തളർന്നുവീഴുന്നു, 24 മണിക്കൂറിനകം ചാകുന്നു; 3 ദിവസത്തിനിടെ ചത്തത് ഫാമുകളിലെ 87 പന്നികൾ; ആശങ്ക


ലഖ്നൗ: ഉത്തർപ്രദേശിലെ ലഖ്നൗവിൽ പന്നികൾ കൂട്ടത്തോടെ ചത്തൊടുങ്ങുന്നത് പരിഭ്രാന്തി പരത്തുന്നു. കഴിഞ്ഞ മൂന്നു ദിവസത്തിനിടെ ഫൈസുള്ളഗഞ്ച് എന്ന ഗ്രാമത്തിൽ പ്രവർത്തിക്കുന്ന രണ്ട് ഫാമുകളിലെ 87 പന്നികളാണ് ചത്തത്. സംഭവത്തിനു പിന്നിൽ അജ്ഞാത രോഗമാണോയെന്ന ആശങ്കയിലാണ് നാട്ടുകാർ. പന്നികളുടെ ജ‍ഡത്തിൻ്റെ സാമ്പിളുകൾ പരിശോധനയക്ക് വിധേയമാക്കിയാലേ കാരണം കണ്ടെത്താനാകൂവെന്ന് മൃഗസംരക്ഷണ വകുപ്പ് ഉദ്യോഗസ്ഥർ പറഞ്ഞു.

പ്രദേശത്ത് പ്രവർത്തിക്കുന്ന 12 ലേറെ ഫാമുകളിൽ ഏകദേശം 10,000 ത്തോളം പന്നികളുണ്ട്. കഴിഞ്ഞ ബുധനാഴ്ച പന്നികൾക്ക് തളർച്ച അനുഭവപ്പെടുകയും 24 മണിക്കൂറിനകം ചത്തതോടെയുമാണ് സംഭവങ്ങളുടെ തുടക്കം. മില്ലറ്റ്നഗറിലെ രാം കുമാറിൻ്റെ ഫാമിലെ 39 പന്നികളാണ് ആദ്യം ചത്തത്. വെള്ളിയാഴ്ച രാം കുമാറിൻ്റെ 21 പന്നികളും ശനിയാഴ്ച തൊട്ടടുത്തുള്ള ശ്യാം വിഹാറിൻ്റെ ഫാമിലെ 27 പന്നികളും ചത്തു. കൊതുകുകളെയും കീടങ്ങളെയും നശിപ്പിക്കാനായി രാസവസ്തുക്കൾ തളിച്ചതാണോ പന്നികൾ ചത്തൊടുങ്ങുന്നതിന് കാരണമായതെന്നാണ് രാം കുമാർ സംശയിക്കുന്നത്. ഫാമിനു സമീപത്തുതന്നെ രാം കുമാർ പന്നികളുടെ ജ‍ഡം കുഴിച്ചിട്ടു.

സംഭവത്തിനു പിന്നാലെ ലഖ്നൗ മുനിസിപ്പൽ കോർപറേഷൻ്റെ ഹെൽപ്പ് ലൈൻ നമ്പറിൽ ബന്ധപ്പെട്ടുവെങ്കിലും ആരും പ്രതികരിച്ചില്ലെന്ന് പ്രദേശവാസിയായ ദീപക് കുമാർ പരാതിപ്പെട്ടു. പന്നികളുടെ ജഡത്തിൻ്റെ ചിത്രമടക്കം ട്വിറ്ററിൽ പങ്കുവെച്ച് സമൂഹ്യപ്രവർത്തക മമ്ത ത്രിപാഠി
രംഗത്തെത്തിയതോടെ ലഖ്നൗ മുനിസിപ്പൽ കോർപറേഷൻ, ആരോഗ്യവകുപ്പ് അധികൃതർ സംഭവസ്ഥലത്തെത്തി പരിശോധന നടത്തി. കുഴിച്ചുമൂടിയ പന്നികളുടെ ജഡം പുറത്തെടുത്ത് തുറസായ സ്ഥലത്ത് സംസ്കരിച്ചു.

ജഡം പോസ്റ്റുമോർട്ടത്തിനു വിധേയമാക്കിയെങ്കിലും കാരണം കണ്ടെത്താൻ സാധിച്ചിട്ടില്ല. ഈ സാഹചര്യത്തിൽ ഭോപ്പാലിലെ ലാബിലേക്ക് രക്ത സാമ്പിളുകൾ പരിശോധയ്ക്ക് അയച്ചുവെന്ന് ലഖ്നൗ ചീഫ് വെറ്ററിനറി ഓഫീസർ ഡി കെ ശർമ്മ അറിയിച്ചു. എന്നാൽ പന്നികൾ കൂട്ടത്തോടെ ചത്തൊടുങ്ങുന്നതിനു കാരണം പന്നിപ്പനിയാണെന്ന വാദങ്ങൾ അദ്ദേഹം തള്ളി. പന്നികളുടെ അടുത്തേക്ക് അനാവശ്യമായി ആളുകൾ പോകുന്നത് ഒഴിവാക്കണമെന്നും ഇവയുമായി അടുത്തിടപഴകുമ്പോൾ മാസ്കും കയ്യുറകളും ധരിക്കണമെന്നും അധികൃതർ നിർദേശം നൽകിയിട്ടുണ്ട്.

أحدث أقدم