കൊച്ചി: പുതിയ പാര്‍ലമെന്‍റ് മന്ദിരത്തിൻ്റെ നിര്‍മാണത്തോട് അനുബന്ധിച്ച് തയ്യാറാക്കിയ കൂറ്റൻ അശോകസ്തംഭമാണ് കേന്ദ്രസര്‍ക്കാരിനെതിരെ പ്രതിപക്ഷം ഉയര്‍ത്തുന്ന ആരോപണങ്ങളിൽ ഒടുവിലത്തേത്. ദേശീയചിഹ്നത്തിലെ സിംഹങ്ങൾക്ക് ക്രൂരഭാവമാണെന്നും അടിസ്ഥാനരേഖയിൽ നിന്നു വ്യത്യാസം വരുത്തിയുണ്ടാക്കിയ ശിൽപം ഭരണഘടനാവിരുദ്ധമാണെന്നും പ്രതിപക്ഷം ആരോപിച്ചു കഴിഞ്ഞു. എന്നാൽ ബിജെപി വൃത്തങ്ങളും ശിൽപം തയ്യാറാക്കിയവരും ഈ ആരോപണങ്ങൾ ഒരുപോലെ തള്ളുന്നു.
വായടച്ചു പിടിച്ചാലും തുറന്നാലും മാംസാഹാരികളായ സിംഹങ്ങൾ ക്രൂരന്മാര്‍ തന്നെയാണെന്നും പലരും പറയുന്നുണ്ട്. എന്നാൽ ആഴ്ചകളോളമെടുത്ത് യഥാര്‍ഥ സിംഹങ്ങളുടെ പെരുമാറ്റരീതികളും ഭാവങ്ങളും വിലയിരുത്തിയാണ് ദേശീയ ചിഹ്നത്തിൻ്റെ അന്തിമ ഡ്രാഫ്റ്റ് തയ്യാറാക്കിയത് എന്നത് പലര്‍ക്കുമറിയില്ല. സര്‍നാഥിലെ അശോകസ്തംഭമാണ് ദേശീയചിഹ്നത്തിന് ആധാരമെങ്കിലും ഇതിൽ ആവശ്യമായ മാറ്റങ്ങൾ വരുത്തിയിട്ടുണ്ടെന്ന് ചരിത്രരേഖകൾ തന്നെ വ്യക്തമാക്കുന്നുണ്ട്.
വിശ്വഭാരതി സര്‍വകലാശാലയിലെ കലാഭവൻ്റെ പ്രിൻസിപ്പലും ഇന്ത്യയിലെ ആധുനികകലയുടെ പിതാവുമായ നന്ദലാൽ ബോസിനായിരുന്നു ഭരണഘടനയുടെ ഒറിജിനൽ പകര്‍പ്പിലെ ചിത്രപ്പണികളുടെയും ദേശീയചിഹ്നത്തിൻ്റെയും ചുമതല. അദ്ദേഹവും ശിഷ്യന്മാരും ചേര്‍ന്നാണ് ചരിത്രപരമായ ഈ കലാസൃഷ്ടികൾ പൂര്‍ത്തിയാക്കിയത്. ബോസിൻ്റെ ശിഷ്യനായിരുന്ന ദിനനാഥ് ഭാര്‍ഗവയ്ക്കായിരുന്നു ഭരണഘടനയുടെ മുഖചിത്രമാകേണ്ടിയിരുന്ന ദേശീയചിഹ്നം തയ്യാറാക്കാനുള്ള ഉത്തരവാദിത്തം. 1947ൽ ദേശീയചിഹ്നം അംഗീകരിക്കപ്പെടുമ്പോൾ 20 വയസ് മാത്രമായിരുന്നു ഭാര്‍ഗവയുടെ പ്രായം.
1940കളിൽ ഭാര്‍ഗവ കലാഭവനിലെ വിദ്യാര്‍ഥിയായിരുന്നു. സുപ്രധാനമായ ജോലി ബോസ് തന്‍റെ ഏറ്റവും സമര്‍ഥരായ അഞ്ച് വിദ്യാര്‍ഥികളെയാണ് ഏൽപ്പിച്ചത്. അവരിൽ ഒരാളായിരുന്നു ദിനനാഥ് ഭാര്‍ഗവ. മോഹൻജദാരോ, സിന്ധൂനദീതട സംസ്കാരം മുതൽ അക്കാലം വരെയുള്ള ഇന്ത്യൻ ഉപഭൂഖണ്ഡത്തിൽ നിന്നുള്ള വിവിധ ശൈലികൾ ഉപയോഗിച്ച് ഭരണഘടനയുടെ കവര്‍ ചിത്രവും 34 പേജുകളുടെയും അരികുകളും രൂപകൽപന ചെയ്യാനായിരുന്നു നിര്‍ദേശം. സര്‍നാഥിലെ അശോകസ്തംഭത്തിൽ നിന്നുള്ള ലയൺ കാപ്പിറ്റൽ തന്നെ കവര്‍ചിത്രമായി വരണമെന്നും നിര്‍ദേശിച്ചിരുന്നു.