പോപുലര്‍ ഫ്രണ്ട് മുദ്രാവാക്യ കേസ്: 31 പേര്‍ക്കും ഹൈകോടതി ജാമ്യം നല്‍കി


കൊച്ചി: ആലപ്പുഴയില്‍ പോപുലര്‍ ഫ്രണ്ട് സമ്മേളനത്തിനിടെ പ്രായപൂർത്തിയാകാത്ത കുട്ടി പ്രകോപന മുദ്രാവാക്യം വിളിച്ച കേസിൽ ജയിലിലടച്ച 31 പേര്‍ക്കും ഹൈക്കോടതി ജാമ്യം അനുവദിച്ചു. സംസ്ഥാനം വിട്ടുപോവരുത്, അന്വേഷണ ഉദ്യോഗസ്ഥനു മുന്നില്‍ ഹാജരാവണം എന്നീ ഉപാധികളോടെയാണ് ഹൈക്കോടതി ജാമ്യം അനുവദിച്ചത്.

പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ ആലപ്പുഴയില്‍ സംഘടിപ്പിച്ച ജനമഹാസമ്മേളനത്തില്‍ കുട്ടി വിളിച്ച മുദ്രാവാക്യം മതസ്പര്‍ധ വളര്‍ത്തുന്നതാണെന്ന കേസിലാണ് നേതാക്കളും കുട്ടിയുടെ പിതാവും അടക്കമുള്ളവർക്ക് ഹൈക്കോടതി ജാമ്യം നൽകിയത്. പോപുലര്‍ ഫ്രണ്ട് സംസ്ഥാന ട്രഷറർ കെ എച്ച് നാസര്‍, സമ്മേളനത്തിന്റെ സംഘാടക സമിതി ചെയര്‍മാനും സംസ്ഥാന സമിതിയംഗവുമായ യഹ് യ കോയ തങ്ങള്‍, ആലപ്പുഴ ജില്ലാ പ്രസിഡന്റ് നവാസ് വണ്ടാനം, കുട്ടിയുടെ പിതാവ് തുടങ്ങിയവരെയാണ് ജയിലിലടച്ചത്. കേസില്‍ പ്രതിചേര്‍ക്കപ്പെട്ടവർ 40 ദിവസത്തിലേറെയായി റിമാൻഡില്‍ കഴിയുകയാണ്.

അതേസമയം, ആർ.എസ്.എസിനെതിരെയാണ് മുദ്രാവാക്യം മുഴക്കിയതെന്നും ഇത് വളച്ചൊടിച്ച് ഹിന്ദുക്കള്‍ക്കും ക്രിസ്ത്യാനികള്‍ക്കുമെതിരേ എന്ന രീതിയിൽ ചിലർ പ്രചരിപ്പിക്കുകയായിരുന്നുവെന്നും സംഘടന വിശദീകരണം നൽകിയിരുന്നു. സംഘടന ഔദ്യോഗികമായി നല്‍കിയ മുദ്രാവാക്യം അല്ല അതെന്നും അതിലെ ചില വരികള്‍ അംഗീകരിക്കുന്നില്ലെന്നും പോപുലർ ഫ്രണ്ട് വ്യക്തമാക്കിയിരുന്നു.


أحدث أقدم