'ദളിതനായതിനാൽ മാറ്റിനിർത്തി'; യുപി മന്ത്രി രാജിവെച്ചു, യോഗിക്കെതിരെ മറ്റൊരു മന്ത്രിയും


ലഖ്നൗ: ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന് തിരിച്ചടിയായി ദളിത് വിഭാഗത്തിൽ നിന്നുള്ള മന്ത്രിയുടെ രാജി. ജലവിഭവ വകുപ്പ് മന്ത്രി ദിനേഷ് ഖാതിക് ആണ് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായ്ക്ക് രാജിക്കത്ത് അയച്ചത്. ദളിതനായതിനാൽ മാറ്റിനിർത്തുകയാണെന്ന് ചൂണ്ടിക്കാട്ടിയാണ് മന്ത്രി രാജിവെച്ചിരിക്കുന്നത്. മറ്റൊരു മന്ത്രി ജിതിൻ പ്രസാദയും യോഗിയുമായി നീരസത്തിലാണ്. യോഗിക്കെതിരെ പരാതി അറിയിക്കാൻ ജിതിൻ പ്രസാദ അമിത് ഷായെയും ബിജെപി ദേശീയ അധ്യക്ഷൻ ജെ പി നദ്ദയെയും കാണും.

ദളിതനായതിനാലാണ് തനിക്ക് ഒരു പ്രാധാന്യവും നൽകാത്തത്. മന്ത്രി സ്ഥാനം ഉണ്ടെങ്കിലും ഒരു അധികാരവുമില്ല. മന്ത്രിയെന്ന നിലയിലുള്ള തൻ്റെ പ്രവർത്തനത്തിൽ ദളിത് സമുദായത്തിന് ഗുണമില്ല. മന്ത്രിസഭാ യോഗമടക്കം ഒരു യോഗത്തിനും തന്നെ വിളിക്കാറില്ലെന്നും ഇത് ദളിത് സമൂഹത്തെ അപമാനിക്കലാണെന്നും ഖാതിക് രാജിക്കത്തിൽ പറയുന്നു. രാജിയിൽ നിന്ന് പിന്തിരിയാൻ ആവശ്യപ്പെട്ട് പാർട്ടി നേതൃത്വം ഖാതിക്കുമായി ചർച്ച നടത്തുന്നുണ്ട്.

അതേസമയം പൊതുമരാമത്ത് വകുപ്പിലെ ഉദ്യോഗസ്ഥനെ സസ്പെൻഡ് ചെയ്തതാണ് ജിതിൻ പ്രസാദയുടെ രോഷത്തിനു കാരണം. ഉത്തർപ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പിനു മാസങ്ങൾക്കു മുമ്പാണ് ജിതിൻ പ്രസാദ കോൺഗ്രസ് വിട്ട് ബിജെപിയിൽ എത്തിയത്. സുപ്രധാന വകുപ്പ് തന്നെ ജിതിൻ പ്രസാദയ്ക്ക് നൽകിയെങ്കിലും അടുത്തിടെ വകുപ്പിനു അഴിമതി ആരോപണങ്ങൾ നേരിടേണ്ടി വന്നു. തുടർന്ന് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് അന്വേഷണത്തിന് ഉത്തരവിടുകയും നിരവധി ഉദ്യോഗസ്ഥർ കൈക്കൂലി വാങ്ങിയെന്നു കണ്ടെത്തുകയും ചെയ്തിരുന്നു.

പൊതുമരാമത്ത് വകുപ്പിലെ സ്ഥലം മാറ്റത്തിൽ ഗുരുതര ക്രമക്കേട് നടന്നുവെന്നായിരുന്നു കണ്ടെത്തൽ. ഇതേ തുടർന്ന് അഞ്ച് മുതിർന്ന ഉദ്യോഗസ്ഥരെ സസ്പെൻഡ് ചെയ്തു. ഇതിൽ ജിതിൻ പ്രസാദയുടെ സ്പെഷ്യൽ ഡ്യൂട്ടി ഉദ്യോഗസ്ഥനായ അനിൽ കുമാർ പാണ്ഡെയും ഉൾപ്പെട്ടിരുന്നു. ഉദ്യോഗസ്ഥനെതിരെ വിജിലൻസ് അന്വേഷണവും പ്രഖ്യാപിച്ചിട്ടുണ്ട്.

أحدث أقدم