കൊല്ലം: ഓടനാവട്ടം മുട്ടറയില്‍ വിവാഹനിശ്ചയം കഴിഞ്ഞ യുവതി ജീവനൊടുക്കിയ സംഭവത്തില്‍ അറസ്റ്റിലായ പ്രതിശ്രുത വരനെ കോടതി റിമാന്‍ഡ് ചെയ്തു. മുട്ടറയില്‍ പ്രാക്കുളം സ്വദേശിനിയായ യുവതി ഏപ്രില്‍ 27ന് വീട്ടിലെ കിടപ്പു മുറിയിലാണ് തൂങ്ങിമരിച്ചത്.
സംഭവത്തില്‍ കൊട്ടാരക്കര പുത്തൂര്‍ പാങ്ങോട് മനീഷ് ഭവനില്‍ അനീഷാണ് റിമാന്‍ഡിലായത്. രണ്ടുമാസമായി ഒളിവിലായിരുന്ന പ്രതിയെ പൂയപ്പള്ളി പൊലീസാണ് അറസ്റ്റ് ചെയ്തത്.
യുവതിയും അനീഷും തമ്മില്‍ പ്രണയത്തിലായരുന്നു. അനീഷ് ബന്ധുക്കള്‍ക്കൊപ്പം എത്തിയാണ് വിവാഹാലോചന നടത്തിയതും വിവാഹം നിശ്ചയിച്ചതും. സാമ്പത്തികമായി ബുദ്ധിമുട്ടുള്ളതിനാല്‍ ഉടന്‍ വിവാഹം നടത്താന്‍ കഴിയില്ലെന്ന് യുവതിയുടെ പിതാവ് അറിയിച്ചിരുന്നു. എന്നാല്‍ ലളിതമായ ചടങ്ങ് നടത്തിയാല്‍ മതിയെന്നും ആറ് മാസത്തിനുള്ളില്‍ വിവാഹം വേണമെന്നും അനീഷും കുടുംബവും ആവശ്യപ്പെട്ടതിനെ തുടര്‍ന്ന് വിവാഹം നിശ്ചയിക്കുകയായിരുന്നു.
വിവാഹം ഉറപ്പിച്ചതിന് പിന്നാലെ സ്ത്രീധനം ആവശ്യപ്പെട്ട് അനീഷ് യുവതിയെ ഫോണിലൂടെ നിരന്തരം ശല്യപ്പെടുത്തിയിരുന്നു. കൂടുതല്‍ സ്ത്രീധനവും പുതിയ ബൈക്കും വേണമെന്നായിരുന്നു യുവാവിന്റെ ആവശ്യം.
യുവതി മരിച്ച ദിവസവും യുവാവ് ഫോണില്‍ വിളിച്ച് ഇക്കാര്യം ആവശ്യപ്പെട്ടിരുന്നു. സംഭവത്തില്‍ പെണ്‍കുട്ടിയുടെ പിതാവ് കൊല്ലം റൂറല്‍ എസ്പിക്ക് പരാതി നല്‍കിയിരുന്നു പെണ്‍കുട്ടിയുടെ ആത്മഹത്യാക്കുറിപ്പും മൊബൈല്‍ ഫോണും പരിശോധിച്ചതിന് ശേഷമാണ് അനീഷിന് എതിരെ പൂയപ്പള്ളി പൊലീസ് കേസെടുത്തത്. ആത്മഹത്യാ പ്രേരണയ്ക്കാണ് കേസെടുത്തിരിക്കുന്നത്.