'ഒരു എംഎൽഎയ്ക്ക് 40 കോടി; വളയ്ക്കാൻ കൽക്കരി മാഫിയ'; എന്നിട്ടും ഗോവയിൽ ബിജെപി തന്ത്രം പാളുന്നു


പനജി: ബിജെപിയിലേയ്ക്ക് കൂടുമാറാനായി കോൺഗ്രസ് എംഎൽഎമാ‍ര്‍ക്ക് ഓരോരുത്ത‍ര്‍ക്കും 40 കോടി രൂപ വീതം വാഗ്ദാനം ചെയ്യപ്പെട്ടു എന്നാണ് ഗോവ മുൻ കോൺഗ്രസ് അധ്യക്ഷൻ ഗിരീഷ് ചോഡങ്കറിൻ്റെ വാക്കുകൾ. കൽക്കരി മാഫിയാംഗങ്ങൾ വരെ എംഎൽഎമാരെ നേരിട്ട് വിളിക്കുകയാണെന്നും ചോഡങ്കര്‍ പറയുന്നു. സംസ്ഥാനത്ത് കൂടുതൽ കോൺഗ്രസ് നിയമസഭാംഗങ്ങൾ ബിജെപിയിൽ ചേ‍ര്‍ന്നേക്കുമെന്ന അഭ്യൂഹങ്ങൾക്കിടെയാണ് ഗുരുതര ആരോപണവുമായി കോൺഗ്രസ് നേതാക്കൾ രംഗത്തെത്തിയത്.

ബിജെപ അനുകൂലികളായ വ്യവസായികളിൽ നിന്ന് വൻതുക വാഗ്ദാനം ചെയ്യപ്പെട്ടതായും ഇക്കാര്യം ചില എംഎൽഎമാര്‍ തന്നെ എഐസിസി ജനറൽ സെക്രട്ടറി ദിനേശ ഗുണ്ടുറാവുവിനോടു വെളിപ്പെടുത്തിയെന്നും ചോഡങ്കര്‍ വ്യക്തമാക്കുന്നു. മഹാരാഷ്ട്രയിൽ ശിവസേനയെ പിളര്‍ത്താനും സഖ്യകക്ഷി സര്‍ക്കാരിനെ തകര്‍ക്കാനുമുള്ള പദ്ധതി ഏകദേശം ഫലം കണ്ടതിനു ശേഷമാണ് ഗോവയിലെ ബിജെപിയുടെ തന്ത്രങ്ങൾ. എന്നാൽ മഹാരാഷ്ട്രയിൽ ഞൊടിയിടയിൽ ഫലം കണ്ട അട്ടിമറി നീക്കം ഗോവയിൽ വിജയിക്കുന്നില്ല എന്നാണ് പുതിയ റിപ്പോര്‍ട്ടുകൾ സൂചിപ്പിക്കുന്നത്. മൂന്നിൽ രണ്ട് എംഎൽഎമാരെ അടര്‍ത്തിമാറ്റിയുള്ള വിമതനീക്കം പാളിയെന്ന് റിപ്പോര്‍ട്ടുകൾ സൂചിപ്പിക്കുന്നു. ഗോവ നിയമസഭയിലെ 11 കോൺഗ്രസ് അംഗങ്ങളിൽ പത്ത് പേരും എത്തി. കൂടാതെ തങ്ങൾ ബിജെപിയിലേയ്ക്ക് ഇല്ലെന്ന് എംഎൽഎമാരായ മൈക്കള്‍ ലോബോയും ദിഗംബര്‍ കാമത്തും വ്യക്തമാക്കിയിട്ടുമുണ്ട്.

