പരാതിയെ തുടർന്നുള്ള അന്വേഷണത്തിന്‍റെ ഭാഗമായാണ് തൃശ്ശൂര്‍ സ്വദേശിയായ സംഗീതയുടെ ഭര്‍ത്താവ് സുമേഷ്, ഭര്‍തൃ മാതാവ് രമണി, സുമേഷിന്‍റെ സഹോദരഭാര്യ മനീഷ എന്നിവരെ അറസ്റ്റ് ചെയ്തത്. 2020 ഏപ്രിലിലാണ് സംഗീതയും സുമേഷും വിവാഹിതരായത്. പ്രണയ വിവാഹമായിരുന്നു ഇരുവരുടേയും. എന്നാൽ വിവാഹ ശേഷം സുമേഷിന്റെ വീട്ടിൽനിന്ന് സംഗീതയ്ക്ക് ജാതീയമായ അധിക്ഷേപങ്ങൾ നേരിടേണ്ടിവന്നുവെന്നും യുവതിയുടെ കുടുംബം പരാതിയില്‍ ചൂണ്ടിക്കാട്ടിയിരുന്നു. സംഗീതയ്ക്ക് ഭക്ഷണം കഴിക്കാൻ പ്രത്യേകം ഗ്ലാസും പാത്രവും വരെ നൽകിയിരുന്നതായാണ് ആരോപണം.
സ്ത്രീധനം നൽകിയില്ലെങ്കിൽ ബന്ധം വേർപ്പെടുത്തുമെന്ന് സുമേഷ് ഭീഷണിപ്പെടുത്തിയിരുന്നതായും പരാതിയില്‍ പറഞ്ഞിരുന്നു. സംഗീത ഗർഭിണിയായപ്പോഴും അഞ്ചുമാസം പ്രായമായ കുഞ്ഞു മരിച്ചപ്പോഴും ഭർതൃ വീട്ടുകാര്‍ ക്രൂരമായി പെരുമാറിയെന്നും യുവതിയുടെ വീട്ടുകാര്‍ പോലീസിന് നല്‍കിയ പരാതിയില്‍ ആരോപിച്ചിരുന്നു. പ്രതികളെ തിരിച്ചറിയുന്നതിനായി സംഗീതയുടെ അമ്മയെയും ബന്ധുക്കളെയും സ്റ്റേഷനിൽ എത്തിച്ചിരുന്നു. പ്രതികളെ കണ്ടയുടൻ ഇവർ ബഹളമുണ്ടാക്കിയത് സെൻട്രൽ സ്റ്റേഷനിൽ നാടകീയ സംഭവങ്ങൾക്ക് കാരണമായി.