കേബിൾ കാറിൽ കയറിയ ബിജെപി എംഎൽഎയടക്കം 60 പേർ വായുവിൽ കുടുങ്ങി


 
തെഹ് രി : കേബിൾ കാറിൽ കയറിയ ബിജെപി എംഎൽഎയടക്കം 60 പേർ റോപ് വേയിൽ കുടുങ്ങി. ഉത്തരാഖണ്ഡിലെ ബിജെപി എംഎൽഎ കിശോർ ഉപാധ്യായ് അടക്കമുള്ളവരാണ് സാങ്കേതിക തകരാർ മൂലം 45 മിനിറ്റോളം വായുവിൽ കഴിയേണ്ടിവന്നത്. തെഹ്‌രി ജില്ലയിലെ സുർക്കന്ദ ദേവി ക്ഷേത്ര റോപ്‌ വേയിലാണ് ഇവർ കുടുങ്ങിയത്.

എന്നാൽ, 45 മിനിറ്റിന് ശേഷം എല്ലാവരേയും സുരക്ഷിതമായി താഴെയിറക്കിയെന്നും നിലവിൽ റോപ് വേയിലൂടെ കേബിൾ കാറുകൾ നന്നായി ഓടുന്നുണ്ടെന്നും നിലവിൽ ആരും തന്നെ ട്രോളിയിൽ കുടുങ്ങിയിട്ടില്ലെന്നും തെഹ്രി ​ഗർവാൾ എസ്എസ്പി നവനീത് ഭുള്ളർ അറിയിച്ചു.

അതേസമയം, ആകാശത്ത് റോപ് വേ പാതിവഴിയിൽ നിലച്ചത് ​ഗൗരവതരമാണെന്ന് എംഎൽഎ പ്രതികരിച്ചു. ആരുടെയും ജീവൻ അപകടത്തിലാക്കാനാവില്ല. റോപ്പ്‌ വേ ഓപ്പറേറ്റർമാരുമായും ബന്ധപ്പെട്ട അധികാരികളുമായും ഇക്കാര്യം ചർച്ച ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു. ഇത്തരം സംഭവങ്ങൾ ഇനി ആവർത്തിക്കാതിരിക്കാൻ അധികൃതർ ശ്രദ്ധിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

മെയിൽ മധ്യപ്രദേശിലെ സത്‌ന ജില്ലയിലും സമാന സംഭവം ഉണ്ടായിരുന്നു. മൈഹാർ പട്ടണത്തില കുന്നിൻ മുകളിലെ ശാരദാ ക്ഷേത്രം സന്ദർശിക്കാനെത്തിയ തീർഥാടകരാണ് കേബിൾ കാറുകളിൽ കുടുങ്ങിയത്. ഇവരെ ഒരു മണിക്കൂറിന് ശേഷം രക്ഷപ്പെടുത്തിയിരുന്നു.

ജൂണിൽ ഹിമാചൽ പ്രദേശിലെ സോളൻ ജില്ലയിലെ പർവാനോ ടിംബർ ട്രെയിലിൽ കേബിൾ കാർ വായുവിൽ വച്ച് തകരാറിലായതിനെ തുടർന്ന് 11 പേർ മണിക്കൂറുകളോളം കുടുങ്ങിയിരുന്നു. എൻഡിആർഎഫും മറ്റ് ഏജൻസികളും ചേർന്ന് ആറു മണിക്കൂർ നീണ്ട ഓപ്പറേഷനു ശേഷമാണ് ഇവരെ രക്ഷപ്പെടുത്തിയത്.
أحدث أقدم