എംപി 'കയറിപ്പിടിച്ചത്' രണ്ട് പുരുഷന്മാരെ, പറ്റിപ്പോയെന്ന് പ്രധാനമന്ത്രി; 2 മന്ത്രിമാർ രാജിവെച്ചു; താഴെ വീഴുമോ ബോറിസ് സർക്കാർ?

 


ലണ്ടൻ: കൊവിഡ് - 19 മഹാമാരിയും ബ്രെക്സിറ്റ് സൃഷ്ടിച്ച രാഷ്ട്രീയ പ്രതിസന്ധിയും അതിജീവിച്ച ബോറിസ് ജോൺസൺ സർക്കാർ രണ്ട് മന്ത്രിമാരുടെ രാജിയിൽ വിയർക്കുന്നു. ധനമന്ത്രിയും ഇന്ത്യൻ വംശജനുമായ ഋഷി സുനക്, ആരോഗ്യമന്ത്രി സജിദ് ജാവിദ് എന്നിവരാണ് ബ്രിട്ടീഷ് മന്ത്രിസഭയിൽ നിന്ന് രാജിവെച്ചത്. സർക്കാരിൻ്റെ പ്രതിച്ഛായ സംബന്ധിച്ച് രൂക്ഷമായ വിമർശനങ്ങളാണ് രാജിവെച്ച മന്ത്രിമാർ ഉന്നയിച്ചത്.

തെരേസ മേയ്ക്കും ഡേവിഡ് കാമറൂണിനുമൊപ്പം മന്ത്രിസഭാംഗങ്ങളായിരുന്ന കൺസർവേറ്റീവ് പാർട്ടിയിലെ പല മുഖങ്ങളെയും മാറ്റി നിർത്തിയാണ് ഏഷ്യൻ വംശജരായ യുവനേതാക്കളെ ബോറിസ് ജോൺസൺ മന്ത്രിസഭയുടെ ഭാഗമാക്കിയത്. എന്നാൽ ഇത്തരത്തിൽ കൂടെ നിർത്തുകയും സർക്കാരിന് മികച്ച പ്രതിച്ഛായ സമ്മാനിക്കുകയും ചെയ്ത രണ്ട് നേതാക്കളാണ് ബ്രിട്ടീഷ് സർക്കാരിനെ വെട്ടിലാക്കി രാജിവെച്ചിരിക്കുന്നത്. എന്നാൽ ഭാവി പ്രധാനമന്ത്രിയായി വരെ വിലയിരുത്തപ്പെടുന്ന ഋഷി സുനകിൻ്റെ രാജി നേതൃമാറ്റം ലക്ഷ്യമിട്ടുള്ള വിമതനീക്കമാണോ എന്നാണ് രാജ്യം ഉറ്റുനോക്കുന്നത്. മാധ്യമ റിപ്പോർട്ടുകൾ പ്രകാരം ബോറിസ് ജോൺസൺ രാജിവെച്ചാൽ പകരം പ്രധാനമന്ത്രിസ്ഥാനത്തേയ്ക്ക് പരിഗണിക്കാവുന്ന നേതാക്കളുടെ പട്ടികയിൽ പോലും ഋഷി സുനക് ഉണ്ട്.

ബ്രിട്ടീഷ് സർക്കാരിലെ ഒരു ഉന്നതനെതിരെയുള്ള ലൈംഗികാരോപണം ഇയാളെ നിയമിക്കുന്നതിനു മുൻപു തന്നെ ബോറിസ് ജോൺസണ് അറിയാമായിരുന്നു എന്നതാണ് നിലവിലെ വിവാദം. ഇക്കാര്യം അടുത്തിടെ പ്രധാനമന്ത്രിയ്ക്ക് തുറന്നു സമ്മതിക്കേണ്ടി വന്നിരുന്നു. ബോറിസ് ജോൺസൺ സർക്കാരിൽ വിശ്വാസം നഷ്ടപ്പെട്ടെന്നു ചൂണ്ടിക്കാട്ടിയാണ് മന്ത്രിമാരുടെ രാജി. തനിക്കും ബ്രിട്ടീഷ് ജനതയ്ക്കും പ്രധാനമന്ത്രിയിലുള്ള വിശ്വാസം നഷ്ടപ്പെട്ടെന്ന് സജിദ് ജാവീദ് ചൂണ്ടിക്കാട്ടി.

ബോറിസ് ജോൺസണെ നേരിട്ടു വിമ‍ര്‍ശിച്ചു കൊണ്ടാണ് സാജിദ് ജാവീദ് തന്‍റെ രാജിക്കത്ത് നൽകിയത്. "തീരുമാനങ്ങള്‍ എടുക്കുന്നതിൽ ഏറെ കാ‍ര്‍ക്കശ്യമുള്ളവരാണ് കൺസ‍ര്‍വേറ്റീവുകൾ. ശക്തമായ മൂല്യങ്ങളാണ് അവരുടെ ബലം. നമുക്ക് എപ്പോഴും വലിയ ജനപിന്തുണ ഉണ്ടാകണമെന്നില്ല. എന്നാൽ രാജ്യതാത്പര്യം സംരക്ഷിക്കുന്നതിൽ ഞങ്ങൾക്ക് മത്സരബുദ്ധിയുണ്ട്. പക്ഷെ വിഷമകരമെന്നു പറയട്ടെ, ജനങ്ങൾ പറയുന്നത് നിലവിൽ നമുക്ക് ഇതു രണ്ടും ഇല്ലെന്നാണ്. നമ്മുടെ സഹപ്രവ‍ര്‍ത്തകരിൽ വലിയൊരു ശതമാനവും ഇത് അംഗീകരിക്കുന്നു എന്നണ് കഴിഞ്ഞ മാസം നടന്ന അഭിപ്രായ വോട്ടെടുപ്പ് സൂചിപ്പിക്കുന്നത്. പശ്ചാത്തപിക്കാനും പുതിയ തീരുമാനമെടുക്കാനുമുള്ള സമയമായിരുന്നു അത്. എന്നാൽ താങ്കളുടെ ഭരണത്തിനു കീഴിൽ ഒരു മാറ്റവും ഉണ്ടാകാൻ പോകുന്നില്ല എന്നു പറയുന്നതിൽ വിഷമമുണ്ട്. അതുകൊണ്ടു തന്നെ സ‍ര്‍ക്കാരിൽ എനിക്കും ആത്മവിശ്വാസം നഷ്ടപ്പെട്ടിരിക്കുന്നു." സാജിദ് ജാവീദ് രാജിക്കത്തിൽ കുറിച്ചു.


أحدث أقدم