ഇടുക്കി: വിവാഹ കൂദാശക്കിടെ കുഴഞ്ഞു വീണ വൈദികൻ ആശുപത്രിയിലേക്കുള്ള യാത്രാ മധ്യേ മരിച്ചു. കുമളി തേക്കടി സെന്‍റ് ജോർജ് പള്ളിയിലാണ് സംഭവം നടന്നത്. സെന്‍റ് ജോര്‍ജ് ഓര്‍ത്തഡോക്‌സ് പള്ളി വികാരിയും മലങ്കര ഓര്‍ത്തഡോക്‌സ് സഭ ഇടുക്കി ഭദ്രാസനത്തിലെ സീനിയര്‍ വൈദികനുമായ എന്‍.പി. ഏലിയാസ് കോര്‍ എപ്പിസ്‌കോപ്പ (62)യാണ് മരിച്ചത്.
തിങ്കാളാഴ്ച്ച ഉച്ചകഴിഞ്ഞ് പള്ളിയിൽ വിവാഹ കൂദാശ നടക്കുന്നതിനിടെയായിരുന്നു അപ്രതീക്ഷിതമായ സംഭവം നടന്നത്. കൂദാശക്കിട വൈദികൻ കുഴഞ്ഞു വീഴുകയായിരുന്നു. ഉച്ചകഴിഞ്ഞ് മൂന്നിനാണ് വിവാഹ കൂദാശ ആരംഭിച്ചത്. 3.30 ഓടെ വൈദികൻ ആലയത്തിനുള്ളിൽ കുഴഞ്ഞു വീണു. ഉടൻ തന്നെ വിവാഹ ചടങ്ങിൽ പങ്കെടുത്തവരുടെ നേതൃത്വത്തിൽ വൈദികനെ ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും യാത്രാ മധ്യേ മരണം സംഭവിച്ചു.
ഹൃദയ സംബന്ധമായ അസുഖങ്ങളെ തുടർന്ന് ചികിത്സയിലായിരുന്നുവെന്നാണ് സഭാ വൃത്തങ്ങൾ അറിയിച്ചത്. നാല് മാസം മുമ്പ് ഹൃദയ വാല്‍വുകളുടെ ബ്ലോക്ക് മാറ്റുന്നതിനുള്ള സര്‍ജറി നടത്തിയിരുന്നു. ശാന്തിഗ്രാം സെന്‍റ് മേരിസ് ഓര്‍ത്തഡോക്‌സ് പള്ളിയാണ് മാതൃ ഇടവക. സംസ്‌കാരം പിന്നീട്.