30 വർഷത്തിനിടെയുള്ള ഏറ്റവും ശക്തമായ മഴ, യു എ ഇയിലെ പ്രധാന നഗരങ്ങളെല്ലാം വെള്ളത്തിനടിയിൽ







ദുബായ് : യു.എ.ഇയുടെ വിവിധ ഭാഗങ്ങളിൽ കനത്ത മഴയിൽ റോഡുകളും വാഹനങ്ങളും വെള്ളത്തിനടിയിലായി. കഴിഞ്ഞ 30 വർഷത്തിനിടെ ഏറ്റവും കൂടുതൽ മഴ ലഭിക്കുന്നത് ഈ മാസമാണെന്ന് കാലാവസ്ഥാ വിദഗ്ദ്ധർ പറയുന്നു. ജൂലായ് 23നും 28നും ഇടയിൽ ഷാർജ, ഫുജൈറ,​ റാസൽഖൈമ ഉൾപ്പെടെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ വെള്ളപ്പൊക്കത്തിൽ കുടുങ്ങിയ 870 പേരെ രക്ഷിച്ചെന്നും 3,897 പേരെ ഒഴിപ്പിച്ചതായും അധികൃതർ പറഞ്ഞു. ഏഷ്യൻ വംശജരായ ആറ് പ്രവാസികൾ പ്രളയത്തിൽ മരണമടഞ്ഞതായി യു എ ഇ ആഭ്യന്തര മന്ത്രാലയം അറിയിച്ചു.

അടുത്ത ഏതാനും ദിവസങ്ങൾ കൂടി മഴ തുടരുമെന്നതിനാൽ യു.എ.ഇ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം റെഡ് അലേർട്ട് പ്രഖ്യാപിച്ചു. മഴ ഏറ്റവും കൂടുതൽ ബാധിച്ച ഫുജൈറയിൽ റോഡുകളും വീടുകളും വെള്ളത്തിലായതോടെ പലരും ഹോട്ടലുകളിലേക്കും മറ്റും താമസം മാറിയിട്ടുണ്ട്. ഇത്തരക്കാരിൽ നിന്ന് അധിക മുറി വാടക വാങ്ങരുതെന്ന് ഫുജൈറ ഭരണകൂടം അറിയിച്ചു. തിങ്കളാഴ്ച രാത്രി 10.30 മുതൽ വ്യാഴാഴ്ച രാവിലെ 9.18 വരെ 234.9 മില്ലിമീറ്റർ മഴയാണ് ഫുജൈറ പോർട്ടിൽ ലഭിച്ചത്.

രാജ്യത്തെ ഏറ്റവും ഉയർന്ന നിരക്കാണിത്. ഫുജൈറയിൽ നിന്ന് ദുബായിലേക്കുള്ള ബസ് സർവീസുകളും മറ്റും നിറുത്തിവച്ചിരുന്നു. ആളുകളെ മാറ്റിപ്പാർപ്പിക്കാൻ അമ്പതിലേറെ ബസുകളും നൂറിലേറെ വൊളന്റിയർമാരും സജ്ജമാണ്. അതേസമയം, ദുബായ്, അബുദാബി എന്നിവിടങ്ങളിൽ മഴയുടെ തീവ്രത കുറവാണ്.
أحدث أقدم