കൂനമ്മാവിലെ വാടക വീട്ടിലേക്ക് താമസം മാറി സ്വപ്‌നാ സുരേഷ്; സുരക്ഷയ്ക്കായി 3 പേര്‍


എറണാകുളം: സ്വര്‍ണക്കടത്ത് കേസ് പ്രതി സ്വപ്‌നാ സുരേഷ് എറണാകുളത്തേയ്ക്ക് താമസം മാറി. വടക്കന്‍ പറവൂരിനടുത്ത് കൂനമ്മാവിലുള്ള ഇരുനില വീടാണ് സ്വപ്‌നാ സുരേഷ് വാടകയ്ക്ക് എടുത്തത്. വിവരം ലഭിച്ചതിനെ തുടര്‍ന്ന് രഹസ്യാന്വേഷണ വിഭാഗം കഴിഞ്ഞ ദിവസം വീട്ടുടമസ്ഥന്റെയടുത്തെത്തി വിവരങ്ങള്‍ ശേഖരിച്ചിരുന്നു. പാലക്കാടായിരുന്നു മുന്‍പ് സ്വപ്‌നാ സുരേഷ് താമസിച്ചിരുന്നത്.

ഞായറാഴ്ച വാരാപ്പുഴ പോലീസ് സ്‌റ്റേഷനിലെത്തി സ്വപ്‌നാ സുരേഷ് ഒപ്പിട്ടിരുന്നു. ഇതിന് പിന്നാലെയാണ് പുതിയ വീട്ടിലേക്ക് താമസത്തിനായി എത്തിയത്. താമസിക്കുന്ന പോലീസ് സ്‌റ്റേഷന്‍ പരിധിയില്‍ സ്വപ്‌നാ സുരേഷ് ആഴ്ചയില്‍ ഒരു ദിവസം നേരിട്ടെത്തി ഒപ്പിടണമെന്ന ജാമ്യവ്യവസ്ഥ നിലനില്‍ക്കുന്നുണ്ട്. തുടര്‍ന്നാണ് കൂനമ്മാവ് ഉള്‍പ്പെടുന്ന വരാപ്പുഴ പോലീസ് സ്‌റ്റേഷനിലെത്തി ഒപ്പിട്ടത്. ഒരു പോലീസ് ഉദ്യോഗസ്ഥനടക്കം 3 പേരെ സ്വപ്നാ സുരേഷിന്റെ സുരക്ഷയ്ക്കായി നിയോഗിച്ചിട്ടുണ്ട്. തനിക്കും കുടുംബത്തിനും വധഭീഷണിയുണ്ടെന്ന സ്വപ്‌നയുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് സുരക്ഷ ഏര്‍പ്പെടുത്തിയത്.

സ്വര്‍ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് സര്‍ക്കാരിനും മുഖ്യമന്ത്രി പിണറായി വിജയനുമെതിരെ സ്വപ്‌നാ സുരേഷ് നിരവധി ആരോപണങ്ങള്‍ ഉന്നയിച്ചിരുന്നു. മുഖ്യമന്ത്രിയുടെ മകള്‍ വീണാ വിജയന്‍ ഉള്‍പ്പെട്ട സാമ്പത്തിക ഇടപാടുകളെക്കുറിച്ചും സ്വപ്‌നാ സുരേഷ് ആരോപണം ഉന്നയിച്ചിരുന്നു. ഈ സാഹചര്യത്തില്‍ വധഭീഷണി മുഴക്കി നിരവധി ഫോണ്‍ കോളുകള്‍ തനിക്ക് ലഭിക്കുന്നുണ്ടെന്നും എപ്പോള്‍ വേണമെങ്കിലും കൊല്ലപ്പെടാമെന്നും കഴിഞ്ഞ ദിവസം സ്വപ്‌ന മാധ്യമങ്ങളോട് പറഞ്ഞിരുന്നു. ഡിജിപിക്ക് ഇത് സംബന്ധിച്ച് രേഖാമൂലം പരാതി കൈമാറുകയും ചെയ്തിരുന്നു. ഭീഷണിയുടെ സ്വരമുള്ള ചില ഫോണ്‍ റെക്കോര്‍ഡുകള്‍ സ്വപ്‌ന പുറത്തുവിടുകയും ചെയ്തിരുന്നു. ഇതിന്റെ അടിസ്ഥാനത്തിന്‍ തിരൂര്‍ സ്വദേശി നൗഫലിനെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.

أحدث أقدم