കാബൂളിലെ അന്താരാഷ്ട്ര ക്രിക്കറ്റ് സ്റ്റേഡിയത്തിൽ ടി 20 ക്രിക്കറ്റ് മത്സരത്തിനിടെ ബോംബാക്രമണം; നിരവധി പേര്‍ക്ക്


അഫ്ഗാനിസ്ഥാൻ :  കാബൂളിൽ ക്രിക്കറ്റ് മത്സരത്തിനിടെയുണ്ടായ ചാവേർ സ്‌ഫോടനത്തിൽ 19 പേരെങ്കിലും മരിച്ചതായി റിപ്പോര്‍ട്ട്. ഇന്നലെ ഉച്ചയ്ക്ക് കാബൂൾ ഇന്‍റർനാഷണൽ ക്രിക്കറ്റ് സ്റ്റേഡിയത്തിൽ രാജ്യത്തെ ഷ്പജീസ ലീഗ് ടി20 മത്സരത്തിനിടെയായിരുന്നു ബോംബ് സ്ഫോടനം ഉണ്ടായത്. വൈകുന്നേരം 4.30 ഓടെയാണ് സ്‌ഫോടനം നടന്നതെന്നാണ് റിപ്പോർട്ട്.  സ്ഫോടനത്തില്‍ നാല് പേര്‍ക്ക് പരിക്കേറ്റെന്നും ആര്‍ക്കും ജീവഹാനിയില്ലെന്നും പ്രാദേശീക റിപ്പോര്‍ട്ടുകള്‍ പറയുന്നു. എന്നാല്‍ യുഎന്‍ 'സിവിലിയന്മാർക്കും സിവിലിയൻ വസ്തുക്കൾക്കുമെതിരായ ആക്രമണങ്ങൾ അന്താരാഷ്ട്ര മാനുഷിക നിയമപ്രകാരം കർശനമായി നിരോധിച്ചിരിക്കുന്നു.' എന്നും അന്‍റോണിയോ ഗുട്ടെറസ് തന്‍റെ ട്വീറ്റില്‍ കൂട്ടിചേര്‍ത്തു. എന്നാല്‍, സ്ഫോടനത്തില്‍ എത്ര പേര്‍ കൊല്ലപ്പെട്ടുവെന്നതിന് കൃത്യമായ കണക്കുകള്‍ ഇതുവരെ ലഭ്യമല്ല. സെക്രട്ടറി ജനറല്‍ അന്‍റോണിയോ ഗുട്ടെറസ് ' കുറഞ്ഞത് 19 സാധാരണക്കാരുടെ ജീവനെടുത്ത, കൂടുതല്‍ നാശനഷ്ടമുണ്ടാക്കിയ ഭീകരവാദ സ്ഫോടനത്തെ അപലപിച്ച് ട്വീറ്റ് ചെയ്തു. 'മത്സരം കുറച്ച് സമയത്തേക്ക് നിർത്തി വയ്ക്കേണ്ടിവന്നു. സ്ഥലം വൃത്തിയാക്കിയ ശേഷം മത്സരം പുനരാരംഭിച്ചു.' എന്നായിരുന്നു താലിബാൻ വക്താവ് ഖാലിദ് സദ്രാൻ റോയിട്ടേഴ്‌സിനോട് പറഞ്ഞത്. അഫ്ഗാനിസ്ഥാൻ ക്രിക്കറ്റ് ബോർഡ് ചീഫ് എക്സിക്യൂട്ടീവ് നാസിബ് ഖാൻ എല്ലാ കളിക്കാരും മാച്ച് ഒഫീഷ്യലുകളും സുരക്ഷിതരാണെന്ന് ഉറപ്പിച്ച് പറയുന്നു. കാണികളിൽ നാല് പേർക്ക് മാത്രമാണ് പരിക്കേറ്റതെന്നും അദ്ദേഹവും ആവര്‍ത്തിച്ചു. 

എന്നാല്‍, കളി കാണാനായെത്തിയവര്‍ എടുത്ത്, സാമൂഹിക മാധ്യമങ്ങളില്‍ പങ്കുവച്ച നിരവധി വീഡിയോകളില്‍  ബോംബ് സ്ഫോടനത്തെ തുടര്‍ന്ന് സ്റ്റേഡിയത്തിലുടനീളം പ്രശ്നങ്ങളായിരുന്നുവെന്നതിന്‍റെ തെളിവുകള്‍ നല്‍കുന്നു. അഫ്ഗാനിസ്ഥാനിലെ യുഎൻ അസിസ്റ്റൻസ് മിഷന്‍  പ്രതിനിധി, സ്ഫോടനത്തിന്‍റെ പശ്ചാത്തലത്തിൽ പ്രാദേശിക ആശുപത്രികളിലേക്ക് 'നിരവധി' പരിക്കേറ്റ് ശരീരങ്ങള്‍ എത്തിചേര്‍ന്നതായി വിവരം ലഭിച്ചതായി അറിയിച്ചു. 

'അഫ്ഗാനിസ്ഥാനിലെ ജനങ്ങൾ തുറന്നുകാട്ടുന്ന ഭയാനകവും പെട്ടെന്നുള്ളതുമായ അക്രമത്തിന്‍റെ മറ്റൊരു വേദനാജനകമായ ഓർമ്മപ്പെടുത്തലാണ് ഇന്നത്തെ സ്ഫോടനം.' എന്ന് യുഎന്‍ പ്രത്യേക പ്രതിനിധി ഡോ. റമീസ് അലക്‌ബറോവ് അഭിപ്രായപ്പെട്ടു. 

