കനത്ത മഴയിൽ ബസ് നിയന്ത്രണം വിട്ട് താഴേക്ക് പതിച്ചു, 7 പേർക്ക് പരിക്ക്


കണ്ണൂർ: കണ്ണൂർ- കോഴിക്കോട് ദേശീയപാതയിലെ കണ്ണോത്തും ചാലയിൽ നിയന്ത്രണം വിട്ട സ്വകാര്യ ബസ് റോഡിൽ നിന്ന് തെന്നി താഴെക്ക് പതിച്ചു. കനത്ത മഴയിൽ നിയന്ത്രണം വിട്ട ബസ് റോഡരികിലേക്ക് താഴ്ചയിലേക്ക് പതിക്കുകയായിരുന്നു. ബസിൻ്റെ മുൻഭാഗം പൂർണമായി റോഡിൽ നിന്നും താഴേക്ക് കൂപ്പുകുത്തി. കണ്ണൂരിൽ നിന്നും കോഴിക്കോട് ഭാഗത്തേക്ക് പോകുന്ന ബസാണ് അപകടത്തിൽ പ്പെട്ടത്. ബസിൽ ആകെ യാത്രക്കാരായി പത്തുപേരാണ് ഉണ്ടായിരുന്നത്.ഇതിൽ ഏഴുപേർക്ക് പരുക്കേറ്റിട്ടുണ്ട്. എന്നാൽ ആരുടെയും പരുക്ക് ഗുരുതരമല്ല ഇവർ താണയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടി. കണ്ണൂർ ടൗൺ പോലീസെത്തി ദേശീയപാതയിലെ ഗതാഗത തടസം നീക്കി. മറ്റൊരു വാഹനത്തെ മറികടക്കുമ്പോഴാണ് അപകടമുണ്ടായതെന്നാണ് പോലീസിൻ്റെ പ്രാഥമിക നിഗമനം. മഴ തുടങ്ങിയതു മുതൽ കണ്ണൂരിലെ ദേശീയ പാതയിൽ വാഹനാപകടങ്ങൾ വർധിച്ചു വരികയാണ്. നിരവധിയാളുകളാണ് കൊല്ലപ്പെട്ടത്. ദിവസങ്ങൾക്ക് മുമ്പ് തളിപ്പറമ്പ് കുറ്റിക്കോലിൽ സ്വകാര്യ ബസ് നിയന്ത്രണം വിട്ട് ചാല മിംമ്സ് ആശുപത്രിയിലെ നഴ്സ് കൊല്ലപ്പെട്ടിരുന്നു. പാപ്പിനിശേരി -പിലാത്തറ കെ.എസ്.ടി.പി റോഡിൽ കഴിഞ്ഞ ആറു മാസത്തിനിടെ വാഹനാപകടങ്ങളിൽ പത്തോളം പേരാണ് കൊല്ലപ്പെട്ടത്.


أحدث أقدم