വെള്ളത്തിന് മുകളില്‍ 50 അടി വലുപ്പത്തിൽ കമലഹാസന്‍; വീണ്ടും അമ്പരപ്പിച്ച് ഡാവിഞ്ചി സുരേഷ്


തൃശൂര്‍: വെള്ളത്തിന് മുകളില്‍ അന്‍പതടി വലുപ്പമുള്ള കമലഹാസന്‍ ചിത്രം തീര്‍ത്ത് ഡാവിഞ്ചി സുരേഷ്. നിരവധി മീഡിയങ്ങളില്‍ ചിത്രങ്ങള്‍ തീര്‍ക്കുന്ന സുരേഷിൻ്റെ 85-ാമത്തെ മീഡിയം ഉപയോഗിച്ചുള്ള ചിത്രം ആണ് ഫോം ഷീറ്റില്‍ പിറന്നത്. കുട്ടികള്‍ ക്രാഫ്റ്റ് വര്‍ക്കുകള്‍ക്കായി ഉപയോഗിക്കുന്ന വിവിധ നിറങ്ങളിലുള്ള 2500 എ ഫോര്‍ ഷീറ്റുകളാണ് ഉലകനായകന്‍ കമലഹാസൻ്റെ ചിത്രം ചെയ്യാനായി ഉപയോഗിച്ചത്. മൂന്നാറിലെ വൈബ് റിസോര്‍ട്ടിൻ്റെ അഞ്ചാം നിലയിലുള്ള സ്വിമ്മിങ് പൂളിലാണ് രണ്ടു ദിവസം സമയമെടുത്ത് അന്‍പതടി നീളവും 30 അടി വീതിയിലും ചിത്രം നിര്‍മിച്ചത്. കണ്ടൻ്റ് ക്രിയേറ്റേഴ്‌സ് ഓഫ് കേരള എന്ന യൂട്യൂബേഴ്‌സ് സംഘടനയുടെ സംഗമവുമായി ബന്ധപ്പെട്ടാണ് വെള്ളത്തിന് മുകളില്‍ വലിയ ചിത്രം സാധ്യമാക്കിയത്. തറയിലും പറമ്പിലും പാടത്തും സ്റ്റേഡിയം ഗ്രൗണ്ടിലും ഇന്‍ഡോര്‍ സ്റ്റേഡിയം ഫ്ലോറുമൊക്കെ ക്യാന്‍വാസാക്കി വലിയ ചിത്രങ്ങള്‍ നിരവധി വരച്ചിട്ടുണ്ടെങ്കിലും സ്വിമ്മിങ് പൂള്‍ ക്യാന്‍വാസ് ആക്കുന്നത് ആദ്യമായാണെന്ന് സുരേഷ് പറഞ്ഞു. സുരേഷിനെ കൂടാതെ മകന്‍ ഇന്ദ്രജിത്തും രാകേഷ് പള്ളത്ത് സന്ദീപ് എന്നിവരും സഹായികളായി ഉണ്ടായിരുന്നു.

أحدث أقدم