'സ്പോർട്സ് ആളുകൾക്ക് പ്രതീക്ഷ നൽകുന്നു, കുട്ടികൾക്കും തലമുറകൾക്കും ഒരുപോലെ പ്രചോദനം നൽകുന്നു, തടസ്സങ്ങൾ തകർക്കുന്നതിലും സമൂഹങ്ങളെ ഒരുമിച്ച് കൊണ്ടുവരുന്നതിലും നിർണായക പങ്ക് വഹിക്കുകയും അഭിമാനത്തിന്‍റെ പ്രധാന ഉറവിടമായി വർത്തിക്കുകയും ചെയ്യുന്നു. അദ്ദേഹം പറഞ്ഞു. 

'കായിക സൗകര്യങ്ങൾ ഉൾപ്പെടെയുള്ള ജനസംഖ്യയ്‌ക്കെതിരായ ആക്രമണങ്ങൾ കർശനമായി നിരോധിച്ചിക്കേണ്ടിയിരിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. സ്‌ഫോടനത്തെ തുടർന്ന് എല്ലാ കളിക്കാരും ഓഫീഷ്യലുകളും സമീപത്തെ ഒരു ബങ്കറിനുള്ളിലേക്ക് ഓടിക്കയറിയതിനാല്‍ പരിക്കേല്‍ക്കാതെ രക്ഷപ്പെടുകയായിരുന്നു. 

ഷ്പജീസ ലീഗ് ടി20 മത്സരത്തില്‍ ബാൻഡ്-ഇ-അമിർ ഡ്രാഗൺസും പാമിർ സാൽമിയും തമ്മിലുള്ള മത്സരത്തിനിടെയാണ് സ്‌ഫോടനം നടന്നത്. ആക്രമണം നടക്കുമ്പോൾ ഐക്യരാഷ്ട്രസഭയുടെ ഉദ്യോഗസ്ഥരും സ്റ്റേഡിയത്തിൽ ഉണ്ടായിരുന്നു. സ്ഫോടനത്തെ തുടര്‍ന്ന് സ്റ്റേഡിയത്തിലുണ്ടായിരുന്ന കാണികള്‍ പരിഭ്രാന്തരായി നാലുപാടും ചിതറിയോടിയതായി റിപ്പോര്‍ട്ടുകള്‍ പറയുന്നു. 

അക്രമണത്തിന്‍റെ നിരവധി വീഡിയോകള്‍ ഇപ്പോള്‍ രാജ്യത്തെ സാമൂഹിക മാധ്യമങ്ങളില്‍ വൈറലാണ്. സ്റ്റേഡിയത്തിൽ നിന്ന് നിരവധി അപകടങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. എന്നാല്‍ അക്രണണത്തിന്‍റെ ഉത്തരവാദിത്വം ആരും ഏറ്റെടുത്തിട്ടില്ല. 2013 ൽ അഫ്ഗാനിസ്ഥാൻ ക്രിക്കറ്റ് ബോർഡാണ് ഐപിഎൽ പോലുള്ള പ്രൊഫഷണൽ ടി20 ടൂർണമെന്‍റായ ഷ്പജീസ ക്രിക്കറ്റ് ലീഗ് ആരംഭിച്ചത്.

കഴിഞ്ഞ വർഷം ഓഗസ്റ്റിൽ താലിബാൻ അധികാരത്തിൽ വന്നതിന് ശേഷം, രാജ്യത്തെമ്പാടുമായി നടക്കുന്ന ഒറ്റപ്പെട്ട ആക്രമണങ്ങളില്‍  അഫ്ഗാനിസ്ഥാന്‍ തകർന്നിരിക്കുകയാണ്.  അഫ്ഗാനെ അധികാരത്തില്‍ നിന്നും പുറത്താക്കാനായി വ്യത്യസ്‌ത മിലിഷ്യ ഗ്രൂപ്പുകൾ, ന്യൂനപക്ഷങ്ങൾക്കെതിരെ രൂക്ഷമായ ആക്രമണങ്ങളാണ് ആരംഭിച്ചത്. 

കുറച്ച് ദിവസങ്ങൾക്ക് മുമ്പ് കാബൂളിലെ ഗുരുദ്വാര കാർട്ടെ പർവാന്‍റെ ഗേറ്റിന് സമീപം ഒരു സ്‌ഫോടനം നടന്നിരുന്നു. ജൂണിൽ, കാബൂളിലെ ബാഗ്-ഇ ബാലയ്ക്ക് സമീപത്തെ ഗുരുദ്വാര കാർട്ടെ പർവാനിൽ നിരവധി സ്ഫോടനങ്ങളാണ് ഉണ്ടായത്. ഒരു സിഖ് സമുദായാംഗം ഉൾപ്പെടെ രണ്ട് പേരുടെ മരണത്തിനിടയാക്കിയ ഗുരുദ്വാരയിലെ ഭീകരാക്രമണത്തിന്‍റെ ഉത്തരവാദിത്തം ഇസ്ലാമിക് സ്റ്റേറ്റ് അന്ന് ഏറ്റെടുത്തിരുന്നു.

أحدث أقدم