പ്രണയ വിവാഹത്തിന് ശേഷം സംഗീത നേരിട്ടത് കൊടിയ പീഡനം, ജാതീയമായ അധിക്ഷേപം, ഭക്ഷണം കഴിക്കാൻ പ്രത്യേകം പാത്രങ്ങൾ, കുട്ടി മരിച്ചപ്പോഴും ക്രൂരമായി പെരുമാറി, 3 പേർ അറസ്റ്റിൽ


കൊച്ചി: കൊച്ചിയില്‍ ദളിത് യുവതി ആത്മഹത്യ ചെയ്ത സംഭവത്തില്‍ മൂന്ന് പേര്‍ അറസ്റ്റില്‍. യുവതിയുടെ ഭര്‍ത്താവ് സുമേഷ്, ഭര്‍തൃ മാതാവ് രമണി, സഹോദരന്റെ ഭാര്യ മനീഷ എന്നിവരെയാണ് കൊച്ചി സെന്‍ട്രല്‍ പോലീസ് അറസ്റ്റ് ചെയ്തത്. സ്ത്രീധനത്തിന്‍റെ പേരില്‍ പീഡിപ്പിച്ചെന്നും ജാതീയമായി അധിക്ഷേപിച്ചെന്നും ആരോപിച്ച് യുവതിയുടെ കുടുംബം നല്‍കിയ പരാതിയിലാണ് നടപടി. മജിസ്ട്രേറ്റിനു മുമ്പാകെ ഹാജരാക്കിയ സുമേഷിനെയും ബന്ധുക്കളെയും ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു. സ്ത്രീധന പീഡനം, സ്ത്രീധന മരണം, ആത്മഹത്യാ പ്രേരണ, ഭീഷണിപ്പെടുത്തൽ തുടങ്ങിയ വകുപ്പുകൾക്കു പുറമേ ദലിത് പീഡനനിരോധന നിയമത്തിലെ വിവിധ വകുപ്പുകളും പ്രതികൾക്കെതിരെ ചുമത്തിയിട്ടുണ്ട്. ഇക്കഴിഞ്ഞ ജൂണ്‍ ഒന്നിനാണ് കൊച്ചി സ്വദേശിനി സംഗീതയെ വീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. ഭര്‍തൃ വീട്ടുകാരുടെ മാനസിക പീഡനവും ജാതീയമായ അധിക്ഷേപത്തിലും മനം നൊന്താണ് സംഗീത ആത്മഹത്യ ചെയ്തതെന്ന് ആരോപിച്ച് യുവതിയുടെ വീട്ടുകാര്‍ സെന്‍ട്രല്‍ പോലീസിന് പരാതി നല്‍കിയിരുന്നു.

പരാതിയെ തുടർന്നുള്ള അന്വേഷണത്തിന്‍റെ ഭാഗമായാണ് തൃശ്ശൂര്‍ സ്വദേശിയായ സംഗീതയുടെ ഭര്‍ത്താവ് സുമേഷ്, ഭര്‍തൃ മാതാവ് രമണി, സുമേഷിന്‍റെ സഹോദരഭാര്യ മനീഷ എന്നിവരെ അറസ്റ്റ് ചെയ്തത്. 2020 ഏപ്രിലിലാണ് സംഗീതയും സുമേഷും വിവാഹിതരായത്. പ്രണയ വിവാഹമായിരുന്നു ഇരുവരുടേയും. എന്നാൽ വിവാഹ ശേഷം സുമേഷിന്റെ വീട്ടിൽനിന്ന് സംഗീതയ്ക്ക് ജാതീയമായ അധിക്ഷേപങ്ങൾ നേരിടേണ്ടിവന്നുവെന്നും യുവതിയുടെ കുടുംബം പരാതിയില്‍ ചൂണ്ടിക്കാട്ടിയിരുന്നു. സംഗീതയ്ക്ക് ഭക്ഷണം കഴിക്കാൻ പ്രത്യേകം ഗ്ലാസും പാത്രവും വരെ നൽകിയിരുന്നതായാണ് ആരോപണം.

സ്ത്രീധനം നൽകിയില്ലെങ്കിൽ ബന്ധം വേർപ്പെടുത്തുമെന്ന് സുമേഷ് ഭീഷണിപ്പെടുത്തിയിരുന്നതായും പരാതിയില്‍ പറഞ്ഞിരുന്നു. സംഗീത ഗർഭിണിയായപ്പോഴും അഞ്ചുമാസം പ്രായമായ കുഞ്ഞു മരിച്ചപ്പോഴും ഭർതൃ വീട്ടുകാര്‍ ക്രൂരമായി പെരുമാറിയെന്നും യുവതിയുടെ വീട്ടുകാര്‍ പോലീസിന് നല്‍കിയ പരാതിയില്‍ ആരോപിച്ചിരുന്നു. പ്രതികളെ തിരിച്ചറിയുന്നതിനായി സംഗീതയുടെ അമ്മയെയും ബന്ധുക്കളെയും സ്റ്റേഷനിൽ എത്തിച്ചിരുന്നു. പ്രതികളെ കണ്ടയുടൻ ഇവർ ബഹളമുണ്ടാക്കിയത് സെൻട്രൽ സ്റ്റേഷനിൽ നാടകീയ സംഭവങ്ങൾക്ക് കാരണമായി.

Previous Post Next Post