചത്. ഇതിന്റെ അടിസ്ഥാനത്തിലാണ് സുബിൻ ഉൾപ്പെടെയുള്ള 3 പേരെ പൊലീസ് അറസ്റ്റ് ചെയ്തത്. നേരത്തെ തന്നെ മകൻ ഈ കേസിൽ ഉൾപ്പെട്ടിട്ടുണ്ടെന്ന് ജലജയ്ക്ക് അറിയാമായിരുന്നു. 
أحدث أقدم