അതേസമയം, കോൺഗ്രസിനുള്ളിൽ നടക്കുന്ന പ്രശ്നങ്ങൾക്ക് ബിജെപിയുമായി ഒരു ബന്ധവുമില്ലെന്നാണ് ബിജെപി സംസ്താന നേതൃത്വത്തിൻ്റെ പ്രതികരണം. എംഎൽഎമാര്‍ക്ക് പണം വാഗ്ദാനം നൽകിയെന്ന കോൺഗ്രസ് ആരോപണവും ബിജെപി സംസ്ഥാന അധ്യക്ഷൻ സദാനന്ദ് തനവാഡെ നിഷേധിച്ചിട്ടുണ്ട്.

ഗോവ കോൺഗ്രസിലെ വിമതസ്വരവും പ്രതിപക്ഷ നേതാവുമായ മൈക്കൽ ലോബോയെ മുൻനിര്‍ത്തിയാണ് ബിജെപി വിമതനീക്കം നടത്തന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍. നിയമസഭാ സമ്മേളനം ഇന്നു തുടങ്ങാനിരിക്കേ ലോബോയെ കോൺഗ്രസ് പുറത്താക്കുകയും ചെയ്തിരുന്നു. എന്നാൽ കോൺഗ്രസ് സംസ്ഥാന നേതൃത്വം നടത്തിയ തിരക്കിട്ട നീക്കങ്ങൾക്കൊടുവിലാണ് വിമത എംഎൽഎമാര്‍ പാര്‍ട്ടി വിടാനില്ലെന്ന് വ്യക്തമാക്കിയത്.

കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ കോൺഗ്രസ് സ്ഥാനാര്‍ഥികളെ നിര്‍ത്തുന്നതിനു മുൻപേ ഇവരെ ഭരണഘടനയിൽ തൊട്ടു കൂറുമാരില്ലെന്ന് സത്യപ്രതിജ്ഞ ചെയ്യിച്ചിരുന്നു. എന്നാൽ തെരഞ്ഞെടുപ്പ് കഴിഞ്ഞു മാസങ്ങൾക്കു ശേഷമാണ് അട്ടിമറി നീക്കം സംബന്ധിച്ച റിപ്പോര്‍ട്ടുകള്‍. കര്‍ണാടകയ്ക്ക് പുറമെ മറ്റൊരു സംസ്ഥാനത്തു കൂടി ലോക്സഭാ തെരഞ്ഞെടുപ്പിനു മുന്നോടിയായി പിടി മുറുക്കാനാണ് ബിജെപി വ്യക്തമാക്കിയത്..

ദക്ഷിണേന്ത്യ ലക്ഷ്യമിട്ട് കൂടുതൽ പ്രവര്‍ത്തനങ്ങള്‍ നടത്താനും സാന്നിധ്യം ശക്തിപ്പെടുത്താനും കഴിഞ്ഞ ദിവസം ഹൈദരാബാദിൽ ചേര്‍ന്ന ബിജെപി ബിജെപി നിര്‍വാഹക സമിതി യോഗത്തിൽ തീരുമാനമായിരുന്നു. തെലങ്കാനയിൽ ടിആര്‍എസിന് ബദാലാകാനും തമിഴ്നാട്ടിലെ അനുകൂലി സാഹചര്യങ്ങൾ മുതലെടുത്ത് വളരാനുമാണ് ബിജെപിയുടെ പദ്ധതി. കേരളം ഒഴികെ മറ്റെല്ലാ ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിലും ആദ്യഘട്ടത്തിൽ ബിജെപിയ്ക്ക് വലിയ പദ്ധതികളുണ്ട്.

ഗോവയിൽ മാത്രം 6 കോൺഗ്രസ് അംഗങ്ങൾ ബിജെപിയിലെത്തുമെന്നായിരുന്നു ആദ്യം പുറത്തു വന്ന റിപ്പോര്‍ട്ടുകള്‍. നിലവിൽ 20 എംഎൽഎമാരുള്ള ബിജെപിയ്ക്ക് എംജിപിയുടെയും 3 സ്വതന്ത്രരുടെയും പിന്തുണയുമുണ്ട്.

أحدث أقدم