ഇന്ന് കര്‍ക്കടകം ഒന്ന് ; ഇനി രാമായണ പാരായണത്തിന്റെ നാളുകള്‍


'ര്‍ക്കടകം ദുര്‍ഘടം' എന്നാണ് പൊതുവെ ചൊല്ല്. അക്ഷരാര്‍ത്ഥത്തില്‍ ദുര്‍ഘടത്തിലാണ്. കര്‍ക്കടകത്തിനും ഏറെ മുന്‍പേ അത് കൊവിഡ് രൂപത്തില്‍ തുടങ്ങിയെന്നു മാത്രം.

പഴമക്കാരുടെ കര്‍ക്കടകത്തിലെ ദുരിതം പുത്തന്‍ തലമുറ കണ്ടിട്ടില്ല. അന്നത്തെ ജീവിതചര്യയും അന്യമായിരിക്കുന്നു. കര്‍ക്കടകമെന്ന് കേള്‍ക്കുമ്പോള്‍ പഴയ തലമുറയുടെ മനസ്സില്‍ തെളിയുന്നത് ഇല്ലായ്മയുടെയും വറുതിയുടെയും ചിത്രമാണ്. അതുകൊണ്ട്  തന്നെയാണ് 'പഞ്ഞമാസം' എന്ന് ഇരട്ടപ്പേര് വീണത് ഈ വാക്കുകള്‍ അന്വര്‍ത്ഥമാക്കുന്ന കര്‍ക്കടകം തന്നെയാണ് കഴിഞ്ഞ രണ്ട് മൂന്ന് വര്‍ഷങ്ങളായി കടന്നുപോയത്.

കര്‍ക്കടകം ഒന്നു മുതല്‍  ഹൈന്ദവ ഭവനങ്ങളില്‍ രാവിലെ കുളിച്ച് ശുദ്ധമായി ദീപം തെളിയിച്ച് രാമായണം തൊട്ട് വന്ദിച്ച് വായന തുടങ്ങുന്നു. കര്‍ക്കടകമാസം അവസാനിക്കുമ്പേഴേക്കും വായിച്ച് തീര്‍ക്കണമെന്നാണ് സങ്കല്‍പ്പം. അദ്ധ്യാത്മികവും സാംസ്‌കാരികവും കലാപരവുമായ എക്കാലത്തെയും സ്രോതസ്സാണ് രാമായണം. ചിലപ്പോള്‍ രാമായണത്തിന്റെ അനുബന്ധഭാഗമായ ഉത്തരരാമായണവും ചിലര്‍ വായിക്കാറുണ്ട്. 

ശ്രീരാമന്‍ എക്കാലത്തെയും മാനുഷികധര്‍മ്മത്തിന്റെ പ്രതീകമാണ്. സത്യത്തിലും അടിയുറച്ച ധര്‍മ്മത്തിലും അധിഷ്ഠിതമായ ജീവിതമാണ് മാനുഷിക വികാരങ്ങളെല്ലാം പ്രദര്‍ശിപ്പിക്കുന്ന മനുഷ്യനായ രാമന്‍ ആവിഷ്‌കരിക്കുന്നത്.

കര്‍ക്കടകത്തിലെ കറുത്ത മേഘങ്ങള്‍ കര്‍ക്ഷകരുടെ മനസില്‍ ആധി നിറയ്ക്കുന്നു. കനത്ത മഴയും കാറ്റും പ്രതീക്ഷകളെ ചവിട്ടിയരച്ചുകൊï് കടന്നുപോകും. ഞാറ്റുവേലക്ക് വിതച്ച വിത്ത് നശിക്കാതെയും വിളവ് നശിക്കാതെയും കാക്കാന്‍ കര്‍ഷകര്‍ ഉറക്കമിളച്ചിരിക്കുന്ന മാസം. പരമ്പരാഗത തൊഴില്‍ ചെയ്തിരുന്നവരുടെ അവസ്ഥയും വ്യത്യസ്തമായിരുന്നില്ല.കര്‍ഷകന്റെ കൃഷിയിലെ ആദായവും സാധാരണക്കാരുടെ പ്രതീക്ഷകളുമെല്ലാം മഴവെള്ളത്തില്‍ ഇല്ലാതാകും. ജോലിയില്ലാത്ത അവസ്ഥ പട്ടിണിയില്‍ ചെന്നവസാനിക്കും. പഴമക്കാര്‍ പറയും കര്‍ക്കടകത്തില്‍ ഇടിവെട്ടിയാല്‍ കരിങ്കല്ലിനും ദോഷമെന്ന്. എങ്കിലും പൊന്‍ ചിങ്ങത്തിനുള്ള പ്രതീക്ഷയോടെയുള്ള കാത്തിരിപ്പ് കൂടിയായിരുന്നു കര്‍ക്കടകം.

കാലം ഒരുപാട് മാറി. മനുഷ്യരെയും ജന്തുജാലങ്ങളെയും കാലാവസ്ഥയെയും മാത്രമല്ല കാലാവസ്ഥ വ്യതിയാനവും ബാധിച്ചിരിക്കുന്നത് കര്‍ക്കടകത്തേയും കൂടിയായി. മഴ കുറഞ്ഞു. വേനലില്‍ മഴയും മഴക്കാലം വെയിലുകൊണ്ടും സമ്പുഷ്ടമായി. കര്‍ക്കടത്തില്‍ മഴ പെയ്യുമെന്നോ ചിങ്ങത്തില്‍ വസന്തം വിരിയുമെന്നോ ഉറപ്പിച്ചു പറയാന്‍ കഴിയാതെയായി. എങ്കിലും ചില കര്‍ക്കടക കാഴ്ചകള്‍ ഇപ്പോഴുമുണ്ട്. എന്നാല്‍ മിക്കതും പുതു തലമുറയ്ക്ക് പരിചയമില്ലാത്തവയാകും.



أحدث أقدم