മുതിർന്ന മാധ്യമ പ്രവർത്തകനും മെട്രോവാർത്ത ചീഫ് എഡിറ്ററുമായ ആർ. ഗോപികൃഷ്ണൻ അന്തരിച്ചു







കോട്ടയം: മുതിർന്ന മാധ്യമ പ്രവർത്തകനും മെട്രോവാർത്ത ചീഫ് എഡിറ്ററുമായ കോടിമത ഒതേമംഗലത്ത് ആർ.ഗോപികൃഷ്ണൻ (67) അന്തരിച്ചു. മൃതദേഹം കോട്ടയം കാരിത്താസ് ആശുപത്രി മോർച്ചറിയിൽ. സംസ്കാരം തിങ്കളാഴ്ച വൈകിട്ട് 4ന് സംസ്ഥാന സർക്കാരിന്റെ ഔദ്യോഗിക ബഹുമതികളോടെ കോട്ടയം മുട്ടമ്പലം നഗരസഭാ വൈദ്യുത ശ്മശാനത്തിൽ.

മൂവാറ്റുപുഴ വെള്ളൂർ ഭവനിൽ വി.പി രാഘവൻ നായരുടെയും പങ്കജാക്ഷിയമ്മയുടെയും മകനാണ്.
ഭാര്യ: ലീല ഗോപികൃഷ്ണൻ.
മക്കൾ: വിനയ് ഗോപികൃഷ്ണൻ (ബിസിനസ്, ബാംഗ്ളൂർ), ഡോ. സ്നേഹ ഗോപികൃഷ്ണ (അസി. പ്രൊഫ. വിമല കോളെജ്, തൃശൂർ) മരുമകൻ: സൂരജ് എം. എസ് (എച്ച് ഡി എഫ് സി ബാങ്ക്, തൃശൂർ)

സംസ്ഥാന സർക്കാരിന്റെ മികച്ച മാധ്യമ പ്രവർത്തകനുള്ള പുരസ്കാരം രണ്ട് തവണ ലഭിച്ചിട്ടുണ്ട് (1985, 88). 1989ലെ എം ശിവറാം അവാർഡ്, രാഷ്ട്രീയ റിപ്പോർട്ടിങിൽ വി കരുണാകരൻ നമ്പ്യാർ പുരസ്കാരം, കെ.സി സെബാസ്റ്റ്യൻ പുരസ്കാരം, സി എച്ച് മുഹമ്മദ് കോയ പുരസ്കാരം തുടങ്ങി നിരവധി അവാർഡുകൾ ലഭിച്ചിട്ടുണ്ട്. ഡാൻ ബ്രൗണിന്റെ പ്രശസ്തമായ ഡാവിഞ്ചി കോഡ് പുസ്തകത്തിന്റെ മലയാള പരിഭാഷ നിർവഹിച്ചിട്ടുണ്ട്.

മൂവാറ്റുപുഴ നിർമല കോളെജ്, പെരുന്ന എൻ.എസ്.എസ് കോളെജ്, ബൾഗേറിയയിലെ ജോർജ് ദിമിത്രോവ് ജേണലിസം ഇൻസ്റ്റിറ്റ്യൂട്ട് എന്നിവിടങ്ങളിൽ വിദ്യാഭ്യാസം. ദീപികയിൽ പത്രപ്രവർത്തനം ആരംഭിച്ച ഗോപികൃഷ്ണൻ മംഗളം, കേരളകൗമുദി, മെട്രോവാർത്ത എന്നിവിടങ്ങളിൽ സേവനം അനുഷ്ഠിച്ചിട്ടുണ്ട്. ഗോപി കൃഷ്ണന്റെ നിര്യാണത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ, മന്ത്രി വി.എൻ വാസവൻ, മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി, തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ എ, എം.പി മാരായ ജോസ് കെ മാണി, തോമസ് ചാഴികാടൻ തുടങ്ങിയവർ അനുശോചിച്ചു.


أحدث أقدم