അമിത ലഹരിയിൽ ഡ്രൈവിങ് അഭ്യാസം, നിരവധി വാഹനങ്ങളിൽ ഇടിച്ചു; നടിയും കൂട്ടാളിയും ടയർ പൊട്ടി കുടുങ്ങി





അറസ്റ്റിലായ അശ്വതി ബാബു
 

കൊച്ചി; അമിതമായി ലഹരി ഉപയോഗിച്ചശേഷം അപകടകരമായി വാഹനമോടിച്ചു അപകടമുണ്ടാക്കിയതിന് സിനിമാ- സീരിയൽ നടിയും കൂട്ടാളിയും കസ്റ്റഡിയിൽ. അശ്വതി ബാബുവും സുഹൃത്ത് നൗഫലുമാണ് പിടിയിലായത്.

 ചൊവ്വാഴ്ച വൈകിട്ടോടെയാണ് സംഭവുമണ്ടായത്. കുസാറ്റ് ജംഗ്ഷൻ മുതൽ തൃക്കാക്കര ക്ഷേത്രം വരെയുള്ള റോഡിലൂടെ അപകടകരമായി വാഹനമോടിച്ച് നിരവധി വാഹനങ്ങളെ ഇടിച്ചു തെറിപ്പിക്കുകയായിരുന്നു. 

കുസാറ്റ് സിഗ്നലിൽ വാഹനം നിർത്തി മുന്നോട്ടും പിന്നോട്ടും എടുത്ത് അഭ്യാസം കാണിച്ചതോടെയാണ് നാട്ടുകാർ ശ്രദ്ധിച്ചത്. അവിടെനിന്നു വാഹനം എടുത്തപ്പോൾ മുതൽ പല വാഹനങ്ങളിൽ ഇടിച്ചെങ്കിലും നിർത്താതെ പോയി. തുടർന്നാണ് പിന്തുടർന്നു വന്ന ഒരാൾ വാഹനം വട്ടം വച്ചു തടഞ്ഞു നിർത്താൻ ശ്രമിച്ചത്. ഇതിൽ അരിശം പൂണ്ട് റോഡിനു പുറത്തുകൂടി വാഹനം എടുക്കാൻ ശ്രമിക്കുമ്പോൾ ടയർ പൊട്ടുകയായിരുന്നു. ഇതോടെ വാഹനം ഉപേക്ഷിച്ചു രക്ഷപെടാൻ ശ്രമിച്ചു. ഇതിനിടെ നാട്ടുകാർ അറിയിച്ചതിനെ തുടർന്ന് തൃക്കാക്കര പൊലീസ് സ്ഥലത്തെത്തി ഇരുവരെയും കസ്റ്റഡിയിലെടുത്തു.

ആളുകൾ ചുറ്റിലും കൂടിയതോടെ ഒപ്പമുണ്ടായിരുന്ന നടി അശ്വതി ബാബു നൗഫലിനെ സ്ഥലത്തുനിന്നു മാറ്റാൻ ശ്രമിച്ചു. ഇരുവരും അടുത്തുള്ള സ്കൂളിന്റെ ഭാഗത്തേയ്ക്കു പോയെങ്കിലും പൊലീസെത്തി നൗഫലിനെ പിടികൂടി. പിന്നീട് നാട്ടുകാർ നൽകിയ വിവരമനുസരിച്ച് നടത്തിയ അന്വേഷണത്തിൽ നടിയെയും കണ്ടെത്തി. 

ഇതിനു മുൻപ് ലഹരി കേസിൽ അശ്വതി ബാബു അറസ്റ്റിലായിട്ടുണ്ട്. 2018ൽ എംഡിഎംഎ ലഹരി പദാർഥവുമായി ഇരുവരും പൊലീസ് പിടിയിലായിട്ടുണ്ട്. 2016ൽ ദുബായിൽവച്ചും ലഹരി ഉപയോഗിച്ചതിനു പിടിയിലായിട്ടുണ്ട്. തിരുവനന്തപുരം തുമ്പ ആറാട്ടുവഴി സ്വദേശിനിയാണ് അശ്വതി ബാബു.


أحدث أقدم